
കണ്ണൂർ: കെ.പി .സി .സി പ്രസിഡന്റ് കെ.സുധാകരൻ, ചെറുപ്പക്കാർക്കൊപ്പം നിൽക്കണമെന്നും ശശി തരൂരിനെ പരാമർശിച്ചാണു താനിതു പറയുന്നതെന്നും കെ.പി.സി.സി ഗാന്ധിദർശൻ സമിതിയുടെ പുരസ്കാരം കെ.സുധാകരനിൽ നിന്ന് ഏറ്റുവാങ്ങിയ ശേഷം ടി. പദ്മനാഭൻ പറഞ്ഞു.
കെ.സുധാകരൻ വേദിയിലിരിക്കെയായിരുന്നു ടി. പദ്മനാഭന്റെ അഭ്യർഥന. ‘ഒരു വലിയ മനുഷ്യനാണു തരൂർ. പുരുഷാരമാണ് ഇപ്പോൾ അദ്ദേഹത്തിനൊപ്പമുള്ളത്. അവരൊക്കെ എന്തെങ്കിലും തരത്തിൽ വ്യാമോഹമുള്ളവരല്ല. പ്രത്യേകിച്ച്, ചെറുപ്പക്കാർ. ശശിതരൂരിനെ പ്രശംസിച്ചിട്ട് എനിക്കൊന്നും കിട്ടാനില്ല.’ ടി.പദ്മനാഭൻ പറഞ്ഞു. ശശി തരൂരുമായി ബന്ധപ്പെട്ട തർക്കത്തിൽ കെ.പി.സി.സി പ്രസിഡന്റ് മോശമായി ഒന്നും പറഞ്ഞിട്ടില്ലെന്നും ചെറുപ്പക്കാരുടെ പടനായകനായി അദ്ദേഹം നിൽക്കണമെന്നും അദ്ദേഹം പറഞ്ഞു. ‘ചുരുങ്ങിപ്പോയ കോൺഗ്രസിന്റെ ശേഷിക്കുന്ന പച്ചത്തുരുത്താണു കേരളം. ഇവിടെ കോൺഗ്രസിന് ചെയ്തു തീർക്കാൻ പലതുമുണ്ട്. മുഖ്യമന്ത്രിയോ മന്ത്രിയോ ആകേണ്ടയാളാണു താനെന്ന് ഓരോ നേതാവും വിശ്വസിക്കുന്നു. അതാണു പ്രധാന പ്രശ്നം. അധികാരം വലിയ പ്രശ്നം തന്നെയാണ്. പ്രായമായവർക്ക് ഒന്നു മാറി നിന്നൂടെ? വീണ്ടും അഭ്യർത്ഥിക്കുകയാണ്.’ ടി.പദ്മനാഭൻ പറഞ്ഞു.