kochupreman

വർഷങ്ങൾ ഒരുപാട് കഴിഞ്ഞെങ്കിലും തിളക്കത്തിലെ വെളിച്ചപ്പാടിനെയും പട്ടാഭിഷേകത്തിലെ ബാങ്ക് മാനേജറെയും ഇരട്ടക്കുട്ടികളുടെ അച്ഛനിലെ നായകന്റെ അവിവാഹിതനായ അയൽവാസിയേയും കല്യാണരാമനിലെ കാര്യസ്ഥനെയും ഓർക്കാത്ത മലയാളികളുണ്ടാകില്ല. അത്രമേൽ മനോഹരമായിട്ടാണ് പ്രേം കുമാർ എന്ന കൊച്ചുപ്രേമൻ ഓരോ കഥാപാത്രങ്ങളെയും അവിസ്‌മരണീയമാക്കിയത്.

kochupreman

1979ൽ പുറത്തിറങ്ങിയ ' ഏഴ് നിറങ്ങൾ' എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ അദ്ദേഹം നാല് പതിറ്റാണ്ടോളം നീണ്ട അഭിനയ ജീവിതത്തിനിടെ ഇരനൂറ്റിയൻപതിലധികം സിനിമകളിൽ അഭിനയിച്ചു. തിളക്കം, ഗുരു, ഇരട്ടക്കുട്ടികളുടെ അച്ഛൻ, തെങ്കാശിപ്പട്ടണം, പട്ടാഭിഷേകം, ഛോട്ടാ മുംബൈ, ലീല, ഓർഡിനറി, മായാമോഹിനി, പാപ്പീ അപ്പച്ചാ, കല്യാണരാമൻ, പ്രീസ്റ്റ് തുടങ്ങി അദ്ദേഹത്തിന്റെ നിരവധി ചിത്രങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. രാജസേനൻ ചിത്രം ദില്ലിവാല രാജകുമാരനിലൂടെയാണ് അദ്ദേഹം മലയാള സിനിമയിൽ സ്ഥാനമുറപ്പിച്ചത്.

അഭിനയിച്ചതിൽ തൊണ്ണൂറ് ശതമാനത്തോളം ചിത്രങ്ങളിലും ഹാസ്യവേഷങ്ങളായിരുന്നെങ്കിലും, ആവർത്തന വിരസത ഒട്ടും തോന്നാത്ത രീതിയിൽ ഓരോ കഥാപാത്രത്തെയും അത്രത്തോളം തൻമയത്വത്തോടെ അവതരിപ്പിക്കാൻ സാധിക്കുന്ന താരമായിരുന്നു കൊച്ചുപ്രേമൻ. സിനിമയിൽ ഒന്നോ രണ്ടോ സീനുകൾ മാത്രമേയുള്ളൂവെങ്കിൽപ്പോലും, ചിരിയിലൂടെയും, സംഭാഷണ ശൈലിയിലൂടെയും, ഭാവങ്ങളിലൂടെയും പ്രേക്ഷകന്റെ ശ്രദ്ധ ആകർഷിക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു.


അഭിനയിച്ച കഥാപാത്രങ്ങൾ മാത്രമല്ല, 'മച്ചമ്പീ', 'ഈ പട്ടിയെന്ന് പറഞ്ഞാൽ പിശാചല്ലിയോ, വെളിച്ചപ്പാട് ഭഗവതിയല്ലിയോ' തുടങ്ങിയ പല ഡയലോഗുകളും മലയാളികൾക്ക് മനപാഠമാണ്. ഹാസ്യവേഷം മാത്രമല്ല സീരിയസ് വേഷങ്ങളും കിട്ടുന്ന എല്ലാ വേഷങ്ങളും ഗംഭീരമാക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. അതിന് ഉത്തമ ഉദാഹരമാണ് 1997-ൽ പുറത്തിറങ്ങിയ ഗുരു എന്ന ചിത്രത്തിലെ അഭിനയം.

kochupreman

എവിടെപ്പോയാലും ആളുകൾ എന്നെ തിരിച്ചറിയുകയും സ്‌നേഹിക്കുകയും ചെയ്യുന്നതാണ് കലാകാരൻ എന്ന നിലയിൽ തനിക്ക് ലഭിക്കുന്ന ഏറ്റവും വലിയ അംഗീകാരമെന്നായിരുന്നു അദ്ദേഹം പറയാറ്. നിരവധി ടെലിവിഷൻ സീരിയലുകളിൽ വേഷമിട്ട കൊച്ചുപ്രേമൻ നിരവധി നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്.നടി കൂടിയായ ഗിരിജ പ്രേമനാണ് ഭാര്യ. ഹരികൃഷ്ണൻ ഏകമകനാണ്.