കെ.വി.സുധാകരൻ

രാജ്യത്ത് വിവരാവകാശ നിയമം പ്രാബല്യത്തിൽ വന്നത് വിപ്ളവകരമായ ഒരു ഏടായിരുന്നു. ജനങ്ങൾക്കു വേണ്ടിയുള്ള ഈ നിയമം ജനങ്ങൾ അറിഞ്ഞിരിക്കണം. അതിനുള്ള ശ്രമമാണ് ' അറിവവകാശം, കഥയും പൊരുളും എന്ന ഗ്രന്ഥത്തിലൂടെ സംസ്ഥാന വിവരാവകാശ കമ്മിഷണറായിരുന്ന കെ.വി.സുധാകരൻ നടത്തുന്നത്." പത്രപ്രവർത്തനത്തിന്റെ അന്വേഷണാത്മകമായ വഴികളിലൂടെ ദീർഘകാലം സഞ്ചരിച്ച സുധാകരൻ അധികാരത്തിന്റെ ഇടനാഴിയിലൂടെയുള്ള യാത്രയും പൂർത്തിയാക്കിയതിനുശേഷമാണ് വിവരാവകാശ കമ്മിഷണറായി ചുമതലയേറ്റത്. ഏറ്റെടുക്കുന്ന ദൗത്യത്തെ ഗൗരവപൂർവ്വം സമീപിക്കുന്നസുധാകരൻ തന്റെ അനുഭവങ്ങളിലെ നർമ്മവും മർമ്മവും ചോർന്നുപോകാതെയാണ് പറയാനുള്ളത് വായനക്കാർക്കായി പകരുന്നത് - അവതാരികയിൽ ഡോ.സെബാസ്റ്റ്യൻ പോൾ എഴുതുന്നു. മറ്റേതൊരു നിയമത്തേക്കാളും ജനങ്ങൾ പരിചയപ്പെട്ടിരിക്കേണ്ട നിയമമാണ് വിവരാവകാശ നിയമം.അതേക്കുറിച്ച് ഒറ്റയിരുപ്പിൽ വായിച്ചു തീർക്കാനാവും വിധം ഹൃദ്യമായ ഉദാഹരണങ്ങളിലൂടെ ലളിതമായി പ്രതിപാദിക്കുന്നതാണ് ഈ പുസ്തകം.
പ്രസാധകർ: ഡി.സി ബുക്സ്
നിയമ പുസ്തകങ്ങളിലെ
ഇതിഹാസം
അഡ്വ. കോവളം സി. സുരേഷ് കുമാർ
കുട്ടികൾക്കെതിരെ ലൈംഗികാതിക്രമങ്ങൾ തടയുന്നതു സംബന്ധിച്ച നിയമങ്ങളുടെയും ചട്ടങ്ങളുടെയും ബൃഹത്തായ ഒരു ക്രോഡീകരണമാണ് ക്വിക് റെഫറൻസർ/ഡൈജസ്റ്റ് ഓൺ പോക്സോ ആക്ട്. ഇത്രയും വിശാലവും ലളിതവുമായി ഒരു പ്രത്യേക നിയമത്തെ ബഹുജനങ്ങൾക്കും അഭിഭാഷകർക്കും ജൂഡീഷ്യറിയ്ക്കും പ്രാപ്യമാക്കിയ ഗ്രന്ഥകാരന്റെ നിയമ വീക്ഷണവും നിയമ അവബോധവും ശ്ലാഘനിയമാണ്. പതിനാറു ഭാഗങ്ങളിലായി 1136 പേജുകളിലൂടെ പുസ്തകം അനാവരണം ചെയ്യുന്നു. കുട്ടികൾക്ക് എതിരെയുള്ള ലൈംഗിക കുറ്റകൃത്യങ്ങളും അവ സംബന്ധിച്ച നിയമവശങ്ങളും നിയമ നടപടികളുമെല്ലാം വിശദമായി വിവരിച്ചിട്ടുണ്ട്. ആരുടെയും സഹായമില്ലാതെ സ്വയം മനസ്സിലാക്കാൻ കഴിയുന്ന രീതിയിലാണ് ഓരോ വരിയും ചിട്ടപ്പെടുത്തിയത് എന്നത് ശ്രദ്ധേയം.
പ്രസാധകർ :
കോവളം ലാ ചേമ്പേഴ്സ്.