morocco

സ്പെയ്ൻ Vsമൊറോക്കോ

രാത്രി 8.30 മുതൽ

ദോഹ : ലോകകപ്പ് പ്രീ ക്വാർട്ടറിൽ അവശേഷിക്കുന്ന ഏക ആഫ്രിക്കൻ ടീമായ മൊറോക്കോയ്ക്ക് ഇന്ന് മുൻ ലോക ചാമ്പ്യന്മാരായ സ്പെയ്നെതിരെ അത്ഭുതങ്ങൾ സൃഷ്ടിക്കാനാവുമോ? സ്പെയ്നിന്റെയും മൊറോക്കോയുടേയും നിലവിലെ ഫോം വച്ചുനോക്കുമ്പോൾ ഒരു അട്ടിമറി അസാദ്ധ്യമല്ല എന്നതുതന്നെയാണ് യാഥാർത്ഥ്യം.

പടവലങ്ങ പോലെ താഴേക്കായിരുന്നു ഖത്തറിൽ സ്പെയ്നിന്റെ പോക്ക്. ആദ്യ മത്സരത്തിൽ ഒന്നിനുപിന്നാലെ ഒന്നായി ഏഴു ഗോളുകൾ അടിച്ചുകൂട്ടിയ ടീം രണ്ടാം മത്സരത്തിൽ സമനില വഴങ്ങുകയും മൂന്നാം മത്സരത്തിൽ തോൽക്കുകയും ചെയ്തു.

ആദ്യ മത്സരത്തിൽ ദുർബലരായ കോസ്റ്റാറിക്കയ്ക്ക് എതിരെയാണ് സ്പാനിഷ് പട അക്രമം കാട്ടിയത്. എന്നാൽ ജർമ്മനിക്കും ജപ്പാനും മുന്നിൽ ആ വീറ് പുറത്തെ‌ടുക്കാൻ കഴിഞ്ഞില്ല.ജപ്പാനെതിരായ അവരുടെ പ്രകടനം ചിലർക്കെങ്കിലും സംശയങ്ങളും ഉണർത്തുന്നുണ്ട്.11-ാം മിനിട്ടിൽ ആൽവാരോ മൊറട്ടയിലൂടെ ഗോൾ നേടിയ ശേഷം കിട്ടുന്ന അവസരങ്ങളൊക്കെ സ്പെയ്ൻ പാഴാക്കുകയായിരുന്നു. നേരത്തേ തന്നെ പ്രീ ക്വാർട്ടർ ഉറപ്പിച്ചതിനാൽ സ്പെയ്ൻ ഉഴപ്പിക്കളിച്ചുവോ എന്ന് ചിലേടത്ത് ചോദ്യമുയരുകയും ചെയ്തു. ജപ്പാൻ നേടിയ ആദ്യ ഗോൾ സ്പാനിഷ് ഗോളി ഉനേയ് സൈമൺ തട്ടിത്തെറിപ്പിച്ചത് സ്വന്തം വലയിലേക്കായിരുന്നു.

പ്രീ ക്വാർട്ടറിൽ ക്രൊയേഷ്യയെ നേരിടേണ്ടി വന്നില്ല എന്നതിൽ സ്പെയ്ൻ ആശ്വസിക്കേണ്ടതില്ല. കാരണം ഈ ലോകകപ്പിലെ യഥാർത്ഥ കറുത്ത കുതിരകളാണ് മൊറോക്കോ. പ്രീ ക്വാർട്ടറിൽ സ്പെയ്ൻ ശരിക്കും വിയർക്കും.

ആദ്യ മത്സരത്തിൽ ക്രയേഷ്യയെ ഗോൾരഹിത സമനിലയിൽതളച്ചുതന്നെ മൊറോക്കോ നയം വ്യക്തമാക്കിയതാണ്. രണ്ടാം മത്സരത്തിൽ ബെൽജിയത്തെ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് അടിച്ചിട്ടതായിരുന്നു വഴിത്തിരിവ്. അവസാന മത്സരത്തിൽ കാനഡയെ കീഴടക്കിയത് 2-1ന്. ഇതോടെ ഗ്രൂപ്പ് ജേതാക്കളാവുകയും ചെയ്തു. ഹക്കിം സിയേഷ്,യൂസഫ് നെസ്റി,സബീരി,ബൗഫൽ,സായിസ്, അഗ്യുറേദ് തുടങ്ങിയവരാണ് മൊറോക്കൻ നിരയിലെ പ്രമുഖർ.

3 മത്സരങ്ങളിൽ സ്പെയ്നും മൊറോക്കോയും മുമ്പ് ഏറ്റുമുട്ടിയിട്ടുണ്ട്. രണ്ട് ജയം സ്പെയ്നിന്. ഒരു സമനില

പിടിച്ചടക്കാൻ പറങ്കികൾ

പോർച്ചുഗൽ Vs സ്വിറ്റ്സർലാൻഡ്

രാത്രി 12.30മുതൽ

സാക്ഷാൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ഫോമിലേക്ക് ഉയർന്നിട്ടില്ലെങ്കിലും അവസാന ഗ്രൂപ്പ് മത്സരത്തിൽ ജയിച്ചില്ലെങ്കിലും നിറഞ്ഞ ആത്മവിശ്വാസത്തോടെയാണ് പോർച്ചുഗൽ ഇന്ന് ക്വാർട്ടർ മോഹവുമായി സ്വിറ്റ്സർലാൻഡിനെ നേരിടാനിറങ്ങുന്നത്.

ഘാനയെ 3-2നും ഉറുഗ്വേയെ 2-0ത്തിനും തോൽപ്പിച്ചാണ് പോർച്ചുഗൽ അവസാന പതിനാറിലേക്ക് ടിക്കറ്റെടുത്തത്. കൊറിയയോട് 1-2നായിരുന്നു തോൽവി. സ്വിറ്റ്സർലാൻഡ് ബ്രസീലിനോട് തോറ്റെങ്കിലും കാമറൂണിനെയും സെർബിയയെയും തോൽപ്പിച്ചവരാണ്.

25 മത്സരങ്ങളിൽ പോർച്ചുഗലും സ്വിറ്റ്സർലാൻഡും ഏറ്റുമുട്ടിയതിൽ 11തവണ ജയിച്ചത് സ്വിസ് ടീം . പറങ്കിപ്പടയ്ക്ക് 9 വിജയങ്ങൾ. 5 കളി സമനിലയിൽ.

കഴിഞ്ഞ ജൂണിൽ ഇരുടീമുകളും രണ്ട് തവണ യുവേഫ നേഷൻസ് ലീഗിൽ ഏറ്റുമുട്ടി. ഓരോ ജയം നേടി.