saree

കൊച്ചി: ബലംപിടിത്തമില്ലാതെ നടക്കാൻ ഇഷ്ടപ്പെടുന്നവർ കൂടിയതോടെ ഗ്ലാമറിടിഞ്ഞ് സ്ലിം ഫിറ്റ് വേഷങ്ങൾ. ശരീരവടിവ് കൃത്യമായി അറിയാൻ കഴിയുന്ന കളർഫുൾ 'ടൈറ്റ്" കുപ്പായങ്ങൾ 'ജിമ്മൻമാ‌ർ"ക്കാണ് കൂടുതലിണങ്ങുകയെന്ന തിരിച്ചറിവാണ് ഇതിനൊരു കാരണമെന്നു ഫാഷൻ ഡിസൈനർമാ‌ർ പറയുന്നു.

വസ്ത്ര സങ്കല്പങ്ങളിൽ ഇന്നത്തെ പഴഞ്ചൻ, ചില മിനുക്കുപണികളോടെ നാളത്തെ താരമാകുന്നതാണ് നാട്ടുനടപ്പ്.

അയഞ്ഞ വസ്ത്രങ്ങളാണ് പുതിയ ട്രെൻഡ്. ഏതു കാലാവസ്ഥയ്ക്കും യോജിച്ചതും ധരിക്കാനുള്ള സൗകര്യവുമാണ് കാരണം.പഴയ ബാഗി പാന്റ്സ് ചില 'ടച്ചിംഗ്സുകളോടെ" 'കാരറ്റ്" മോഡൽ ആയി. മേൽഭാഗത്ത് വീതികൂടുതലും താഴെ കുറഞ്ഞും. ബാഗിയുടെ അപരനെ പയ്യന്മാർക്കും സീനിയേഴ്സിനും ഒരുപോലെ ബോധിച്ചമട്ടാണ്.'സ്വതന്ത്ര" ചിന്താഗതിക്കാരായ പയ്യന്മാർ പതിവാക്കിയിരുന്ന ലോ വേസ്റ്റ് ജീൻസിനു പഴയ ഗ്ലാമറില്ല.

കൈലിയെ വെട്ടി ബർമുഡ

കൊവിഡ് കാലത്ത് രണ്ടുവർഷത്തോളം വീടുകളിലൊതുങ്ങിയത് ആളുകളുടെ വസ്ത്രസങ്കല്പത്തിൽ വലിയ മാറ്റമുണ്ടാക്കി. 45-55 പ്രായക്കാരായ ഉദ്യോഗസ്ഥകളിൽ ഏറെപ്പേരും ചുരിദാറിലേക്കു മാറി. പുരുഷന്മാർ ട്രാക്ക് സ്യൂട്ടും ബർമുഡയുമൊക്കെയിട്ട് പൊതുപരിപാടികൾക്കു വരെയെത്തുന്ന സ്ഥിതിയായി. 60 പിന്നിട്ട സീനിയേഴ്സ് വരെ ബർമുഡയിൽ പിടിമുറുക്കിയതോടെ കൈലിമുണ്ട് ഏറെക്കുറെ ഔട്ടായി.

സാരിയുടുക്കാം, 50 വിധത്തിൽ

കല്യാണത്തിനും മറ്റും, പരസ്യമോഡലിനെ പോലെ സാരിയുടുപ്പിക്കാൻ പ്രൊഫഷണലുകൾ റെഡി. 50 രീതിയിൽ ഉടുക്കാവുന്ന സാരിയൊരു സംഭവമാണെന്നു തിരിച്ചറിയാൻ മലയാളികൾ വൈകി. ചുളിവില്ലാതെ സാരി നന്നായി തേച്ച് ഉടുപ്പിച്ചുനൽകാൻ 2,000 മുതൽ 10,000 രൂപവരെയാണ് നിരക്ക്. തേച്ചു മടക്കാതെ, പി.വി.സി പൈപ്പിൽ റോൾ ചെയ്തെടുക്കുന്ന സാരിയിൽ ചെറിയൊരു ചുളിവുപോലുമുണ്ടാകില്ല.

പെൺകുട്ടികൾക്കു സാരി ഇഷ്ടവേഷം തന്നെ. കട്ടികൂടിയ സാരിയോടുള്ള താത്പര്യം പൊതുവേ കുറഞ്ഞു. വില കൂടിയതാണ് മികച്ച വസ്ത്രമെന്ന രീതി മാറി കുറഞ്ഞവിലയ്ക്ക് മനസിനിണങ്ങിയത് തിരഞ്ഞെടുക്കുന്നു.

കാലാവസ്ഥ മുതൽ സിനിമവരെ

ഫാഷൻ സങ്കൽപ്പങ്ങളെ കാലാവസ്ഥ വലിയ തോതിൽ ബാധിക്കുന്നു. സിനിമയും വലിയ പങ്കുവഹിക്കുന്നു. കഥാപാത്രങ്ങളുടെ വേഷത്തെക്കുറിച്ചും കൂടിയാലോചനകൾ നടക്കാറുണ്ട്.

ലളിതമായ ഒറ്റവസ്ത്രങ്ങളോട് പുതിയ തലമുറയ്ക്ക് ആഭിമുഖ്യം കൂടിവരുന്നു.

സുജിത്ത് സുധാക‌ർ, ഫാഷൻ ഡിസൈനർ, കൊച്ചി (മലയാളം, തമിഴ് , സിനിമകളിലെ കോസ്റ്റ്യൂം ഡിസൈനറാണ്. മോഹൻലാൽ ചിത്രമായ മരയ്ക്കാരുടെ കോസ്റ്റ്യൂം ഡിസൈനിംഗിന് ദേശീയ അവാർഡ് ലഭിച്ചു)