taroor-

പത്തനംതിട്ട : കഴിഞ്ഞ ദിവസം കോട്ടയത്തെ വിവിധ പരിപാടികളിലൂടെ വാർത്തകളിൽ നിറഞ്ഞു നിന്ന ശശി തരൂർ ഇന്ന് പത്തനംതിട്ടയിൽ. ജില്ലയിൽ വിവിധ പരിപാടികളിൽ അദ്ദേഹം പങ്കെടുക്കുമെങ്കിലും അടൂരിൽ ബോധിഗ്രാം സെമിനാറാണ് മുഖ്യ ആകർഷണം. 'യുവ ഇന്ത്യ സാമൂഹ്യ സാമ്പത്തിക ശാക്തീകരണം 'എന്ന വിഷയത്തിൽ അദ്ദേഹം സംസാരിക്കും. കെപിസിസി പബ്ലിക് പോളിസി കമ്മിറ്റി ചെയർമാൻ കൂടിയായ ജോൺ സാമുവൽ എന്ന ജെ എസ് അടൂർ നേതൃത്വം നൽകുന്ന ബോധിഗ്രാമിലെ സെമിനാറിൽ നിന്നും ജില്ലാ കോൺഗ്രസ് നേതൃത്വം വിട്ടുനിന്നേക്കും. പരിപാടിയിൽ പങ്കെടുക്കുന്ന വിവരം തരൂർ ഔദ്യോഗികമായി അറിയിച്ചില്ലെന്നതാണ് പരിഭവത്തിന് കാരണം. എന്നാൽ മുതിർന്ന നേതാക്കളായ ആന്റോ ആന്റണി എംപിയും പി മോഹൻരാജും പങ്കെടുക്കും.

ബോധിഗ്രാം

അശരണരെയും അസംഘടിതരെയും പാർശ്വവത്കരിക്കപ്പെട്ടവരെയും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്തുന്ന പദ്ധതികളും പരിപാടികളുമായി 1989ൽ പൂനയിൽ വിദ്യാർത്ഥിയായിരുന്ന കാലഘട്ടത്തിൽ ജോൺ സാമുവൽ യുവാക്കൾക്കിടയിൽ തുടക്കംകുറിച്ച ആശയ കൂട്ടായ്മയാണ് പിന്നീട് ബോധിഗ്രാമായി മാറിയത്. കക്ഷി രാഷ്ട്രീയമോ ജാതി ലിംഗവ്യത്യാസങ്ങളോ ബോധിഗ്രാമിനില്ല.
കേന്ദ്രമന്ത്രിമാരും അന്താരാഷ്ട്ര പ്രസക്തരും നയതന്ത്രജ്ഞരും ഒക്കെ പങ്കെടുക്കുന്ന നിരവധി പരിപാടികളാൽ 35 വർഷമായി രാജ്യത്ത് സജീവമാണ് ബോധിഗ്രാം. ബോധിഗ്രാമിന്റെ അംഗത്വ സംഘടനായ സ്ത്രീ ബോധിലും യുവ ബോധിലും എൽഡേഴ്സ് ക്ളബിലും പാർട്ടി , ജാതി മത ഭേദമന്യേ മാനവിക ബേദ്ധ്യമുള്ളവർ ഉൾപ്പെടുന്ന പൂർണയും വോളിന്ററി പ്രസ്ഥാനമാണ്. പ്രതിഫലേശ്ച ഇല്ലാത്ത ഒരു കൂട്ടം പ്രവർത്തകരാണതിന്റെ കരുത്ത്. കേരളത്തിൽ 2010 മുതലാണ് ബോധി ഗ്രാം പ്രവർത്തനം ആരംഭിക്കുന്നത്.


കേരള മുഖ്യമന്ത്രി മുതൽ യു. ഡി.എഫ് , എൽ.ഡി.എഫ് മന്ത്രിമാർ, എം.പിമാർ, ജന പ്രതിനിധികൾ, പ്രമുഖ എഴുത്തുകാർ, കലാകാരന്മാർ, സാംസ്‌കാരിക പ്രവർത്തകർ, പ്രശസ്ത സാമൂഹിക പ്രവർത്തകർ, സാംസ്‌കാരിക പ്രവർത്തകർ, യു.എൻ ഉയർന്ന ഉദ്യോഗസ്ഥർ, അംബാസിഡർമാർ ഒക്കെ തുവയൂരിലെ ബോധിഗ്രാമിന്റെ വിവിധ പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്. ഇതുവരെ കേരളത്തിൽ മാത്രം രണ്ടായിരം യുവാക്കൾക്ക് നേതൃത്വ പരിശീലനം നൽകിയിട്ടുണ്ട്. ഇന്ത്യയിലെ പ്രമുഖ സാമൂഹിക പ്രസ്ഥാനങ്ങളുടെ മീറ്റിംഗുകളും ഇവിടെ വച്ചാണ് നടത്തുന്നത്.