business

ഭുവനേശ്വർ: തിരുവന്തപുരത്തെ എയർപോർട്ടിന്റെ നടത്തിപ്പിന്റെ പേരിലും വിഴിഞ്ഞം തുറമുഖത്തിന്റെ പേരിലും ലോകത്തെ അതിസമ്പന്ന വ്യവസായികളിലൊരാളായ ഗൗതം അദാനിയ്‌ക്ക് സംസ്ഥാനത്ത് വലിയ തലവേദനയാണ് ഉണ്ടായത്. എന്നാൽ രാജ്യത്ത് മറ്റൊരു സംസ്ഥാനത്ത് അദ്ദേഹത്തിന്റെ അദാനി ഗ്രൂപ്പിന് പതിനായിരക്കണക്കിന് കോടിരൂപയുടെ നിക്ഷേപം നടത്താനുള‌ള സൗഹൃദാന്തരീക്ഷമാണ് ഉണ്ടായിരിക്കുന്നത്. ഒഡീഷയിലാണ് അദാനിയടക്കം രാജ്യത്തെ വമ്പൻ കമ്പനികൾ വലിയ നിക്ഷേപങ്ങൾക്ക് ഒരുങ്ങുന്നത്.

ഒഡിഷ സർക്കാർ ഒരുക്കുന്ന മേക്ക് ഇൻ ഒഡീഷ 2022 കോൺക്ളേവിൽ അദാനി, ടാറ്റ സ്‌റ്റീൽ, എസ്സാർ ഗ്രൂപ്പ്, ജെഎസ്‌ഡബ്ളു എന്നിങ്ങനെ വിവിധ കമ്പനികൾ കോടിക്കണക്കിന് നിക്ഷേപമാണ് വാഗ്ദാനം ചെയ്‌തിരിക്കുന്നത്. ഈ കമ്പനികളുടെ പ്രതിനിധികളും 11 രാജ്യങ്ങളിലെ പ്രതിനിധികളുമടക്കം കോൺക്ളേവിൽ പങ്കെടുക്കും.

145 നിക്ഷേപ വാഗ്ദാനങ്ങളാണ് ഒഡീഷയ്‌ക്ക് ലഭിച്ചിരിക്കുന്നത്. മൊത്തം 7.26 ലക്ഷം കോടിയുടേത്. ഇവ നടപ്പായാൽ 3.20 ലക്ഷം പേർക്കാണ് നേരിട്ട് ജോലി ലഭിക്കുക. കോർപറേറ്റ് ഭീമന്മാരായ എൽഎൻ മിത്തൽ, അനിൽ അഗ‌ർവാൾ, സജ്ജൻ ജിൻഡാൽ, ടി വി നരേന്ദ്രൻ, നവീൻ ജിൻഡാൽ, കരൺ അദാനി, പ്രവീൺ സിൻഹ എന്നിവരെല്ലാം കോൺക്ളേവിൽ പങ്കെടുക്കും.

7.39 ബില്യൺ ഡോളർ (ഏകദേശം 60,000 കോടി രൂപ) നിക്ഷേപത്തിനാണ് അദാനി ഗ്രൂപ്പ് തയ്യാറാകുന്നത്. വരുന്ന പത്ത് വർഷത്തിനകമാകും ഇത്രവലിയ നിക്ഷേപം നടത്തുക. പതിനായിരക്കണക്കിന് പേർക്ക് നേരിട്ടും അല്ലാതെയും ഒഡീഷയിൽ ജോലി ലഭിക്കുമെന്ന് അദാനി പോർട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ കരൺ അദാനി പ്രതികരിച്ചു.

ഒരുലക്ഷം കോടിയ്‌ക്കാണ് ജെഎസ്‌ഡബ്ളു ഉദ്ദേശിക്കുന്നത്. എന്നാൽ ഇന്ത്യയിൽ സ്‌റ്റീൽ നിർമ്മാണത്തിൽ 25 ശതമാനത്തോളം കൈയാളുന്ന ടാറ്റ 75,000 കോടിയുടെ നിക്ഷേപമാണ് ഉദ്ദേശിക്കുന്നത്. അഞ്ച് വർഷത്തിനകമാണ് ഇത്.

നിപ്പോൺ സ്‌റ്റീലുമായി ചേ‌ർന്ന് മിത്തൽ ഉദ്ദേശിക്കുന്നത് 24 മില്യൺ ടൺ സ്‌റ്റീൽ ഉൽപാദനമാണ്. ഝർസുഗുഡ അലുമിനിയം പാർക്കിനായി 25000 കോടിയും അതല്ലാതെ 80000 കോടിയും നിക്ഷേപിക്കാനാണ് വേദാന്ത ലിമി‌റ്റഡ് ഉദ്ദേശിക്കുന്നത്.വിവിധ പ്രോജക്‌ടുകളിലായി ഒഡീഷയിൽ 52,​000 കോടി നിക്ഷേപത്തിനാണ് എസ്സാർ ക്യാപി‌റ്റൽ ഉദ്ദേശിക്കുന്നത്.