electric-vehicle

ഇലക്‌ട്രിക് വാഹനങ്ങൾക്ക് ലോകമെമ്പാടും സ്വീകാര്യത ഏറി വരികയാണ്. ഇന്ധനച്ചെലവ് എന്ന ഘടകം മാത്രമല്ല ആളുകളെ ഇ-വാഹനങ്ങളിലേക്ക് ആകർഷിക്കുന്നത്. പരിസരമലിനീകരണം ഒഴിവാക്കാം എന്ന സാമൂഹിക പ്രതിബദ്ധത കൂടിയുണ്ടതിൽ. ബാറ്ററിയുടെ വിലയാണ് വൈദ്യുതി വാഹനങ്ങളുടെ പ്രതികൂലഘടകമെങ്കിലും സബ്‌സിഡികൾ നൽകി സർക്കാർ പിന്തുണ നൽകുന്നുമുണ്ട്.

കേരളത്തിൽ ഇലക്ട്രിക് വാഹന വിൽപനയിൽ ഒരു വർഷം കൊണ്ട് 300% ത്തിലേറെ വർദ്ധനവാണ് ഉണ്ടായത്. 2021ൽ ആകെ 8700 ഇലക്ട്രിക് വാഹനങ്ങളാണ് കേരളത്തിൽ രജിസ്റ്റർ ചെയ്‌തതെങ്കിൽ ഇന്നലെ മോട്ടോർ വാഹനവകുപ്പിന്റെ കണക്കിൽ ഇത് 31,227 വാഹനങ്ങളായി. ഇലക്ട്രിക് വാഹനങ്ങൾ രംഗത്തുവന്ന 2017ൽ കേരളത്തിൽ 75 വാഹനങ്ങളായിരുന്നു ആകെ ഉണ്ടായിരുന്നത്. 2021ൽ രാജ്യത്താകെ ഇലക്ട്രിക് വാഹനങ്ങൾ 90,102 ആയിരുന്നത് ഇപ്പോൾ 3,90,429 എണ്ണമായി വർദ്ധിച്ചിട്ടുണ്ട്.

ഇലക്‌ട്രിക് വാഹനപ്രേമികൾക്ക് വലിയൊരു സന്തോഷവാർത്തയാണ് വരാൻ പോകുന്നത്. പ്രത്യേകിച്ച് റീച്ചാർജ് ആവശ്യമില്ലാതെ ഓടുന്ന മുറയ‌്ക്ക് റീച്ചാർജ് ആകുന്ന കിടിലൻ ഒരു വൈദ്യുതി കാർ പുറത്തിറക്കാൻ ഒരുങ്ങുകയാണ് ഡച്ച് സ്‌റ്റാർട്ട് അപ്പ് കമ്പനിയായ ദി ലൈറ്റ്‌ഇയർ സീറോ. 50 സ്‌ക്വയർ ഫീറ്റ് സോളാർ പാനൽ ഘടിപ്പിച്ച കാർ ആണ് കമ്പനി പുറത്തിറക്കുന്നത്. ദിവസം 69 കിലോമീറ്റർ ഓടാനുള്ള ചാർജ് ഉൽപാദിപ്പിക്കാൻ വാഹനത്തിന് കഴിയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഒരിക്കൽ ചാർജ് ആയാൽ ഒരു മാസം വരെ അത് നിലനിൽക്കുമത്രേ. വാഹനം ഉടൻ തന്നെ ഉപഭോക്താക്കളിലേക്ക് എത്തിക്കാനാണ് ശ്രമമെന്ന് അധികൃതർ അറിയിച്ചു.