
തിരുവനന്തപുരം: ഹിഗ്വിറ്റ സിനിമയുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിൽ പ്രതികരിച്ച് ബി.ജെ,പി നേതാവ് സന്ദീപ് വാര്യർ. സാമാന്യ മലയാളികളുടെ മനസ്സിൽ ഹിഗ്വിറ്റ എന്ന പേരുറച്ചത് എൻ.എസ്. മാധവന്റെ "ഹിഗ്വിറ്റ" എന്ന ചെറുകഥയിലൂടെയാണെന്ന് സന്ദീപ് വാര്യർ കുറിച്ചു. കഥയുമായി ബന്ധമില്ലാത്ത ഒരു സിനിമയ്ക്ക് ഹിഗ്വിറ്റ െന്ന പേരിട്ടത് ആ സൽപ്പേര് സ്വന്തമാക്കുക എന്ന ദുരുദ്ദേശത്തോടെ തന്നെയാണെന്നും സന്ദീപ് പറയുന്നു. കഥ കാലിക പ്രസക്തമാണ് . ലൂസിമാരെ ജബ്ബാറിൽ നിന്ന് രക്ഷിക്കാൻ ഗീവറുഗീസ് അച്ചന്മാർ ഉണ്ടാകുന്ന കാലമാണ് . ആ കഥ ഇന്നെഴുതിരുന്നെങ്കിൽ മാധവനെ എല്ലാവരും ചേർന്ന് സംഘി ആക്കിയേനെയെന്നും സന്ദീപ് വാര്യർ കുറിച്ചു.
സന്ദീപ ്ജി വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ്
കൊളംബിയൻ ഗോൾ കീപ്പർ ഹിഗ്വിറ്റ , മൈതാനത്തിൽ അയാൾ പ്രകടിപ്പിച്ച അനിതര സാധാരണമായ കളിമികവിലൂടെയും മെയ്‌വഴക്കത്തിലൂടെയും പ്രശസ്തനാണെങ്കിലും സാമാന്യ മലയാളികളുടെ മനസ്സിൽ ആ പേരുറച്ചത് എൻഎസ് മാധവന്റെ "ഹിഗ്വിറ്റ" എന്ന ചെറുകഥയിലൂടെയാണ് .
ഫുട്ബോൾ ഭ്രാന്തനായ ഗീവറുഗീസച്ചൻ ജബ്ബാറിൽ നിന്നും ലൂസിയെ രക്ഷിക്കാൻ തന്റെ ആരാധനാ പാത്രമായ ഹിഗ്വിറ്റയെ ആവാഹിച്ചു കൊണ്ട് നടത്തുന്ന പോരാട്ടമാണ് ഇതിവൃത്തം .
കഥയുമായി ബന്ധമില്ലാത്ത ഒരു സിനിമക്ക് ഹിഗ്വിറ്റ എന്ന പേരിട്ടത് ആ സൽപ്പേര് സ്വന്തമാക്കുക എന്ന ദുരുദ്ദേശത്തോടെ തന്നെയല്ലേ ? . "ഹിഗ്വിറ്റ" എന്ന പേരിന് പകരം ജോർഗേ കാമ്പോസ് എന്നോ ഫാബിയാൻ ബാർത്തെസ് എന്നോ സിനിമക്ക് പേരിടാതിരുന്നതിൽ നിന്ന് അക്കാര്യം വ്യക്തമാണ് .
തന്റെ വിഷമം തുറന്ന് പറഞ്ഞ എൻ എസ് മാധവനെ വ്യക്തിപരമായി ആക്ഷേപിച്ചു കൊണ്ടുള്ള ചിലരുടെ പോസ്റ്റുകൾ കണ്ടു . "മൗലികമായ " കൃതികൾ സ്വന്തം പേരിൽ പകർത്തിയെഴുതി പ്രസിദ്ധീകരിച്ച് ശീലമുള്ളവർക്കും അങ്ങനെ പകർത്തിയെഴുതുന്നവരുടെ ഭൈമീ കാമുകർക്കുമൊക്കെ എൻഎസ് മാധവനെ ആക്ഷേപിക്കാൻ എന്ത് അർഹതയാണുള്ളത് ?
ഹിഗ്വിറ്റ മലയാളിയുടെ മനസ്സിൽ മാധവന്റെ ചെറുകഥയായി തന്നെ ഇരിക്കട്ടെ . അത് എൻഎസ് മാധവന് വിട്ടു കൊടുക്കാനുള്ള മര്യാദ സിനിമയുടെ പിന്നണി പ്രവർത്തകർ കാണിക്കണം .
ഒരു പേരിൽ എന്തിരിക്കുന്നു എന്ന് ചോദിക്കുന്നവർ സ്വന്തമായി വല്ലതും എഴുതി , അത് മറ്റുള്ളവർ മോഷ്ടിച്ചെടുക്കുമ്പോൾ ഉണ്ടാകുന്ന വേദന ഒരിക്കലെങ്കിലും അനുഭവിക്കണം . അപ്പോഴേ മനസ്സിലാകൂ .
എന്തായാലും ആ കഥ കാലിക പ്രസക്തമാണ് . ലൂസിമാരെ ജബ്ബാറിൽ നിന്ന് രക്ഷിക്കാൻ ഗീവറുഗീസ് അച്ചന്മാർ ഉണ്ടാകുന്ന കാലമാണ് . ആ കഥ ഇന്നെഴുതിരുന്നെങ്കിൽ മാധവനെ എല്ലാവരും ചേർന്ന് സംഘി ആക്കിയേനെ .