
ഓരോ വീടുകളിലും സുലഭമായി ലഭിക്കുന്ന ഒന്നാണ് പപ്പായ. എന്നാൽ പപ്പായ ഉപയോഗിച്ച് ഉണ്ടാക്കുന്ന പതിവ് കറികൾ കഴിച്ച് മടുത്തവരാകും പലരും. ഇനി ഇങ്ങനെയൊന്ന് കറി വച്ച് നോക്കൂ. ചിക്കൻ കറിയുടെ ടേസ്റ്റിൽ നിങ്ങൾക്ക് പപ്പായക്കറി കഴിക്കാം. വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ഈ കറി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ആവശ്യമായ സാധനങ്ങൾ
പപ്പായ - പകുതി
തേങ്ങ അരിഞ്ഞെടുത്തത്- കാൽ മുറി
ഇഞ്ചി- 1 വലിയ കഷണം
വെളുത്തുള്ളി- 6 അല്ലി
വെളിച്ചെണ്ണ- 4 ടേബിൾസ്പൂൺ
പെരുംജീരകം- 1 ടേബിൾസ്പൂൺ
സവാള- 1
തക്കാളി-1
മുളകുപൊടി- ഒന്നര ടീസ്പൂൺ
മഞ്ഞൾപ്പൊടി- കാൽ ടീസ്പൂൺ
മല്ലിപ്പൊടി- ഒന്നേകാൽ ടീസ്പൂൺ
ഗരംമസാല- അര ടീസ്പൂൺ
പച്ചമുളക്- 1
ഉപ്പ്- ആവശ്യത്തിന്
തയാറാക്കുന്ന വിധം
പപ്പായ തൊലി കളഞ്ഞ് നന്നായി വൃത്തിയാക്കി ഇടത്തരം വലുപ്പമുള്ള കഷ്ണങ്ങളാക്കി മുറിക്കുക. ഇഞ്ചിയും വെളുത്തുള്ളിയും അരിഞ്ഞ് വയ്ക്കുക. ശേഷം കറി വയ്ക്കാനുള്ള പാത്രം ചൂടാക്കി അതിലേയ്ക്ക് വെളിച്ചെണ്ണ ഒഴിക്കുക. ചൂടായ എണ്ണയിലേയ്ക്ക് പപ്പായ, അരിഞ്ഞ് വച്ചിരിക്കുന്ന തേങ്ങ, ഇഞ്ചി, വെളുത്തുള്ളി, പെരുംജീരകം എന്നിവ ഓരോന്നോരോന്നായി വഴറ്റിയെടുക്കുക. ചൂടാറിയ ശേഷം പപ്പായ ഒഴികെയുള്ളവ ആവശ്യത്തിന് വെള്ളം ചേർത്ത് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക.
പാത്രത്തിൽ എണ്ണ ചൂടാക്കി അതിലേയ്ക്ക് ചെറുതായരിഞ്ഞ സവാള ചേർത്ത് നന്നായി വഴറ്റുക. ഇതിലേയ്ക്ക് മുളകുപൊടി, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി എന്നിവ ചേർത്ത് നന്നായി വഴറ്റിയെടുക്കുക. ശേഷം ഇതിലേയ്ക്ക് അരിഞ്ഞ് വച്ചിരിക്കുന്ന ഒരു തക്കാളി ചേർക്കുക. തക്കാളി നന്നായി വെന്ത് കഴിയുമ്പോൾ നേരത്തേ മാറ്റിവച്ചിരുന്ന പപ്പായ ചേർത്ത് നന്നായി യോജിപ്പിക്കുക. ശേഷം അരച്ചുവച്ചിരുന്ന തേങ്ങാക്കൂട്ട് ഇതിലേയ്ക്ക് ചേർത്തുകൊടുക്കുക. ആവശ്യത്തിന് വെള്ളവും ഒരു പച്ചമുളകും ആവശ്യത്തിന് ഉപ്പും ഗരംമസാലയും ചേർത്ത് അടച്ചുവച്ച് വേവിക്കുക. കറി നന്നായി തിളച്ച ശേഷം കുറച്ച് പച്ചവെളിച്ചെണ്ണ ഒഴിക്കുക.