rbi

ധനനയ പ്രഖ്യാപനം 7ന്; പ്രതീക്ഷിക്കുന്ന പലിശവർദ്ധന 0.35% വരെ

കൊച്ചി: റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് അദ്ധ്യക്ഷനായ ധനനയ നിർണയസമിതിയുടെ (എം.പി.സി)​ നടപ്പുവർഷത്തെ (2022-23)​ അഞ്ചാം യോഗം ഇന്നുമുതൽ ഏഴുവരെ നടക്കും. ഏഴിന് ധനനയം പ്രഖ്യാപിക്കും. നാണയപ്പെരുപ്പം കുറയുന്നത് കണക്കിലെടുത്ത് ഇക്കുറി പലിശനിരക്ക് വർദ്ധനയുടെ ആക്കം കുറച്ചേക്കുമെന്നാണ് വിലയിരുത്തലുകൾ.

പ്രധാനമായും ഉപഭോക്തൃവില (റീട്ടെയിൽ) നാണയപ്പെരുപ്പം വിലയിരുത്തിയാണ് റിസർവ് ബാങ്ക് മുഖ്യ പലിശനിരക്കുകൾ പരിഷ്‌കരിക്കുന്നത്. റീട്ടെയിൽ നാണയപ്പെരുപ്പം 4 ശതമാനത്തിൽ തുടരുന്നതാണ് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് അഭികാമ്യം. 2022ൽ ഇതുവരെ നാണയപ്പെരുപ്പമുള്ളത് 6 ശതമാനത്തിന് മുകളിലാണ്.

സെപ്തംബറിൽ 7.44 ശതമാനം വരെയും എത്തി. നാണയപ്പെരുപ്പക്കുതിപ്പിന് കടിഞ്ഞാണിടാനായി നടപ്പുവർഷം ഇതിനകം തുടർച്ചയായ 4 തവണയായി റിസർവ് ബാങ്ക് റിപ്പോനിരക്ക് 1.90 ശതമാനം കൂട്ടി 5.90 ശതമാനമാക്കിയിരുന്നു.

ഒക്‌ടോബറിൽ നാണയപ്പെരുപ്പം 6.77 ശതമാനത്തിലേക്ക് കുറഞ്ഞു.

അമേരിക്കയിലുൾപ്പെടെ ആഗോളതലത്തിലും നാണയപ്പെരുപ്പ ഭീഷണി അയയുകയാണ്. അമേരിക്കൻ കേന്ദ്രബാങ്കും പലിശനിരക്ക് കുത്തനെ കൂട്ടുന്നത് ഒഴിവാക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഇക്കുറി റിസർവ് ബാങ്കും പലിശ കുത്തനെ കൂട്ടുന്നത് ഒഴിവാക്കിയേക്കും.

കുറയ്ക്കുമോ നിലനിറുത്തുമോ?​

പലിശക്കയറ്റം

ഒക്‌ടോബറിൽ നാണയപ്പെരുപ്പം 6.77 ശതമാനമായി കുറഞ്ഞെങ്കിലും ഭീഷണി വിട്ടൊഴിഞ്ഞിട്ടില്ല. നാണയപ്പെരുപ്പം പിടിച്ചുകെട്ടാൻ റിപ്പോനിരക്ക് കഴിഞ്ഞ മേയിൽ 0.40 ശതമാനവും​ ജൂണിലും ആഗസ്‌റ്റിലും ഒക്‌ടോബറിലും 0.50 ശതമാനം വീതവും എം.പി.സി കൂട്ടിയിരുന്നു. ഒക്‌ടോബറിലെ നാണയപ്പെരുപ്പയിറക്കം കണക്കിലെടുത്ത് ഇക്കുറി പലിശവർദ്ധന 0.25-0.35 ശതമാനത്തിൽ ചുരുക്കിയേക്കാം.

എതിർസ്വരം

നിലവിൽ 5.90 ശതമാനമാണ് റിപ്പോനിരക്ക്. ഇത് 6 ശതമാനം കടക്കുന്നത് ജി.ഡി.പി വളർച്ചയെ സാരമായി ബാധിക്കുമെന്ന് എം.പി.സിയിലെ സ്വതന്ത്ര അംഗവും മലയാളിയുമായ പ്രൊഫ.ജയന്ത് ആർ.വർമ്മ അഭിപ്രായപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ എം.പി.സി പരിഗണിക്കാൻ സാദ്ധ്യത വിരളം.

സമ്മർദ്ദകേന്ദ്രം

തുടർച്ചയായി കഴിഞ്ഞ മൂന്ന് ത്രൈമാസങ്ങളിലും നാണയപ്പെരുപ്പം 6 ശതമാനത്തിന് താഴെയെത്തിച്ച് നിയന്ത്രിക്കാൻ എം.പി.സി പരാജയപ്പെട്ടതിൽ കേന്ദ്രത്തിനും നീരസമുണ്ട്. പരാജയകാരണങ്ങൾ കേന്ദ്രസർക്കാരിനെ ബോധിപ്പിക്കാൻ നവംബർ മൂന്നിന് എം.പി.സി പ്രത്യേക യോഗവും ചേർന്നിരുന്നു.

നിലവിലെ നിരക്കുകൾ

 റിപ്പോനിരക്ക് : 5.90%

 റിവേഴ്‌സ് റിപ്പോ : 3.35%

 എസ്.ഡി.എഫ് : 5.65%

 എം.എസ്.എഫ് : 6.15%

 സി.ആർ.ആർ : 4.50%

 എസ്.എൽ.ആർ : 18.00%

നേട്ടവും കോട്ടവും

 റിപ്പോനിരക്ക് ഉയരുന്നത് ഫ്ലോട്ടിംഗ് വ്യവസ്ഥയിൽ വായ്‌പ എടുത്തവർക്കും പുതുതായി വായ്‌പ തേടുന്നവർക്കും തിരിച്ചടിയാണ്.

 മുഖ്യ പലിശനിരക്ക് കൂടിയാൽ ചെറിയതോതിൽ ബാങ്കുകൾ നിക്ഷേപപലിശയും കൂട്ടും. ഇത് എഫ്.ഡിയെ ആശ്രയിക്കുന്നവർക്ക് നേട്ടമാണ്.