
യഷ് നായകനായ കെ.ജി.എഫ് സീരിസുകളിൽ താത്ത എന്ന അന്ധനായ കഥാപാത്രത്തെ അവതരിപ്പിച്ച മുതിർന്ന കന്നട നടൻ കൃഷ്ണ ജി. റാവു യാത്രയായി. കെ.ജി.എഫ് 2 വിൽ 'നിങ്ങൾക്കൊരുപദേശം തരാം, ഒരു കാലത്തും നിങ്ങളയാളെ എതിർത്തുനിൽക്കാൻ പോകരുത് സാർ എന്ന റാവു അവതരിപ്പിച്ച കഥാപാത്രത്തിന്റെ സംഭാഷണം ഏറെ ശ്രദ്ധേയമായിരുന്നു. ചിത്രത്തിലെ തൂഫാൻ എന്ന ഗാനരംഗത്തായിരുന്നു ഈ സംഭാഷണം. കെ.ജി.എഫിലൂടെ ഇന്ത്യ മുഴുവൻ പ്രശസ്തനായ കൃഷ്ണ ജി. റാവു അവതരിപ്പിച്ചവയിൽ ഭൂരിഭാഗവും സഹനടന്റെ വേഷമായിരുന്നു. അസിസ്റ്റന്റ് ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്നാണ് അന്ത്യം. നാനേ നാരായണാ എന്ന ചിത്രം റിലീസിന് ഒരുങ്ങവേയാണ് അപ്രതീക്ഷിത വേർപാട്. ചിത്രത്തിൽ ടൈറ്റിൽ റോളിലാണ് എത്തുന്നത്. ആദ്യ നായക വേഷം വെള്ളിത്തിരയിൽ എത്തിനു മുൻപേയാണ് മടക്കം.