germany

ലോക ചാമ്പ്യന്മാരായ ശേഷം തുടർച്ചയായ രണ്ട് ലോകകപ്പുകളിൽ ആദ്യ റൗണ്ടിൽ പുറത്തായ നാണക്കേടുമായി ജർമ്മനി

ദോഹ : ഈ ലോകകപ്പിലെ ആദ്യ മത്സരത്തിന് മുന്നോടിയായി ടീം ഫോട്ടോയെടുക്കുമ്പോൾ വായ പൊത്തി നിന്ന് പ്രതിഷേധിച്ചാണ് ജർമ്മൻ ടീം ശ്രദ്ധയാകർഷിച്ചത്. ലൈംഗിക ന്യൂനപക്ഷങ്ങൾക്ക് പിന്തുണ നൽകുന്ന മഴവിൽ നിറമുള്ള വൺ ലവ് ആംബാൻഡ് ഖത്തറിൽ ഫിഫ വിലക്കിയതിന് എതിരെയായിരുന്നു അവരുടെ പ്രതിഷേധം. കളിക്കുപുറത്തുള്ള കളിക്കളത്തിലേക്ക് കൊണ്ടുവരുന്നതിൽ ജർമ്മനി ശ്രദ്ധിച്ചപ്പോൾ ആദ്യ എതിരാളികളായ ജപ്പാൻ കിട്ടിയ ഗ്യാപ്പിൽ രണ്ട് ഗോളുകളടിച്ചത് പ്രതിരോധിക്കാനായില്ല. ഫലമോ,ആദ്യ മത്സരത്തിൽ ഞെട്ടിക്കുന്ന തോൽവി.

അതിന്റെ ആഘാതത്തിൽ നിന്ന് രണ്ടാമത്തെ മത്സരത്തിൽ സ്പെയ്നിനെ 1-1ന് സമനിലയിൽ തളച്ചപ്പോൾ അവസാനമത്സരത്തിൽ കോസ്റ്റാറിക്കയെ തോൽപ്പിച്ച് കയറിവരാമെന്ന് സ്വപ്നവും കണ്ടു. പക്ഷേ തങ്ങളെ തോൽപ്പിച്ച ജപ്പാന് സ്പെയ്നിനെയും മറിക്കടക്കാനാവുമെന്ന് കരുതിയില്ല.സംഗതി കോസ്റ്റാറിക്കയെ 4-2ന് കീഴടക്കിയെങ്കിലും ജപ്പാൻ അപ്പുറത്ത് യൂറോപ്പിലെ രണ്ട് വമ്പന്മാരെ വീഴ്ത്തി വിപ്ളവം സൃഷ്‌ടിച്ചപ്പോൾ ജർമ്മനിയുടെ പ്രതീക്ഷകൾ തകർന്നുടഞ്ഞു.ഒടുവിൽ അവർ ആദ്യ മത്സരത്തിലേതുപോലെ മുഖം പൊത്തി ഖത്തർ വിടുന്നു.

കോസ്റ്റാറിക്ക കൊതിപ്പിച്ചു കടന്നു

സ്കോർ ലൈൻ സൂചിപ്പിക്കുന്നതുപോലെ ആധികാരികമായിരുന്നില്ല കോസ്റ്റാറിക്കയ്ക്ക് എതിരെ ജർമ്മനിയുടെ ജയം. മറ്റൊരു അട്ടിമറി നടക്കുമെന്ന് കൊതിപ്പിച്ചശേഷമാണ് കോസ്റ്റാറിക്ക പുറത്തായത്. പത്താംമിനിട്ടിൽ ആദ്യ ഗോളടിച്ച ജർമ്മനിക്കെതിരെ രണ്ടാം പകുതിയിൽ രണ്ട് ഗോൾ നേടി ലീഡ് ചെയ്ത ശേഷമാണ് കോസ്റ്റാറിക്ക പുറത്തായത്. ഇതിലൊന്ന് ന്യൂയറിന്റെ സെൽഫ് ഗോളായിരുന്നു. അവസാന 20 മിനിട്ടിനിടെ മൂന്നുഗോളുകൾ വഴങ്ങിയതാണ് കോസ്റ്റാറിക്കയ്ക്ക് വിനയായത്.

ഗോളുകൾ ഇങ്ങനെ

1-0

10-ാം മിനിട്ട്

സെർജി ഗ്നാബ്രി

മുസൈലയും റാവുമും ചേർന്ന് ഒരുക്കിയ നീക്കത്തിൽ നിന്നാണ് ഗ്നാബ്രി ജർമ്മനിയുടെആദ്യ ഗോൾ നേടിയത്.

1-1

58-ാം മിനിട്ട്

യെൽസിൻ തനേജ

വാസ്റ്റന്റെ ഹെഡർ ഗോളി ന്യൂയർ ദുർബലമായി തട്ടിയകറ്റിയത് പിടിച്ചെടുത്താണ് തനേജ ഗോളാക്കിയത്.

1-2

70-ാം മിനിട്ട്

ന്യൂയർ (സെൽഫ് )

വർഗാസിന്റെ ഒരു ഷോട്ട് ന്യൂയറുടെ കാലിൽ തട്ടി അകത്തേക്കുകയറുകയായിരുന്നു.

2-2

73-ാം മിനിട്ട്

കെയ് ഹാവെർട്സ്

നിക്ക് ഫുൾക്രുഗിന്റെ പാസിൽ നിന്ന് ഹാവേർട്സ് കളി സമനിലയിലാക്കുന്നു.

3-2

85-ാം മിനിട്ട്

കെയ് ഹാവെർട്സ്

നിരവധി അവസരങ്ങൾ പാഴാക്കിയ ഗ്നാബ്രി നൽകിയ പാസിൽ നിന്ന് ഹാവെർട്സ് ജർമ്മനിയെ വീണ്ടും മുന്നിലെത്തിക്കുന്നു.

4-2

89-ാം മിനിട്ട്

ഫുൾക്രുഗ്

നാലുമിനിട്ടിന് ശേഷം ലിറോയ് സാനേ നൽകിയ പാസിൽ നിന്ന് ഫുൾക്രുഗ് ജർമ്മനിയുടെ നാലാം ഗോളും നേ‌ടുന്നു.

2014

ന് മുമ്പ് കളിച്ച 16 ലോകകപ്പുകളിലും ജർമ്മനിക്ക് കുറഞ്ഞത് ഗ്രൂപ്പ് റൗണ്ടെങ്കിലും കടക്കാൻ കഴിഞ്ഞിരുന്നു. 2014 ൽ അർജന്റീനയെ ഫൈനലിൽ കരയിച്ച് കിരീടം നേടിയ ജർമ്മനി 2018ൽ ഗ്രൂപ്പ് റൗണ്ടിൽ സൗത്ത് കൊറിയയോടും മെക്സിക്കോയോടും തോറ്റ് പുറത്താവുകയായിരുന്നു.