
തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിൽ നിർണായക വഴിത്തിരിവ്. സംഭവത്തിലെ മുഖ്യസാക്ഷി പ്രശാന്ത് മൊഴിമാറ്റി. സഹോദരൻ പ്രകാശാണ് ആശ്രമം കത്തിച്ചതെന്നായിരുന്നു പ്രശാന്തിന്റെ മൊഴി. ക്രൈം ബ്രാഞ്ച് ഭീഷണിപ്പെടുത്തി സഹോദരനെതിരെ പറയിപ്പിക്കുകയായിരുന്നു എന്നാണ് മജിസ്ട്രേറ്റിന് നൽകിയ രഹസ്യമൊഴിയിൽ പ്രശാന്ത് പറഞ്ഞത്. അഡിഷണൽ മജിസ്ട്രേറ്റിന് മുന്നിലാണ് രഹസ്യ മൊഴിനൽകിയത്. അതേസമയം, മൊഴിമാറ്റാനിടയായ സാഹചര്യം അറിയില്ലെന്ന് ക്രൈം ബ്രാഞ്ച് വ്യക്തമാക്കി.
ആശ്രമത്തിന് തീയിട്ടത് സ്ഥലവാസിയായ ആർ എസ് എസ് പ്രവർത്തകൻ പ്രകാശും കൂട്ടുകാരും ചേർന്നാണെന്നായിരുന്നു പ്രശാന്തിന്റെ വെളിപ്പെടുത്തൽ. പ്രകാശിന്റെ സഹോദരനായ പ്രശാന്ത് ഒരു സ്വകാര്യ ചാനലിനോടായിരുന്നു ഇക്കാര്യം വെളിപ്പെടുത്തിയത്. ഈ വർഷം ജനുവരിയിൽ പ്രകാശ് ജീവനൊടുക്കിയിരുന്നു. പ്രകാശൻ മരിക്കുന്നതിന് കുറച്ചുദിവസങ്ങൾക്ക് മുമ്പാണ് ഇക്കാര്യം തന്നോട് വെളിപ്പെടുത്തിയതെന്നാണ് പ്രശാന്ത് പറഞ്ഞത്. ആത്മഹത്യ ചെയ്യുന്നതിന് തലേദിവസങ്ങളിൽ അനിയനെ ഒപ്പമുള്ളവർ മർദ്ദിച്ചിരുന്നു. കൊച്ചുകുമാർ, വലിയ കുമാർ, രാജേഷ് എന്നീ ആർ എസ് എസ് പ്രവർത്തകരാണ് അനിയനൊപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കൾ. ഇവർ തന്നെയാവും ഈ കൃത്യം ചെയ്തത് എന്നാണ് സംശയിക്കുന്നതെന്നുമായിരുന്നു പ്രശാന്തിന്റെ വെളിപ്പെടുത്തൽ.
2018 ഒക്ടോബർ 27ന് പുലർച്ചെയാണ് കുണ്ടമൺകടവിലെ ആശ്രമത്തിന് തീപിടിച്ചത്. മൂന്ന് വാഹനങ്ങളും കത്തിനശിച്ചിരുന്നു. തീയിട്ടവർ ഷിബു സ്വാമിക്ക് ആദരാഞ്ജലികൾ എന്നെഴുതിയ റീത്ത് വച്ചിരുന്നു. പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ ആശ്രമത്തിലെത്തുകയും അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു. തുടർന്നാണ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. ലോക്കൽ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് ആറു മാസത്തോളം കമ്മിഷണറുടെ സംഘവും അന്വേഷിച്ചു. തുമ്പില്ലാതെ വന്നപ്പോഴാണ് ക്രൈംബ്രാഞ്ചിന് വിട്ടത്. അന്നത്തെ ക്രൈംബ്രാഞ്ച് മേധാവി ടോമിൻ തച്ചങ്കരി നേരിട്ടെത്തി അന്വേഷിച്ചിരുന്നു. പിന്നീട് എസ്. ശ്രീജിത്ത് മേധാവി ആയപ്പോഴും അന്വേഷണ പുരോഗതി വിലയിരുത്തി നിർദേശങ്ങൾ നൽകിയിരുന്നു.
ഫോറൻസിക് തെളിവുകളിൽ പെട്രോൾ ഒഴിച്ച് കത്തിച്ചതാണെന്നല്ലാതെ എവിടെയാണ് തീ കത്തി തുടങ്ങിയതെന്നോ ആരാണ് പിന്നിലെന്നോ വ്യക്തമായിരുന്നില്ല. ആശ്രമത്തിലെ സിസി ടിവി കാമറകൾ തകരാറിലായതും തെളിവുകൾ കിട്ടാൻ തടസമായി. സംഭവത്തിന് ഒരാഴ്ച മുമ്പ് ആശ്രമത്തിലേക്ക് മാർച്ച് നടത്തിയവരെ ഉൾപ്പെടെ പൊലീസ് നിരീക്ഷണത്തിലാക്കിയെങ്കിലും ഫലമുണ്ടായിരുന്നില്ല. പ്രദേശത്തെ മറ്റ് സിസി ടിവി ക്യാമറകളിൽ നിന്നോ ഫോൺ കോളുകളിൽ നിന്നോ സൂചനകളൊന്നും ലഭിച്ചിരുന്നില്ല. ഇതിനിടെ കേസിൽ അന്വേഷണം അവസാനിപ്പിച്ച് കോടതിയിൽ റിപ്പോർട്ട് നൽകാൻ ക്രൈംബ്രാഞ്ച് നീക്കം നടത്തുന്നു എന്ന റിപ്പോർട്ടും പുറത്തുവന്നിരുന്നു. ഇതിനിടെയാണ് നിർണായക വെളിപ്പെടുത്തലുണ്ടായത്.