harikesh-kumar-dubey

ന്യൂഡൽഹി: ട്രെയിൻ യാത്രയ്ക്കിടെ ഇരുമ്പ് കമ്പി കഴുത്തിൽ തുളച്ചുകയറി യുവാവിന് ദാരുണാന്ത്യം. ബിഹാറിലെ ദൻവറിനും ഉത്തർപ്രദേശിലെ സോമ്നയ്ക്കും മദ്ധ്യത്തായി ഇന്നുരാവിലെ ഒൻപത് മണിയോടെയായിരുന്നു സംഭവം. ഡൽഹിയിൽ നിന്ന് ഉത്തർപ്രദേശിലെ കാൺപൂരിലേയ്ക്ക് പോവുകയായിരുന്ന നിളനാചൽ എക്‌സ്‌‌പ്രസ് ട്രെയിനിലായിരുന്നു ഞെട്ടിക്കുന്ന സംഭവം നടന്നത്.

ഹരികേശ് കുമാർ ദുബെ എന്ന യാത്രക്കാരനാണ് മരിച്ചത്. ജനാല കമ്പികൾക്ക് ഇടയിലൂടെ പാഞ്ഞെത്തിയ ഇരുമ്പ് കമ്പി യുവാവിന്റെ കഴുത്തിൽ തുളച്ചുകയറുകയും ഉടൻ തന്നെ മരണം സംഭവിക്കുകയുമായിരുന്നു. ട്രാക്കിലെ പണികൾക്കായി ഉപയോഗിക്കുന്ന ഇരുമ്പ് കമ്പിയാണ് ജനാല തകർത്ത് അകത്തേയ്ക്ക് കടന്നത്. സംഭവത്തിന് പിന്നാലെ അലിഗഡ് ജംഗ്‌ഷനിൽ ട്രെയിൻ നിർത്തി യുവാവിന്റെ മൃതദേഹം റെയിൽവേ പൊലീസിന് കൈമാറിയതായി ഇന്ത്യൻ റെയിൽവേ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണെന്നും റെയിൽവേ ഉദ്യോഗസ്ഥർ അറിയിച്ചു.