arvind-kejriwal

ന്യൂഡൽഹി: ഡൽഹി കോ‌ർപ്പറേഷൻ തിരഞ്ഞെടുപ്പിൽ ഫലം പുറത്തുവന്നതിന് പിന്നാലെ ആം ആദ്മി വിജയത്തിൽ പ്രതികരണവുമായി ഡൽഹി മുഖ്യമന്ത്രിയും എ എ പി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്‌രിവാൾ രംഗത്തെത്തി. കോ‌ർപ്പറേഷൻ ഭരണത്തിന് കേന്ദ്രത്തിന്റെ സഹകരണം അഭ്യർത്ഥിക്കുകയും തങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അനുഗ്രഹം വേണമെന്നും കെജ്‌രിവാൾ പറഞ്ഞു.

ഡൽഹിയെ അഴിമതി മുക്തമാക്കണം. എ എ പിയുടെ വിജയത്തിന് കാരണക്കാരായ ജനങ്ങളെ അഭിനന്ദിക്കുന്നു. മാറ്റം കൊണ്ടുവന്നതിന് നിങ്ങളോട് നന്ദി പറയുകയാണെന്നും അദ്ദേഹം അറിയിച്ചു. ഡൽഹിക്ക് മികച്ച വിദ്യാഭ്യാസം നൽകിയതും ആരോഗ്യമേഖലയ്ക്ക് പുതിയ മുഖം സമ്മാനിച്ചതും തങ്ങളാണെന്നും അദ്ദേഹം അവകാശപ്പെട്ടു. കൂടാതെ ബി ജെ പിയുടെയും കോൺഗ്രസിന്റെയും സഹകരണവും കെജ്‌രിവാൾ ആവശ്യപ്പെട്ടു.

I want the cooperation of the BJP & Congress to work for Delhi now. I appeal to the Centre &ask for PM's blessings to make Delhi better. We have to make MCD corruption-free. Today, the people of Delhi have given a message to the entire nation: Delhi CM Arvind Kejriwal pic.twitter.com/oRsLUQy8RJ

— ANI (@ANI) December 7, 2022

തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ, രാജ്യസഭാ എം പി സഞ്ജയ് സിംഗ് എന്നിവർക്കൊപ്പമാണ് അരവിന്ദ് കെജ്‌രിവാൾ ജനങ്ങളെ അഭിസംബോധന ചെയ്തത്. കഴിഞ്ഞ പതിനഞ്ച് വർഷമായി ബി ജെ പി കുത്തകയാക്കി ഭരിച്ചിരുന്ന ഡൽഹി മുനിസിപ്പൽ കോർപ്പറേഷനാണ് ആം ആദ്മി നേരിയ ഭൂരിപക്ഷത്തിനാണെങ്കിലും പിടിച്ചെടുത്തത്.

250 വാർഡുകളുള്ള മുൻസിപ്പൽ കോർപ്പറേഷൻ ഒഫ് ഡൽഹിയിൽ ആം ആദ്മി പാർട്ടി 133 സീറ്റുകളാണ് പിടിച്ചെടുത്തത്. ഭരണം നഷ്ടമായ ബി ജെ പി 105 വാർഡുകൾ സ്വന്തമാക്കി. എന്നാൽ രണ്ടക്കം പോലും തികയ്ക്കാനാവാതെ കോൺഗ്രസ് എട്ട് സീറ്റുകളിൽ ഒതുങ്ങി. സ്വതന്ത്രരുൾപ്പടെ മറ്റുള്ളവർ നാല് സീറ്റിലും ജയിച്ചു. മുൻസിപ്പൽ കോർപ്പറേഷൻ ഒഫ് ഡൽഹി (എംസിഡി) പുനസംഘടിപ്പിച്ച ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പായിരുന്നു ഇത്.