
നമ്മുടെ ഞരമ്പുകളിൽ ഒഴുകുന്നു മഷിയും തീയും" എന്നാണ് നാളെ ആരംഭിക്കുന്ന അഞ്ചാമത് കൊച്ചി- മുസ്സിരിസ് ബിനാലെയ്ക്ക് ക്യൂറേറ്റർ ഷുബിഗി റാവു നൽകിയിരിക്കുന്ന തലക്കെട്ട്. ബിനാലെയിൽ അവതരിപ്പിക്കപ്പെടുന്ന കലാസൃഷ്ടികളുടെ പൊതുസൗന്ദര്യസങ്കൽപ്പത്തിലേക്കു വിരൽചൂണ്ടുന്നു തലക്കെട്ട്. സിംഗപ്പൂരിൽ ജീവിക്കുന്ന ഷുബിഗിറാവു ഇന്ത്യൻ പൈതൃകമുള്ള അന്തർദ്ദേശീയ തലത്തിൽ അറിയപ്പെടുന്ന സമകാലിക കലാകാരിയാണ്; എഴുത്തുകാരിയാണ്.ഡിസംബർ 12ന് വൈകിട്ട് 6 മണിക്ക് ഫോർട്ടുകൊച്ചി പരേഡ് ഗ്രൗണ്ടിലെ വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്ന ബിനാലെ പ്രദർശനം 2023 ഏപ്രിൽ 10 വരെ നീളും. 35ൽപരം രാജ്യങ്ങളിൽ നിന്നുള്ള 90 ആർട്ടിസ്റ്റുകളുടെ 84 കലാസൃഷ്ടികൾ അവതരിപ്പിക്കപ്പെടുന്നു ഇത്തവണത്തെ ബിനാലെയിൽ. അങ്ങകലെ പെറുവിൽ നിന്നും ഇന്ത്യയുടെ തൊട്ടരികിലെ ബംഗ്ലാദേശിൽനിന്നും വരെ ആർട്ടിസ്റ്റുകളുടെ സൃഷ്ടികൾ ബിനാലെയിലെത്തുന്നു.13 വേദികളിലായി നടക്കുന്ന പ്രദർശനം കാണാൻ മുതിർന്നവർക്ക് 150 രൂപയും വിദ്യാർത്ഥികൾക്ക് 50 രൂപയുമാണ് ടിക്കറ്റ് നിരക്ക് .രാവിലെ 10 മുതൽ വൈകുന്നേരം 6 മണിവരെയാണ് പ്രവേശനം.
ഇൻകാ സംസ്ക്കാരത്തിന്റെ പൈതൃകഭൂമിയായ പെറുവിൽ നിന്നു കൊച്ചിയിൽ വരുന്ന ആർട്ടിസ്റ്റുകളാണ് സീമേന ഗാരിഡോ ലെക്കായും ക്ലോഡിയ മാർട്ടിനസ് ഗാരെയും. ജോയ്ദേബ് റോജയും ഷെയ്ഖ് സാബിർ ആലമും ബംഗ്ലാദേശ് ആർടിസ്റ്റുകൾ. ഈ ആർട്ടിസ്റ്റുകളുടെ ബിനാലെയിലെ സാന്നിദ്ധ്യം വ്യക്തമാക്കുന്നത് ആർട്ടിസ്റ്റുകളുടെ തിരഞ്ഞെടുപ്പിൽ ക്യുറേറ്റർ പുലർത്തിയിരിക്കുന്ന നിലപാടാണ്. പെറുവും ബംഗ്ലാദേശും ധനികരാജ്യങ്ങളല്ലെന്നത് ശ്രദ്ധേയം. എന്നാൽ, കലയുടെ ലോകപ്പരപ്പ് കൊച്ചിയിൽ കൊണ്ടുവരാനുള്ള ശ്രമവും ഇതിൽ കാണാം.
ആർട്ടിസ്റ്റുകളുടെ നിരയിൽ ചിലിയിൽ നിന്നുള്ള സിസിലിയ വിക്യുനയുടെ സാന്നിദ്ധ്യം ലോക കലാസ്വാദകരെ സന്തോഷിപ്പിക്കുന്നു. ലോകത്തെ എല്ലാ ബിനാലെകളുടെയും അമ്മയായ വെനീസ് ബിനാലെയിൽ ഇത്തവണ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് ' ഗോൾഡൻ ലയൺസ് "നേടിയ ആർട്ടിസ്റ്റാണ് സിസിലിയ വിക്യുന.സമകാലിക ലോകകലയിൽ ഏറ്റവും ശ്രദ്ധേയരായവരുടെ നിരയിലുള്ള സൗത്ത് ആഫ്രിക്കയിലെ വില്യം കെന്റ്റിഡ്ജ്, ഓസ്ട്രേലിയയിലെ ആദിതാമസക്കാർക്കിടയിലെ റിച്ചാർഡ് ബെൽ എന്നിവർ അവരുടെ കല പ്രദർശിപ്പിക്കാനെത്തുന്നതും ലോകകലയുടെ കണ്ണ് കൊച്ചി-മുസ്സിരിസ് ബിനാലെയുടെ മേൽ പതിപ്പിക്കുന്നു.
ലോകകലാചരിത്രത്തിൽ സ്വന്തം വഴി തുറന്ന ജോവാൻ ജോനാസിനെപ്പോലുള്ള ആർട്ടിസ്റ്റുകളും കൊച്ചിയിലെത്തുന്നത് ബിനാലെയ്ക്കു മൂല്യമേറ്റുന്നു.
1970കളിൽലോകം അറിയുന്ന ആർട്ടിസ്റ്റായി ഉയർന്നുവന്ന ജോവാൻ ജോനാസിന്റെ സൃഷ്ടികളിലാണ് ആദ്യമായി ദൃശ്യകലയിൽ വീഡിയോ കടന്നുവന്നത്. പെർഫോമൻസ് ആർട്ടിന്റെ ആദ്യവക്താവായ കലാകാരിയായി ജോവാൻ അറിയപ്പെടുന്നു.
90 വയസുകാരൻ താക്കോർ പട്ടേലാണ് ബിനാലെയിലെ ഏറ്റവും പ്രായംകൂടിയ കലാകാരൻ.ഗുജറാത്തിൽ ജനിച്ചു. മുംബയ് ജെ.ജെ.സ്ക്കൂൾ ഒഫ് ആർട്സിൽ പഠിച്ചു. ആഫ്രിക്കയിൽ ജീവിച്ചു , കലാ പ്രവർത്തനത്തിലേർപ്പെട്ടു. ഇന്ന് അമേരിക്കയിൽ ജീവിക്കുന്ന താക്കോർ പട്ടേൽ ലോകത്തിന്റെ പലയിടങ്ങളിൽ കല പ്രദർശിപ്പിച്ചിട്ടുണ്ട്. തലമുതിർന്ന കലാകാരനോടുള്ള ആദരം പ്രകടിപ്പിക്കലുമാണ് താക്കോർ പട്ടേലിന്റെ ബിനാലെയിലെ പ്രദർശനം.
മലേഷ്യയിൽനിന്നുള്ള ആർട്ടിസ്റ്റ് ആൻ സമത്ത് ട്രാൻസ്ജെൻഡർ ആക്റ്റിവിസ്റ്റാണ്. വിവിധ ഭൂഖണ്ഡങ്ങളുടെ, വിവിധ സാമ്പത്തികാവസ്ഥകളുടെ, വിവിധ വംശങ്ങളുടെ പ്രതിനിധികളായ ആർട്ടിസ്റ്റുകൾക്കിടയിൽ ആൻ സാമത്തിന്റെ സ്ഥാനം ബിനാലെ പ്രദർശനത്തിനുള്ള ആർട്ടിസ്റ്റുകളെ തിരഞ്ഞെടുക്കുന്നതിൽ പുലർത്തിയ ക്യുറേറ്ററുടെ കലാമനസിന്റെ വിശാലത വ്യക്തമാകുന്നു.
2012ലായിരുന്നു ആദ്യ കൊച്ചി-മുസ്സിരിസ് ബിനാലെ സംഘടിപ്പിക്കപ്പെട്ടത്. രണ്ടു കൊല്ലത്തിൽ ഒരിക്കൽ സംഘടിപ്പിക്കപ്പെടുന്ന ബിനാലെ കൊവിഡ് - 19 മൂലം 2020ൽ സംഘടിപ്പിക്കാനായില്ല. അന്ന് മാറ്റിവച്ച ബിനാലെയാണ് ഇപ്പോൾ സംഘടിപ്പിക്കപ്പെടുന്നത്.
2012ലെ ആദ്യ കൊച്ചി- മുസ്സിരിസ് ബിനാലെയിലാണ് ശബ്ദ ഇൻസ്റ്റലേഷനുകൾ കേരളീയർ ആദ്യമായി ആസ്വദിച്ചത്. ന്യൂയോർക്കിൽ ഫൈൻ ആർട്സ്, സൗണ്ട്, മ്യൂസിക് എന്നിവ പഠിച്ച ജന്മനാൽ ബധിരയായ ക്രിസ്റ്റീൻ സൺ കിം ഇത്തവണ ശബ്ദകലയുമായി ബിനാലെയിലെത്തുന്നു. ഇമാൻ ഇസ (ഈജിപ്ത്) , ആൽപർ ഐഡിൻ (ടർക്കി), സന്ന കാഡിരോവ (യുക്രെയിൻ), യൂറിയൽ ഓർലൊ (സ്വിറ്റ്സർലന്റ്), താവോ ന്യൂയെൻ ഫാൻ ( വിയറ്റ്നാം ) എന്നീ ശ്രദ്ധേയരായ ആർട്ടിസ്റ്റുകൾ .
തുടങ്ങി ആഫ്രിക്കൻ - ലാറ്റിൻ അമേരിക്കൻ - മദ്ധ്യേഷ്യൻ കലയുടെ പ്രതിനിധികളും ബിനാലെയിലുണ്ട്.
ആഫ്രിക്കൻ കലയുടെ നവോത്ഥാന നായകരിൽ ഒരാളെന്ന് വിശേഷിപ്പിക്കപ്പെടുന്ന മുൻ ബി.ബി.സി ജേർണലിസ്റ്റ് സിന സാറോ വിവ, ശാരീരിക പരിമിതികളുണ്ടെങ്കിലും ലോകകലയിൽ സജീവമായിരിക്കുന്ന നൈജീരിയൻ - ബ്രിട്ടീഷ് ആർടിസ്റ്റ് യിൻക ഷോനിബാരെ എന്നിവരും ബിനാലെ പ്രദർശനത്തിൽ ശ്രദ്ധേയരാകും.
'നമ്മുടെ ഞരമ്പുകളിൽ ഒഴുകുന്നു മഷിയും തീയും" എന്ന തലക്കെട്ടിൽ ഷുബിഗി റാവു എഴുതിയ ക്യുറേറ്ററുടെ പ്രസ്താവന ഇതിനകം ലോകമെമ്പാടും വായിക്കപ്പെട്ടിട്ടുണ്ട്. 2020ൽ സിംഗപ്പൂർ ലിറ്ററേച്ചർ പ്രൈസ് നേടിയ എഴുത്തുകാരിയായ ഷുബിഗിയുടെ പ്രസ്താവനയിലെ ഒരു വാചകം : 'ഏറ്റവും ഇരുളടഞ്ഞ അസംബന്ധത്തിൽപ്പോലും ശുഭപ്രതീക്ഷയുണ്ട് !" വിഷാദിപ്പിക്കുന്ന പരുക്കൻ ലോക യാഥാർത്ഥ്യങ്ങൾക്കിടയിലും ശുഭപ്രതീക്ഷയുടെ കല വെട്ടമായി കാണുന്ന ഊർജസ്വല മനസുകളെ അവതരിപ്പിക്കുകയാണ് കൊച്ചി- മുസ്സിരിസ് ബിനാലെ.
(ബിനാലെ ഫൗണ്ടേഷൻ ട്രഷററും പ്രമുഖ ചിത്രകാരനുമാണ് ലേഖകൻ)
33 ഇന്ത്യൻ
ആർടിസ്റ്റുകൾ
ഇത്തവണത്തെ ബിനാലെയിൽ 33 ഇന്ത്യൻ ആർട്ടിസ്റ്റുകളുണ്ട് .ഇതിൽ 10 മലയാളികൾ. അമർ കൺവർ, അമിത് മഹന്തി, രുചിക നേഗി, അമോൽ കെ പാട്ടീൽ, അഞ്ജു ആചാര്യ, അർച്ചന ഹാൻഡെ, അർപ്പിത സിംഗ്, അസിം വാക്വിഫ്, ബിജു ഇബ്രാഹിം, ക്യാമ്പ് (കലാകാരികളുടെ കൂട്ടായ്മ), ദേവി, ഹോമോയ് വ്യാരവല്ല, ഇഷാൻ തങ്ക, ജിതിൻലാൽ എൻ.ആർ, കേതകി, മിത്ര കമലം, നസ്രിൻ മുഹമ്മദി, നീരജ കോത്താരി, പ്രണയ് ദത്ത, പ്രിയ സെൻ, പ്രിയ ഗീത, സഹിൽ നായിക്ക്, സജു കുഞ്ഞൻ, സന്ദീപ് കുര്യാക്കോസ്, ശാന്തി, ഷെഹർ ഷാ, ശ്രേയ ശുക്ല , സ്മിത ജി.എസ്, തെരിബോർ മാവ് ലോംഗ്, ഉറാമിലി, വാസുദേവൻ അക്കിത്തം, വസുദ കപാഡിയ, വിവാൻ സുന്ദരം എന്നിവരാണ് ബിനാലെയിലെ ഇന്ത്യൻ ആർട്ടിസ്റ്റുകൾ.
ആസ്പിൻവാൾ ഹൗസ്
പ്രധാന വേദി
പ്രധാന വേദിയായ ആസ്പിൻവാൾ ഹൗസ് ഉൾപ്പെടെ ഇത്തവണ ബിനാലെയ്ക്ക് ഫോർട്ടുകൊച്ചിയിലും മട്ടാഞ്ചേരിയിലും എറണാകുളത്തുമായി 13 വേദികളുണ്ട്. ഇതിൽ എറണാകുളം ദർബാർ ഹാൾ കേരളത്തിലെ ആർട്ടിസ്റ്റുകൾക്കു മാത്രമായി നീക്കിവച്ചിരിക്കുന്നുവെന്നത് ഇത്തവണത്തെ ബിനാലെയുടെ പ്രത്യേകതയാണ്. ഫോർട്ടുകൊച്ചിയിലെയും മട്ടാഞ്ചേരിയിലെയും വേദികൾക്കൊപ്പം രാധാ ഗോമതി, ജിജി സ്കറിയ, പി.എസ്. ജലജ എന്നിവർ ക്യൂറേറ്റ് ചെയ്യുന്ന 30 ൽപരം കേരളീയ കലാകാരുടെ സൃഷ്ടികളാണ് ദർബാർ ഹാളിൽ പ്രദർശിപ്പിക്കുക.
Art By Children
സ്റ്റുഡന്റ് ബിനാലെയും എ.ബി.സി (ആർട് ബൈ ചിൽഡ്രൻ)യും കൊച്ചി- മുസ്സിരിസ് ബിനാലെയോടൊപ്പം സംഘടിപ്പിക്കപ്പെടുന്നുണ്ട്. വിദ്യാർത്ഥികളുടെ 50 ആർട് പ്രൊജക്റ്റുകളാണ് സ്റ്റുഡന്റ് ബിനാലെയിലുള്ളത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 7 ക്യൂറേറ്റർമാർ ഈ പ്രൊജക്ടുകളിൽ പ്രവർത്തിക്കുന്നു. മട്ടാഞ്ചേരിയിലെ നാല് വേദികളിലാണ് സ്റ്റുഡന്റ് ബിനാലെയുടെ കലാസൃഷ്ടികൾ പ്രദർശിപ്പിക്കുന്നത്.
പേര് സൂചിപ്പിക്കുന്നതുപോലെ എ.ബി.സി (ആർട് ബൈ ചിൽഡ്രൻ) കുട്ടികളുടെ കലാവേദിയാണ്. കൊച്ചി- മുസ്സിരിസ് ബിനാലെയിൽ എ.ബി.സിയുടെ ഒരു പ്രദർശനവേദി ഒരുക്കുന്നു. വിവിധ സ്ക്കൂളുകളിൽ ആരംഭിക്കുന്ന 'ആർട് റൂമു"കളിൽ വിദ്യാർത്ഥികൾ രചിക്കുന്ന സൃഷ്ടികൾ എ.ബി.സിയുടെ ഭാഗമായി ബിനാലെയിൽ പ്രദർശിപ്പിക്കപ്പെടും.