'അപ്പൻ സാർ ജീവിച്ചകാലത്തും അതുകഴിഞ്ഞും അദ്ദേഹത്തെ നെഞ്ചിൽ വിഗ്രഹംപോലെ കൊണ്ടു നടക്കുന്ന ഒരുപാട് ശിഷ്യരും സുഹൃത്തുക്കളും ഇപ്പോഴുമുണ്ട്. അവരിൽ പലരും അപ്പൻ സാറിന്റെ സാഹിത്യബാഹ്യമായ വാത്സല്യം ഒരുപാട് അനുഭവിച്ചവരാണ്. അതിലൊരാളാണ് ഞാനും.'..ഡിസംബർ 15 ന് കെ.പി.അപ്പന്റെ ചരമവാർഷിക ദിനം

കെ.പി. അപ്പൻ സാറിന്റെ ഓർമ്മദിനമാണ് ഈ ഡിസംബർ 15. ഇതേപോലൊരു ദിവസമാണ് നിരൂപണസാഹിത്യത്തിലെ ഒരുപാട് മൂല്യവിചാരങ്ങളോട് ധിക്കാരത്തോടെ കലഹിച്ച അപ്പൻ സാർ കടന്നുപോയത്. എഴുത്തിലെ ദർശനപരമായ മൗലികത കൊണ്ടും നിലപാടുകളിലെ എല്ലുറപ്പുകൊണ്ടും ഒരു തലമുറയെ മുഴുവൻ അത്ഭുതപ്പെടുത്തിയ ആളാണ് അപ്പൻ സാർ. അങ്ങനെ ഒരാളുടെ സംഭാവനയെ വിലയിരുത്താൻ എന്റെ പരിമിതമായ അറിവ് എന്നെ അനുവദിക്കുന്നില്ല. അദ്ദേഹത്തിന്റെ കൃതികളിലൊക്കെ തിളങ്ങി നിൽക്കുന്ന ഒരു ലാവണ്യമുണ്ടല്ലോ, അത് ഹിമാലയം കയറി നിൽക്കുമ്പോൾ അതിന്റെ ഏറ്റവും അടിത്തട്ടിലാണ് ഞാൻ നിൽക്കുന്നത്. അങ്ങനെയൊരാൾക്ക് എങ്ങനെ അപ്പൻ സാറിന്റെ സാഹിത്യ സംഭാവനകളുടെ ചാരുത വിലയിരുത്താനാകും ?. അതുകൊണ്ട് തന്നെ ആ സാഹസത്തിന് ഞാൻ മുതിരുന്നില്ല. അപ്പൻ സാർ ജീവിച്ചകാലത്തും അതുകഴിഞ്ഞും അദ്ദേഹത്തെ നെഞ്ചിൽ വിഗ്രഹംപോലെ കൊണ്ടു നടക്കുന്ന ഒരുപാട് ശിഷ്യരും സുഹൃത്തുക്കളും ഇപ്പോഴുമുണ്ട്. അവരിൽ പലരും അപ്പൻ സാറിന്റെ സാഹിത്യബാഹ്യമായ വാത്സല്യം ഒരുപാട് അനുഭവിച്ചവരാണ്. അതിലൊരാളാണ് ഞാനും എന്റെ ക്ലാസ്മേറ്റും സുഹൃത്തുമായ നീരാവിലെ എസ്. നാസറുമൊക്കെ. ഇത് തീർത്തും വ്യക്തിപരമായ ഒരു കുറിപ്പാണ്. അപ്പൻസാറിന്റെ സ്നേഹവും കരുതലും ഒരുപാട് അനുഭവിച്ച ഒരു ശിഷ്യന്റെ ആത്മാവിൽ കത്തുന്ന ഓർമ്മയുടെ ചില വളപ്പൊട്ടുകൾ.
എന്റെ ജീവിതം മാറ്റിമറിച്ച കലാലയങ്ങളിൽ ഒന്നായിരുന്നു കൊല്ലം ശ്രീനാരായണ കോളേജ്. ബി.എയ്ക്കും എം.എയ്ക്കും ഞാൻ അവിടെയാണ് പഠിച്ചത്. ബി.എയ്ക്ക് പഠിക്കാൻ ആദ്യവർഷം എസ്. എൻ കോളേജിലേക്ക് കടന്ന ഞാൻ അമ്പരന്നുപോയി. ആൺകുട്ടികൾ തിങ്ങിനിറഞ്ഞ ഒരു കോളേജിൽ, (ഇന്ന് ഇത് മാൻലിനസ് പോയ മിക്സഡ് കോളേജാണ് ) കോളേജിലെ ആൾക്കൂട്ടത്തിലൂടെ, തിങ്ങിനിറഞ്ഞ ഇടനാഴികളിലൂടെ എല്ലാം കണ്ട് കൊതിതീർത്ത് ഒഴുകിനടക്കുകയായിരുന്നു ആദ്യകാലത്ത് ഞാൻ. ഒരിക്കൽ പതിവുപോലെ എന്റെ സവാരിക്കിടയിൽ ഒരു ക്ലാസിന് മുന്നിൽ മാത്രം വല്ലാത്തൊരു ആൾക്കൂട്ടം എന്റെ ശ്രദ്ധയിൽപ്പെട്ടു. ക്ലാസ്സിനുള്ളിലും പുറത്തും ഒരുപാട് വിദ്യാർത്ഥികൾ കൂട്ടം കൂടി നിൽക്കുന്നു. വരാന്തയിൽ തിങ്ങിക്കൂടി നിന്ന വിദ്യാർത്ഥികൾക്കിടയിലേക്ക് ഞാനും എന്റെ തലയിടിച്ച് കയറ്റി. ഒന്നും മനസ്സിലാകുന്നില്ല. അപ്പോഴാണ് ആനന്ദിന്റെ 'ആൾക്കൂട്ട"ത്തെ കുറിച്ച് ഒരു വാഗ്ധോരണി ചെവിയിൽ മുഴങ്ങിയത്. ശാന്തത അതിന്റെ പൂർണ്ണതയിൽ തിളങ്ങിയ നിമിഷങ്ങൾ. അടുത്തുകണ്ട ഒരു വിദ്യാർത്ഥിയോട് ചോദിച്ചു 'ഇവിടെയെന്താ ?" 'അപ്പൻ സാറിന്റെ ക്ലാസ്സാ... ആനന്ദിന്റെ നോവലുകളെ കുറിച്ച്..." പിന്നീടാണ് മനസ്സിലായത് മലയാളം എം.എ. ക്ലാസ്സിലെ സാറിന്റെ പതിവ് ക്ലാസ്സാണെന്ന്. 'എന്നും ഇങ്ങനെയാണോ ?" 'സാറ് പഠിപ്പിക്കാനുണ്ടെങ്കിൽ മാത്രം"... അക്ഷമനായ ആ വിദ്യാർത്ഥി പറഞ്ഞുനിർത്തി.
ആരാണ് അപ്പൻ സാർ ? ഞാൻ സ്വയം ചോദിച്ചു. ആ സമയത്ത് ഏറ്റവും ചർച്ച ചെയ്യപ്പെട്ട ഒരു കൃതിയായിരുന്നു കെ.പി. അപ്പൻ സാറിന്റെ 'ക്ഷോഭിക്കുന്നവരുടെ സുവിശേഷം". ഈ 'സുവിശേഷക്കാരനാ"ണ് മലയാളം ക്ലാസ്സിലെ കുട്ടികളുടെ ഏറ്റവും പ്രിയങ്കരനായ അദ്ധ്യാപകൻ. പാശ്ചാത്യ ലോകത്തെ അത്യന്താധുനിക പ്രവണതകൾ വരെ കുട്ടികൾക്ക് കാട്ടിക്കൊടുത്ത വിസ്മയമായിരുന്നു അപ്പൻ സാർ. 'ക്ഷോഭിക്കുന്നവരുടെ സുവിശേഷം" രണ്ട് മൂന്ന് തവണ ഞാൻ വായിച്ചു. അതുവരെ കണ്ടിട്ടില്ലാത്ത വല്ലാത്തൊരു സൗന്ദര്യം അതിലെ ഭാഷയ്ക്കുണ്ടായിരുന്നു. മലയാള സാഹിത്യത്തിൽ ആധുനികത വെട്ടിത്തിളങ്ങാൻ തുടങ്ങിയ സമയമായിരുന്നു അത്. കൊല്ലം എസ്.എൻ കോളേജിലെ ഒരു മമ്മൂട്ടിയായിരുന്നു അപ്പൻസാർ. ഗ്ലാമറിന്റെ കാര്യത്തിൽ എന്നും മുന്നിൽ. എന്റെ ഗുരുനാഥനും രാഷ്ട്രമീമാംസ വിഭാഗം മേധാവിയുമായിരുന്ന എസ്.കെ രാജഗോപാൽ സാറും കെ.പി. അപ്പൻ സാറും വലിയ അടുപ്പക്കാരായിരുന്നു. അവർ രണ്ടുപേരും കൂടി കാമ്പസിലൂടെ നടന്നുപോകുന്നത് തന്നെ ഒരു കാഴ്ചയാണ്.കാമ്പസിന്റെ മൂലയ്ക്ക് മാറിക്കിടക്കുന്ന മലയാളം ഡിപ്പാർട്ട്മെന്റിലേക്ക് തൂവെള്ള ഷർട്ടും മുണ്ടുമുടുത്ത് നടന്നുനീങ്ങുന്ന അപ്പൻ സാർ എന്റെ കലാലയ ജീവിതത്തിലെ അന്നത്തെ ഏറ്റവും സുന്ദരമായ ഒരു കാഴ്ചയായിരുന്നു. കൈയിൽ നിവർത്തിപിടിച്ച ഒരു കുടയുമുണ്ടാകും. ചിലപ്പോൾ ഒന്നുരണ്ട്പുസ്തകങ്ങളും കൈയിലുണ്ടായെന്ന് വരും. മുഖത്ത് എപ്പോഴും കുട്ടികൾക്കായി വലിയ ചിരി ഒളിപ്പിച്ചുവയ്ക്കും. മുടിഞ്ഞ ഗ്ലാമറാണ് സാറിന് എന്നൊരിക്കൽ ഒരു വിദ്യാർത്ഥി പറയുന്നത് കേട്ടു.സാറിന്റെ ക്ലാസ്സിലിരിക്കുമ്പോൾ കുട്ടികളിൽ പലർക്കും ഒരുതരം കാൽപനിക ജ്വരം സാറിനോട് തോന്നിയിരുന്നുവെന്ന് പിന്നീടാണ് എനിക്ക് മനസിലായത്. ഇക്കാര്യം ചോദിച്ചാൽ പെൺകുട്ടികൾ ഒളിപ്പിച്ചുവച്ച ഒരു ചിരിയുമായി കടന്നുകളയും. അറിവിന്റെ കടലിൽ നീന്തി നടക്കുന്ന ഒരു അദ്ധ്യാപകന് മറ്റുള്ളവർക്ക് എത്രവലിയ സമുദ്രങ്ങൾ കാണിച്ച് കൊടുക്കാൻ കഴിയുമെന്നതിന് ഉദാഹരണമായിരുന്നു അപ്പൻ സാർ.
ക്ലാസ്മുറികളിൽ പ്രഭാഷണങ്ങൾകൊണ്ട് ശിഷ്യൻമാരെ ധന്യമാക്കിയ ഈ അദ്ധ്യാപകൻ ഒരിക്കലും പ്രസംഗ വേദിയിൽ കയറിയിട്ടില്ല. ഏത് വേദിയിൽ പ്രസംഗിക്കാൻ വിളിച്ചാലും അദ്ദേഹം സ്നേഹപൂർവ്വം നിഷേധിക്കും. പ്രസംഗം തന്റെ കലയല്ല എന്നായിരുന്നു അപ്പൻ സാറിന്റെ ഭാഷ്യം. ഇതിന് അപവാദമായി നീരാവിലെ വേദിയിൽ മാത്രം അപ്പൻ സാറിനെ കണ്ടു. നവോദയ ഗ്രന്ഥശാലയിലെ ആദ്യാക്ഷരം കുറിക്കുന്ന ചടങ്ങിൽ അപ്പൻ സാറിനെ നിർബന്ധിച്ച് പിടിച്ചുകൊണ്ടു പോയത് നാസറാണ്. സാറിന്റെ ജീവിതത്തിൽ കരിനിഴൽ വീശിയ നാളുകളിൽ മറക്കാൻ കഴിയാത്ത ഒരു സ്നേഹത്തിന്റെ നിഴലായി സാറിനൊപ്പമോ അതിനു മുന്നിലോ നാസർ നടന്നു. ഒരു പക്ഷേ, ജീവിതത്തിൽ നാസറിന് കിട്ടിയ ഏറ്റവും വലിയ സുകൃതമായിരുന്നു അത്. അർബുദം അപ്പൻ സാറിന്റെ സ്വാസ്ഥ്യം കെടുത്തിയ നാളുകളിൽ നാസറിന്റെ സമർപ്പണം എനിക്ക് കൂടുതൽ ബോദ്ധ്യപ്പെട്ടു.
അപ്പൻ സാറിനെ ഒന്ന് അടുത്ത് പരിചയപ്പെടാൻ ഏത് വിദ്യാർത്ഥിയും കൊതിക്കുന്ന കാലമായിരുന്നു. പൊതുവേ ഒരു അന്തർമുഖനെ പോലെയായിരുന്നു കോളേജിൽ അന്നെന്റെ ജീവിതം. ഒരുപാട് സംസാരിക്കാൻ താൽപര്യമുള്ള ഒരു നാട്ടിൻപുറത്തുകാരനായിരുന്നെങ്കിലും കോളേജിൽ എത്തിയപ്പോൾ അതൊന്നും പുറത്തെടുക്കാൻ എനിക്ക് കഴിഞ്ഞിരുന്നില്ല. മിടുക്കരായ കുട്ടികൾക്ക് നടുവിൽ അപകർഷതയോടെ നിന്ന 'ഒരു മേലില"ക്കാരന്റെ ജീവിതം ക്ലച്ചുപിടിച്ചില്ല. ആളൊഴിഞ്ഞ കോളേജിന്റെ ഒന്നാം നിലയിലെ ഇടനാഴിയിലൂടെ ഞാൻ വെറുതെ നടക്കുകയായിരുന്നു. അപ്പൻ സാറിന്റെ ക്ലാസുണ്ടെങ്കിൽ വരാന്തയിൽ നിന്ന് കുറച്ചുനേരം അത് കേൾക്കണം. അപ്പോഴാണ് എന്റെ ക്ലാസ്മേറ്റായ പ്രതാപവർമ്മ തമ്പാൻ വേഗത്തിൽ എങ്ങോട്ടോ നടന്ന് പോകുന്നത് കണ്ടത് . കോളേജിൽ ചേർന്ന അന്നുമുതലേ തമ്പാനോട് ഒരു അടുപ്പമുണ്ട്. (തമ്പാൻ ഇന്ന് നമ്മോടൊപ്പമില്ല. ചാത്തന്നൂരിലെ നിയമസഭാംഗമായിരുന്നു പ്രതാപവർമ്മ തമ്പാൻ.) ആ സ്വാതന്ത്ര്യത്തിൽ ഞാൻ ചോദിച്ചു 'നീ എങ്ങോട്ടാ...?" 'നിന്നെ കൂട്ടാൻ കൊള്ളാവുന്ന സ്ഥലത്തേക്കല്ല പോകുന്നത് " തമ്പാൻ മറുപടി പറഞ്ഞു. അത് എനിക്ക് വലിയ ഷോക്കായി. ഒരു നാട്ടിൻപുറത്തുകാരന്റെ വീറും വാശിയും അപ്പോൾ എന്നിൽ സടകുടഞ്ഞ് എണീറ്റുവെന്നുവേണം പറയാൻ. ഞാനവന്റെ പിന്നാലെ കൂടി. അന്നു നടക്കുന്ന സംസ്ഥാനതല ശ്രീനാരായണ ഡിബേറ്റിംഗ് കോമ്പറ്റീഷനിൽ പ്രതാപവർമ്മ തമ്പാൻ മത്സരാർത്ഥിയായിരുന്നു. മത്സരം നടക്കുന്ന ഹാളിനുള്ളിൽ ചാർജ്ജിലുള്ള അദ്ധ്യാപകനോട് ഞാൻ ചോദിച്ചു. 'എനിക്കുംകൂടി മത്സരത്തിൽ പങ്കെടുക്കാമോ സാർ ?" മുന്നിലുള്ള കടലാസുകൾ പരിശോധിച്ചിട്ട് സാർ പറഞ്ഞു. 'താൻ കൂടി മത്സരിച്ചോ... ഈ കോളേജിൽ നിന്നും രണ്ടുപേർക്ക് മത്സരിക്കാം. ഒരാൾ മാത്രമേ പേര് തന്നിട്ടുള്ളൂ" ഞാൻ പേര് കൊടുത്തു. അന്ന് തമ്പാനോട് എനിക്ക് ഒരു വാശി തോന്നിയിരുന്നു. എന്നാൽ പിന്നീട് തമ്പാൻ എന്റെ എറ്റവുമടുത്ത സുഹൃത്തായെന്നത് മറ്റൊരുകാര്യം. അന്നത്തെ മത്സരത്തിൽ തമ്പാൻ കത്തിക്കയറുക തന്നെ ചെയ്തു. കെ.എസ്.യു നേതാവായിരുന്ന പ്രതാപവർമ്മ തമ്പാൻ കോളേജിൽ അറിയപ്പെട്ട പ്രാസംഗകൻ കൂടിയായിരുന്നു. മത്സരവേദിയിൽ എന്റെ കഴിവിന്റെ പരമാവധി സരസ്വതി വിളയാടിക്കാൻ ഞാൻ ശ്രമിച്ചു. മത്സരഫലം വന്നപ്പോൾ എനിക്ക് ഒന്നാം സ്ഥാനം കിട്ടി. ഞാൻ തമ്പാനോട് പറഞ്ഞു. 'ട്രോഫി നീയെടുത്തോ. പക്ഷേ നീ പറഞ്ഞത് എന്നെ വല്ലാതെ മുറിവേൽപ്പിച്ചു. അതുകൊണ്ടൊന്ന് മത്സരിച്ച് നോക്കിയതാ ഞാൻ" എന്നിലൊരു പ്രാസംഗകൻ ഉറങ്ങിക്കിടക്കുന്നുവെന്ന യാഥാർത്ഥ്യം എനിക്ക് കൂടുതൽ ബോദ്ധ്യപ്പെട്ടു. എന്നാലും മത്സരപ്രസംഗത്തിന്റെ വഴി എനിക്ക് തീരെ പരിചയമില്ലായിരുന്നു. അപ്പോഴാണ് ഒരു സുഹൃത്ത് എനിക്കൊരു ബുദ്ധി ഉപദേശിച്ച് തന്നത്. ഏത് പ്രസംഗത്തിന് മുന്നിലും ഒരു നെടുങ്കൻ ഉദ്ധരണി വച്ചു കാച്ചിയാൽ ജഡ്ജസ് അതിൽ വീണുപോകും. 'അതിന് ഉദ്ധരണി നമുക്ക് എവിടെനിന്നു കിട്ടും?." ഞാൻ ചോദിച്ചു. 'ചിന്നക്കട മാർക്കറ്റിൽ പോയാൽ അവിടെ നിന്നും പൊതിഞ്ഞ് കിട്ടും." അവൻ എന്നെ കളിയാക്കി. 'എടാ കഴുതേ... മലയാളം ഡിപ്പാർട്ട്മെന്റിൽ അപ്പൻസാറില്ലേ, അവിടെ ചെന്നാൽ ഉദ്ധരണി എത്ര വേണമെങ്കിലും കിട്ടും."
-ഇതിനിടയിൽ കോളേജിന്റെ ഇടനാഴിയിലൊക്കെ വച്ച് കാണുമ്പോൾ അപ്പൻസാറിന്റെ മുന്നിൽ ഒന്നു ശ്രദ്ധനേടാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്. വല്ലപ്പോഴുമൊക്കെ കാണുമ്പോൾ സാറൊന്ന് ചിരിക്കും. അങ്ങനെയൊരു ദിവസം ആഗതമായി. അന്ന് ഒരു പ്രസംഗ മത്സരത്തിന്റെ ഊഴം എന്നെ തേടി വന്നു. സുഹൃത്ത് പറഞ്ഞതനുസരിച്ച് ഞാൻ മലയാളം ഡിപ്പാർട്ടുമെന്റിലേക്ക് ഓടി.
അപ്പൻ സാർ മുറിയിൽ തനിച്ചായിരുന്നു.
( തുടരും)