
പ്രണയത്തിന് വയസ്, ലിംഗം. നിറം എന്നീ മാനദണ്ഡങ്ങളില്ല. പ്രണയം ഏത് പ്രായത്തിലും സംഭവിക്കാം. ഇപ്പോൾ ഇതാ അത്തരം ഒരു വാർത്തയാണ് പുറത്തുവരുന്നത്. 57 വയസിൽ റിലേഷൻഷിപ്പ് കോച്ചിന്റെ സഹായത്തോടെ തന്റെ പ്രണയം കണ്ടെത്തിരിക്കുകയാണ് ഇസബെല്ല അർപിനോ എന്ന യുവതി. 23 വർഷത്തെ ദാമ്പത്യം അവസാനിച്ചതിന് ശേഷം ഇസബെല്ല തന്റെ പ്രണയം കണ്ടെത്താൻ ഒരു റിലേഷൻഷിപ്പ് കോച്ചിന്റെ സഹായം തേടുകയായിരുന്നു.
പിന്നീട് സംഭവിച്ചതെല്ലാം രസകരമായ കാര്യങ്ങളാണ്. വടക്കുപടിഞ്ഞാറൻ ലണ്ടനിലെ ഈസ്റ്റ്‌കോട്ട് നിവാസിയാണ് ഇസബെല്ല അർപിനോ. ഡേറ്റിംഗ് ആപ്പിൽ പ്രണയം കണ്ടെത്താൻ സഹായിക്കുന്നതിനായി ജേക്ക് മഡോക്ക് എന്ന ഓസ്ട്രേലിയൻ റിലേഷൻഷിപ്പ് കോച്ചിനെ ടിക് ടോക്കിലൂടെയാണ് ഇവർ പരിചയപ്പെട്ടത്. ഇതിന് പ്രതിഫലമായി ഇവർ കോച്ചിന് വാഗ്ദാനം ചെയ്തത് 2000 പൗണ്ട് ( ഏകദേശം രണ്ട് ലക്ഷം രൂപ) ആണ്. കോച്ച് ഇവർക്കൊപ്പം നിൽക്കുകയും പതിയെ ഇസബെല്ലയുടെ ആത്മവിശ്വസം വളർത്തിയെടുക്കുകയും ചെയ്തു. തനിക്ക് പ്രണയിക്കാൻ ഒരാൾ ഉണ്ടെന്നുള്ള തോന്നൽ ഉണ്ടാക്കിയെടുത്തു.
ഒടുവിൽ കോച്ചിന്റെ സഹായത്തോടെ നിരവധി ഗ്രൂപ്പ് കൗൺസിലിംഗ് സെഷനുകൾക്ക് ശേഷം ഇസബെല്ല തന്റെ പ്രണയം കണ്ടെത്തി. 60 കാരനായ ഇയാൻ ക്ലെഗിനെയായിരുന്നു ഇസബെല്ല കണ്ടെത്തിയത്. തനിക്ക് നല്ലൊരു കൂട്ട് കണ്ടെത്തി തരാൻ സഹായിച്ചത് തന്റെ കോച്ചായ ജേക്ക് മഡോക്ക് ആണെന്നും അദ്ദേഹത്തെ കണ്ടുമുട്ടിയതാണ് ജീവിതത്തിൽ വഴിത്തിരിവായതെന്നും ഇസബെല്ല മാദ്ധ്യമങ്ങളോട് പറഞ്ഞു. മൂന്ന് കുട്ടികളുടെ അമ്മയാണ് ഇസബെല്ല. അമ്മയുടെ ഒറ്റപ്പെടലിനും ഏകാന്തതയ്ക്കും പരിഹാരമായി മകളായ 24കാരിയാണ് ഇത്തരമൊരു കാര്യത്തിന് പ്രേരിപ്പിച്ചത്.