തിരുവനന്തപുരം: ജൂനിയർ ആൺകുട്ടികളുടെ പോൾ വോൾട്ടിൽ 4.07മീറ്രർ ക്ലിയർ ചെയ്ത് മീറ്റ് റെക്കോഡോടെ സ്വർണം നേടുമ്പോൾ എറണാകുളം മാർ ബേസിൽ സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയായ ശിവദേവ് രാജീവിന് എതിരാളികളുണ്ടായിരുന്നില്ല. മാർ ബേസിലിലെ അദ്ധ്യാപകൻ സി.ആർ. മധുവിനുള്ള ഗുരു ദക്ഷിണ കൂടിയായിരുന്നു ശിവദേവിന്റെ പ്രകടനം. പോൾ വാങ്ങാൻ പണം തികയാതിരുന്നപ്പോൾ തന്റെ മാല പണയം വച്ചാണ് കുട്ടികളുടെ പ്രിയ അദ്ധ്യാപകൻ പണം തരപ്പെടുത്തിയത്.റെക്കാഡ് പ്രകടത്തിന് പിന്നാലെ മത്സരത്തിലുടനീളം തനിക്ക് നിർദ്ദേശങ്ങളും പിന്തുണയും നൽകിയ കോച്ചിനരികിലേക്ക് ഓടിയെത്തി കാൽ തൊട്ട് വണങ്ങിയാണ് ശിവദേവ് ആദരവർപ്പിച്ചത്.
2.60 മീറ്ററിലാണ് മത്സരം തുടങ്ങിയത്.ശിവദേവ് 3.50 മീറ്ററെന്ന ദൂരത്തിൽ ചലഞ്ച് ചെയ്തു. ഇതോടെ 3.50 മീറ്റർ കടക്കുന്നവരെ കണ്ടെത്തലായി മത്സരം. അങ്ങനെയെത്തിയ ആറുപേരുമായി ശിവദേവ് 3.50 മീറ്റർ ആയാസമേതുമില്ലാതെ മറികടന്നു. പിന്നീട് 3.65 മീറ്ററായി ഉയർത്തിയപ്പോൾ ശിവദേവ് 3.80ൽ ചലഞ്ച് ചെയ്തു. 3.65 പിന്നിട്ടവർക്കാർക്കും 3.80 മറികടക്കാനായില്ല. ഇതോടെ മീറ്റ് റെക്കോഡായ 4.06ന് മുകളിലുള്ള ഉയരമായ 4.07 എന്നതും മറികടന്ന് സ്വർണ്ണവും റെക്കാഡും തന്റെ പേരിലാക്കുകയായിരുന്നു ശിവദേവ്. മഴ പെയ്തത് വെല്ലുവിളി തീർക്കുമെന്ന് ആശങ്കപ്പെട്ടിരുന്നെങ്കിലും ശിവദേവിന്റെ പ്രകടനം തൃപ്തികരമാണെന്ന് കോച്ചും വ്യക്തമാക്കി