dec

# ജീവനക്കാരെ നൽകില്ല

തിരുവനന്തപുരം: ഐ.പി.എസുകാർക്ക് വീട്ടുജോലിക്ക് ആളെ കൊടുക്കാനാവില്ലെന്നും

വീട്ടുജോലി വീട്ടിലുള്ളവർ ചെയ്യേണ്ടതാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. ഐ.പി.എസ് ഉദ്യോഗസ്ഥർ പൊലീസുകാരെക്കൊണ്ട് വീട്ടുജോലി ചെയ്യിക്കുന്നത് അവസാനിപ്പിക്കണമെന്നും അവരുടെ വീട്ടുജോലിക്ക് ക്ലാസ്-4 ജീവനക്കാരെ നൽകണമെന്നും കെ.ബി.ഗണേശ് കുമാർ സബ്മിഷനിലൂടെ ആവശ്യപ്പെട്ടപ്പോഴാണ് മുഖ്യമന്ത്രി ഇങ്ങനെ മറുപടി നൽകിയത്.

ഐ.പി.എസ് ഉദ്യോഗസ്ഥർ പലവ്യഞ്ജനം വാങ്ങാനും പട്ടിയെ കുളിപ്പിക്കാനും തുണി കഴുകാനുമെല്ലാം ഉന്നതബിരുദധാരികളായ സിവിൽ പൊലീസ് ഓഫീസർമാരെ നിയോഗിക്കുകയാണെന്ന് ഗണേശ് പറഞ്ഞു.സർക്കാർ ഇത് അവസാനിപ്പിക്കണം.

കേരളത്തിൽ ഒരു രാഷ്ട്രീയ നേതാവിനെയും ജനം ഉപദ്രവിക്കില്ല. ജനങ്ങൾ തിരഞ്ഞെടുക്കുന്നവരെ ജനങ്ങൾ കൊല്ലുമെന്ന് പേടിക്കേണ്ടതില്ല. ജീവന് ഭീഷണിയില്ലാത്ത പൊതുപ്രവർത്തകർ ബോഡി ഗാർഡുമാരെ തിരിച്ചയയ്ക്കണം. ആറുവർഷമായി നിയമസഭാംഗമല്ലാത്ത നേതാവ് നാല് പൊലീസുകാരെ കൂടെ കൊണ്ടുനടക്കുന്നു. യൂണിഫോമിട്ട് ജോലി ചെയ്യാതിരിക്കാൻ പൊലീസുകാർക്കും ഇത് സൗകര്യമാണ്. സിവിൽ പൊലീസ് ഓഫീസർമാരുടെ ക്ഷാമം രൂക്ഷമായിരിക്കെ, ഇത്തരം ഡ്യൂട്ടി ചെയ്യുന്നവരെ തിരിച്ചുവിളിക്കണമെന്നും ഗണേശ് ആവശ്യപ്പെട്ടു.

പൊലീസുകാരെ ഉന്നത ഉദ്യോഗസ്ഥർ തെറ്റായ രീതിയിൽ ഉപയോഗിക്കുന്നത് കുറഞ്ഞിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. സുരക്ഷാ ഭീഷണിയുള്ളവർക്കാണ് ഗൺമാൻമാരെ നൽകുന്നത്. ചിലർക്ക് പ്രത്യേക പരിഗണനയുടെ പേരിൽ നൽകാറുണ്ട്. എറണാകുളത്ത് പൊതുയോഗത്തിൽ പ്രസംഗിച്ചിറങ്ങിയ നേതാവിനെ ഒരു വിരോധത്തിന്റെയും പേരിലല്ലാതെ ഒരാൾ കുത്തിയിട്ടുണ്ട്.അനാവശ്യമായി ഗൺമാൻ ഉള്ളവർ ഒഴിവാക്കണം.

പൊലീസ് - ജനസംഖ്യാ

അനുപാതം

2012................ 1: 725

2022................ 1: 645

വനിതാ പൊലീസ്:

3191

സിവിൽ പൊലീസ്

ഓഫീസർമാർ:

27,​734

നികത്താനുള്ള ഒഴിവ്:

187

(മുഖ്യമന്ത്രി സഭയിൽ നൽകിയ കണക്ക്)