vikram

ഏറെ പ്രതീക്ഷകളോടെ ടൊയോട്ട കിർലോസ്‌കർ അവതരിപ്പിക്കുന്ന ഇന്നോവ ഹൈക്രോസിനെ നവംബർ 25നാണ് കമ്പനി ഇന്ത്യൻ വിപണിക്ക് പരിചയപ്പെടുത്തിയത്. ചടങ്ങിൽ സജീവസാന്നിദ്ധ്യമായിരുന്ന ടൊയോട്ട കിർലോസ്‌കർ വൈസ് ചെയർമാൻ വിക്രം കിർലോസ്‌കർ പങ്കുവഹിച്ചത് ടൊയോട്ട നടപ്പുവർഷവും അടുത്തവർഷവും പ്രതീക്ഷിക്കുന്ന നേട്ടങ്ങളുടെ വൻകുതിച്ചുചാട്ടത്തെ കുറിച്ചായിരുന്നു.

എന്നാൽ, ചടങ്ങിന് അഞ്ചുനാൾക്കിപ്പുറം നവംബർ 30ന് അദ്ദേഹം അപ്രതീക്ഷിതമായി വിടവാങ്ങി. ഹൃദയാഘാതത്തെ തുടർന്നായിരുന്നു 64കാരനായ വിക്രമിന്റെ അന്ത്യം. ലോകത്തെ ഏറ്റവും വലിയ വാഹന നിർമ്മാണക്കമ്പനിയും ജാപ്പനീസ് ബ്രാൻഡുമായ ടൊയോട്ടയെ ഇന്ത്യയിലെത്തിച്ചത് വിക്രമാണ്.

1888ൽ ലക്ഷ്‌മൺറാവു കിർലോസ്‌കർ സ്ഥാപിച്ച കിർലോസ്‌കർ ഗ്രൂപ്പിലെ

നാലാംതലമുറക്കാരനാണ് വിക്രം. 1958ലാണ് വിക്രമിന്റെ ജനനം. ഊട്ടിയിലെ പ്രശസ്‌തമായ ലോറൻസ് സ്കൂളിലെ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം അമേരിക്കയിലെ മാസച്യുസെറ്റ്‌സ് ഇൻസ്‌റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജിയിൽ (എം.ഐ.ടി)​ നിന്ന് മെക്കാനിക്കൽ എൻജിനിയറിംഗ് ബിരുദം നേടി.

എൻജിനിയറിംഗ് പഠനം കുടുംബ ബിസിനസിലെ അദ്ദേഹത്തിന്റെ പ്രവർത്തനത്തെ ഏറെ സഹായിച്ചു. 1990കളിൽ അദ്ദേഹത്തിന്റെ ഇടപെടലുകളിലൂടെയാണ് ടൊയോട്ട ഇന്ത്യയിലെത്തിയത്. തുടക്കത്തിൽ ടെക്‌സ്‌റ്റൈൽ മെഷീനറികളുടെ നിർമ്മാണത്തിലായിരുന്നു സഹകരണം. 1997ൽ ടൊയോട്ട കിർലോസ്കർ മോട്ടോർ (ടി.കെ.എം)​ എന്ന സംയുക്തകമ്പനി പിറന്നു.

ക്വാളിസിൽ തുടങ്ങിയ കുതിപ്പ്

ടി.കെ.എമ്മിൽ 89 ശതമാനം ഓഹരികളും ടൊയോട്ടയുടെ സ്വന്തമാണ്; 11 ശതമാനം കിർലോസ്‌കർ ഗ്രൂപ്പിനും. 2000ൽ ക്വാളിസ് അവതരിപ്പിച്ചാണ് ടൊയോട്ട ഇന്ത്യൻ മണ്ണിൽ തേരോട്ടം തുടങ്ങിയത്.

വിവിധോദ്ദേശ്യ ശ്രേണിയിൽ (എം.പിവി) ​ഇന്നോവയും എത്തിയതോടെ എതിരാളികളെപ്പോലും കാഴ്ചക്കാരാക്കി ടൊയോട്ട കുതിച്ചു. 27 വർഷങ്ങൾക്കിപ്പുറവും ടി.കെ.എം കൂടുതൽ ഉറപ്പോടെ നിലകൊള്ളുന്നു. കൊറോള,​ ഓൾട്ടിസ്,​ കാംറി,​ ഫോർച്യൂണർ,​ ഇന്നോവ ക്രിസ്‌റ്റ തുടങ്ങി നിരവധി മോഡലുകളും കൂട്ടുകെട്ടിൽ പിറന്ന് വൻ ഹിറ്റായി.

വ്യവസായ മുന്നേറ്റം

ഇന്ത്യയുടെ വ്യാവസായിക മുന്നേറ്റത്തിൽ മുഖ്യപങ്കുവഹിച്ച സ്ഥാപനങ്ങളിലൊന്നാണ് ടൊയോട്ട കിർലോസ്കർ. വസ്‌ത്രനിർമ്മാണ മെഷീൻ,​ പമ്പ് സെറ്റുകൾ,​ ട്രാക്‌ടറുകൾ തുടങ്ങിയവയിൽ ശ്രദ്ധകേന്ദ്രീകരിച്ചിരുന്ന കിർലോസ്‌കർ ഗ്രൂപ്പാണ് പിന്നീട് ടൊയോട്ടയുമായി കൈകോർത്ത് വാഹന നിർമ്മാണരംഗത്തും ശ്രദ്ധേയചുവടുകൾ വച്ചത്. ടൊയോട്ടയുടെ ബംഗളൂരു ബിഡദിയിലെ പ്ലാന്റ് ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിർമ്മാണശാലകളിലൊന്നാണ്.

ഹൈക്രോസ് എത്തുംമുമ്പേ...

കോൺഫെഡറേഷൻ ഒഫ് ഇന്ത്യൻ ഇൻഡസ്‌ട്രി (സി.ഐ.ഐ) ചെയർമാൻ​,​ വാഹന സൊസൈറ്റി ഒഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്‌ചറേഴ്‌സ് (സിയാം) പ്രസിഡന്റ്​,​ ഓട്ടോമോട്ടീവ് റിസർച്ച് അസോസിയേഷൻ ഒഫ് ഇന്ത്യ (എ.ആർ.എ.ഐ)​ പ്രസിഡന്റ് എന്നീ നിലകളിലും വിക്രം പ്രവർത്തിച്ചിട്ടുണ്ട്.

നടപ്പുവർഷം 1.50-1.60 ലക്ഷം വാഹനയൂണിറ്റുകളുടെ ഉത്‌പാദനമെന്ന നേട്ടം ടി.കെ.എം കൊയ്യുമെന്ന് ഹൈക്രോസിന്റെ അവതരണച്ചടങ്ങിൽ വിക്രം വ്യക്തമാക്കിയിരുന്നു. 2023-24ഓടെ ഉത്‌പാദനം മൂന്നുലക്ഷം കവിയുമെന്ന പ്രതീക്ഷയും ഹൈക്രോസിനെ വിപണിക്ക് പരിചയപ്പെടുത്തിക്കൊണ്ട് അദ്ദേഹം പ്രകടിപ്പിച്ചു.

ഇന്നോവയുടെ ഏറ്റവും പുത്തൻ ഹൈബ്രിഡ് പതിപ്പായ ഹൈക്രോസ് ജനുവരിയിലാണ് വില്പനയ്ക്കെത്തുക. ഹൈക്രോസിന്റെ വിപണിപ്രവേശനത്തിന് കാത്തുനിൽക്കാതെ പക്ഷേ,​ വിക്രം വിടവാങ്ങി.