congress

ഷിംല: ഹിമാചൽ പ്രദേശിലും ഗുജറാത്തിലും തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ നാളെയാണ്. രണ്ട് സംസ്ഥാനങ്ങളിലും കോൺഗ്രസിന് നിർണായക പോരാട്ടമാണ്. പല എക്‌സിറ്റ് പോൾ ഫലങ്ങളിലും പാർട്ടി പിന്നിലാകുമെന്നോ കടുത്ത മത്സരം നേരിടുമെന്നോ ആണ് ഫലങ്ങൾ. ഇതിനിടെ ഹിമാചലിൽ 30 മുതിർന്ന നേതാക്കളെ പാർട്ടിയിൽ നിന്ന് പുറത്താക്കി കോൺഗ്രസ് സംസ്ഥാന ഘടകം.

പാർ‌ട്ടി വിരുദ്ധ പ്രവർത്തനങ്ങൾക്ക് അടുത്ത ആറ് വർഷത്തേക്കാണ് ഇവരെ പ്രാഥമികാംഗത്വത്തിൽ നിന്നും പുറത്താക്കിയിരിക്കുന്നത്. ഷിംലയിലെ പാർട്ടി ഭാരവാഹികളാണ് പുറത്തായവരിലെല്ലാം. ചോപൽ കോൺഗ്രസ് ബ്ളോക്ക് കമ്മിറ്റിയിൽ നിന്നും ലഭിച്ച പരാതിയെ തുടർന്നാണ് കർശന അച്ചടക്ക നടപടി.നിലവിൽ ബിജെപി എംഎൽഎ ബൽബീർ വെർമ്മയ്‌ക്കെതിരെ തനിക്ക് സീറ്റ് ലഭിക്കാത്തതിനാൽ 2017ൽ ചോപൽ സീറ്റിൽ മത്സരിച്ച കോൺഗ്രസ് സ്ഥാനാർത്ഥി സുഭാഷ് മംഗ്ളേത്തെ ഇത്തവണ വിമത സ്ഥാനാർത്ഥിയായി ഇവിടെ മത്സരിക്കുന്നുണ്ട്. ഇദ്ദേഹത്തിന് അനുകൂലമായി നിൽക്കുന്നവർക്കാണ് കൂടുതലും നടപടി നേരിടേണ്ടിവന്നതെന്നാണ് സൂചനകൾ.