
മുംബയ്: തെന്നിന്ത്യൻ സൂപ്പർതാരങ്ങളായ വിജയ് സേതുപതിയ്ക്കും ജൂനിയർ എൻ ടി ആറിനുമൊപ്പം അഭിനയിക്കാനുള്ള ആഗ്രഹം തുറന്നുപറഞ്ഞ് ബോളിവുഡ് യുവതാരം ജാൻവി കപൂർ. ഗലാട്ട പ്ളസിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.
വിജയ് സേതുപതി നായകനായെത്തിയ നാനും റൗഡി താൻ നൂറ് തവണ കണ്ടു. വിജയ് സേതുപതിയെ വലിയ ഇഷ്ടമാണ്. നാനും റൗഡി താൻ കണ്ടതിനുശേഷം നമ്പർ സംഘടിപ്പിച്ച് അദ്ദേഹത്തെ വിളിച്ചു. ഒപ്പം അഭിനയിക്കാൻ ആഗ്രഹമുണ്ടെന്നും ഓഡിഷനിൽ പങ്കെടുക്കാമെന്നും അറിയിച്ചു. അയ്യോ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എന്നാലതിന്റെ അർത്ഥമെന്താണെന്ന് ശരിക്ക് മനസിലായില്ല. വിജയ് സർ അമ്പരന്നെന്നാണ് കരുതുന്നത്. ജൂനിയർ എൻ ടി ആറിനെക്കുറിച്ച് പറഞ്ഞുതുടങ്ങിയാൽ നിർത്താൻ സാധിക്കില്ലെന്നും ജാൻവി കപൂർ പറഞ്ഞു.
അന്ന ബെൻ നായികയായെത്തിയ ഹെലന്റെ ഹിന്ദി റീമേക്ക് ആയ മിലിയാണ് ജാൻവിയുടേതായി പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം. വരുൺ ധവാനൊപ്പമുള്ള ബവാൽ, രാജ് കുമാർ റാവു നായകനാവുന്ന മിസ്റ്റർ ആൻഡ് മിസിസ് മഹി എന്നിവയാണ് ജാൻവി നായികയായെത്തുന്ന മറ്റ് സിനിമകൾ.