p-prasad

തിരുവനന്തപുരം: ഈ വർഷത്തെ ലോക മണ്ണ് ദിനാചരണ പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം ഡിസംബർ അഞ്ചിന് വൈകുന്നേരം 5 മണിക്ക് തിരുവനന്തപുരം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയേഴ്സ് ഹാളിൽ മന്ത്രി പി പ്രസാദ് നിർവഹിക്കും . മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിക്കും. മന്ത്രി ജി ആർ അനിൽ, മേയർആര്യ രാജേന്ദ്രൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും .


മണ്ണ് അന്നത്തിന്റെ ഉറവിടം എന്ന വിഷയം മുഖ്യ പ്രമേയമാക്കിയാണ് ഈ വർഷത്തെ ലോക മണ്ണ് ദിനാചരണ പരിപാടികൾ സംഘടിപ്പിക്കുന്നത്. മണ്ണ് സംരക്ഷണത്തിന്റെ പ്രാധാന്യം സംബന്ധിച്ച് സമൂഹത്തെ ബോധവൽക്കരിക്കുകയും കാർഷിക മേഖലയുടെ അടിത്തറയായ മണ്ണാരോഗ്യം മെച്ചപ്പെടുത്തുന്നത് വഴി ആരോഗ്യമുള്ള മണ്ണും ആവാസ വ്യവസ്ഥയും മാനവരാശിയുടെ സൗഖ്യവും ഉറപ്പുവരുത്താനാകും എന്ന സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുന്നതിനാണ് ലോകമണ്ണ് ദിനാചരണത്തിലൂടെ ഐക്യരാഷ്ട്ര സംഘടന ലക്ഷ്യമിടുന്നത്.

മണ്ണ് ദിനാചരണത്തിന്റെ ഭാഗമായി കർഷകരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പ്രശ്നോത്തരി, പ്രഭാഷണങ്ങൾ, കേരളത്തിലെ മണ്ണ് ഇന്നലെ, ഇന്ന്, നാളെ എന്ന വിഷയത്തിൽ പാനൽ ചർച്ച, മണ്ണാരോഗ്യ കാർഡ് വിതരണം, കർഷകരുടെ കലാപരിപാടികൾ, എക്സിബിഷൻ എന്നിവ ഉണ്ടായിരിക്കുന്നതാണ്.