assembly

തിരുവനന്തപുരം: വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് നിയമസഭയിൽ അടയിന്തരപ്രമേയ ചർച്ച ആരംഭിച്ചു. സർക്കാരിന്റെ പരാജയമാണ് വിഴിഞ്ഞം സമരത്തെ ഈ നിലയിൽ എത്തിച്ചതെന്ന് പ്രമേയം അവതരിപ്പിച്ചുകൊണ്ട് എം. വിൻസെന്റ് ആരോപിച്ചു. സമരക്കാരെ രാജ്യദ്രോഹികളെന്ന് വിളിച്ചതും, തീവ്രവാദ ബന്ധം ആരോപിച്ചതും എന്ത് തെളിവിന്റെ അടിസ്ഥാനത്തിലെന്നും വിൻസെന്റ് ചോദിച്ചു. ചർച്ച പുരോഗമിക്കുകയാണ്.

വിഷയത്തിൽ രണ്ട് മണിക്കൂർ ചർച്ച നടക്കും. വിഴിഞ്ഞം സമരം ഒത്തുതീർപ്പാക്കാൻ സർക്കാർ നടപടികൾ സ്വീകരിക്കുന്നില്ലെന്ന് രാവിലെ പ്രതിപക്ഷം സഭയിൽ ആരോപിച്ചിരുന്നു. തുടർന്നാണ് വിഷയം ചർച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയത്. ഈ സമ്മേളന കാലത്ത് ആദ്യമായാണ് സഭ നിർത്തിവച്ചുള്ള ചർച്ചയ്ക്ക് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ സർക്കാർ‌ സമരസമിതിയുമായി നടത്തിയ സമവായ ചർച്ചകളിൽ ചെറിയ രീതിയിലുള്ള പുരോഗതി ഉണ്ടായിട്ടുണ്ട്. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് ചർച്ച.