
തിരുവനന്തപുരം: 'അറിവാണ് ലഹരി' എന്ന സന്ദേശമേകി കേരള മീഡിയ അക്കാദമി ഹയർ സെക്കന്ററി, കോളേജ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന 'ക്വിസ് പ്രസ് 2022' പ്രശ്നോത്തരിയുടെ ദക്ഷിണ മേഖലാ മത്സരത്തിൽ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് വിദ്യാർത്ഥികൾ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. എം എ പൊളിറ്റിക്കൽ സയൻസ് വിദ്യാർത്ഥികളായ ശബരിനാഥ് വി എസ്, ഹരികൃഷ്ണന്‍ എസ് എസ് എന്നിവരുടെ ടീം ഒന്നാം സമ്മാനം നേടി. എം എ പൊളിറ്റിക്കൽ സയൻസ് വിദ്യാർത്ഥി വിഷ്ണു മഹേഷ്, എം എ സുവോളജി വിദ്യാർത്ഥിനി അനുഷ എ എസ്, എന്നിവർ രണ്ടാം സ്ഥാനത്തെത്തി. ഇഗ്‌നോ തിരുവനന്തപുരം സെന്ററിലെ വിദ്യാർത്ഥികളായ അരവിന്ദ് എം ജെ, അമൽ എ എന്നിവരുടെ ടീം മൂന്നാം സ്ഥാനം നേടി. ഒന്ന് രണ്ട് സ്ഥാനക്കാർക്ക് 10000, 5000 രൂപ വീതം ലഭിക്കും. തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സരസ്വതി വിദ്യാലയത്തില്‍ എഡിജിപി എം ആർ അജിത് കുമാർ ക്വിസ് പ്രസ് സെക്കൻഡ് എഡിഷന്റെ ദക്ഷിണമേഖലാ മത്സരം ഉദ്ഘാടനം ചെയ്തു. പ്രശസ്ത ക്വിസ്‌മാസ്റ്റർ ജി എസ് പ്രദീപ് ക്വിസ് മത്സരം നയിച്ചു.
പലതരം പുതിയ ലഹരികളുടെ കാലത്താണ് നാം ജീവിക്കുന്നതെന്നും അമ്മയെയും കുടുംബാംഗങ്ങളെയും സ്നേഹിച്ചാൽ മറ്റൊരു ലഹരിയിലേക്കും വീഴാതെ പ്രതിസന്ധികളെ തരണം ചെയ്യാനാകുമെന്നും എഡിജിപി ഉദ്ഘാടനപ്രസംഗത്തിൽ പറഞ്ഞു. സരസ്വതി വിദ്യാലയം ചെയർമാൻ ഡോ. ജി രാജ്മോഹൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കേരള മീഡിയ അക്കാദമി ചെയർമാൻ ആർ എസ് ബാബു മുഖ്യ പ്രഭാഷണം നടത്തി. അറിവിനു വേണ്ടിയുളള മത്സരത്തിൽ മാദ്ധ്യമസാക്ഷരതയും പ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു.
മത്സരത്തോട് അനുബന്ധിച്ച് നടന്ന ലഹരിവിരുദ്ധ ഫോട്ടോപ്രദർശനം സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധിബോർഡ് ചെയർമാൻ മധുപാൽ ഉദ്ഘാടനം ചെയ്തു. എക്സൈസ് ഇൻസ്പെക്ടര്‍ പി ജി സുനിൽ കുമാർ ലഹരി വിരുദ്ധ ക്ലാസ് നയിച്ചു.
കേരള മീഡിയ അക്കാദമി സെക്രട്ടറി അനിൽ ഭാസ്‌കർ, അസി. സെക്രട്ടറി പി കെ വേലായുധൻ, സരസ്വതീ വിദ്യാലയ പ്രിൻസിപ്പൽ ഷൈലജ ഒ ആർ കേരള പത്രപ്രവർത്തക യൂണിയൻ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സാനു ജോർജ്, കേരള കൗമുദി ഡെപ്യൂട്ടി എഡിറ്റർ വി എസ് രാജേഷ് എന്നിവർ സംസാരിച്ചു. സരസ്വതീ വിദ്യാലയ വൈസ് ചെയർ പേഴ്സൺ ഡോ. ദേവി മോഹൻ സമ്മാനങ്ങൾ വിതരണം ചെയ്തു.
ഡിസംബർ 8 വ്യാഴാഴ്ച വടകര മടപ്പളളി ഗവ.കോളേജിലാണ് ഉത്തരമേഖലാ മത്സരം നടക്കുക. ഡിസംബർ 26 തിങ്കളാഴ്ച തളിപ്പറമ്പ് ധർമ്മശാലാ ആഡിറ്റോറിയത്തിൽ നടക്കുന്ന മെഗാഫൈനൽ മത്സരത്തിൽ ഒന്നാം സ്ഥാനത്തെത്തുന്ന ടീമിന് മുഖ്യമന്ത്രിയുടെ ട്രോഫിയും ഒരു ലക്ഷം രൂപയും സമ്മാനമായി ലഭിക്കും. കൂടാതെ 50000, 10000, 5000 രൂപയുടെ സമ്മാനങ്ങളുമുണ്ട്.