rivaba

ന്യൂഡൽഹി: ഗുജറാത്ത് തിരഞ്ഞെടുപ്പിലെ താര സ്ഥാനാർത്ഥിയായിരുന്ന ക്രിക്കറ്ര് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ ജഡേജ കന്നി മത്സരത്തിൽ 57 ശതമാനം വോട്ടു നേടിയാണ് ജാംനഗർ നോർത്ത് മണ്ഡലത്തിൽ നിന്ന് ജയിച്ചത്. 42,​405 വോട്ടുകളുടെ ഭൂരിപക്ഷമാണ് അവർക്ക് ലഭിച്ചത്. ഇൗ വിജയം നിങ്ങളുടേതു കൂടിയാണെന്ന് വിജയ പ്രഖ്യാപനത്തിനു ശേഷം റിവാബ പ്രതികരിച്ചു. മുഖ്യ എതിരാളിയായിരുന്ന ആം ആദ്മി പാർട്ടിയുടെ കർഷൻ ഭായ് കർമൂറിന് 23 ശതമാനവും കോൺഗ്രസിലെ ബിപേന്ദ്ര സിംഗ് ചതുർസിംഗ് ജഡേജയ്ക്ക് 15.5 ശതമാനവും വോട്ടുകളാണ് ലഭിച്ചത്. വോട്ടെണ്ണലിന്റെ ആദ്യ ഘട്ടത്തിൽ മൂന്നാം സ്ഥാനത്തായിരുന്ന റിവാബ പിന്നീട് ഒന്നാം സ്ഥാനത്തേയ്ക്കെത്തുകയായിരുന്നു. ധർമ്മേന്ദ്ര സിംഗ് ജഡേജയുടെ സിറ്റിംഗ് സീറ്റായിരുന്ന ജാംനഗറിൽ അദ്ദേഹത്തെ മാറ്റിയാണ് റിവാബയെ മത്സരിപ്പിക്കാൻ ബി.ജെ.പി തീരുമാനിച്ചത്.

മുതിർന്ന കോൺഗ്രസ് നേതാവായ ഹരി സിംഗ് സോളങ്കിയുടെ ബന്ധുവായ റിവാബ 2019ലാണ് ബി.ജെ.പിയിൽ ചേരുന്നത്. ജഡേജയുടെ കുടുംബാംഗങ്ങളിൽ ഭൂരിഭാഗം പേരും കോൺഗ്രസ് പ്രവർത്തകരാണ്. കോൺഗ്രസിന് വോട്ട് ചെയ്യണമെന്ന് അഭ്യർത്ഥിച്ച് ജഡേജയുടെ പിതാവ് രംഗത്തെത്തിയത് വളരെ വിവാദമായിരുന്നു. കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്ന ജഡേജയുടെ സഹഹോദരി നയനബ ജഡേജയും കോൺഗ്രസിനു വേണ്ടി രംഗത്തിറങ്ങിയിരുന്നു.ഇതിനു പിന്നാലെ കുടുംബാംഗങ്ങൾ തമ്മിൽ പ്രശ്നത്തിലാണെന്ന തരത്തിൽ വാർത്തകൾ പ്രചരിക്കുകയും റിവാബ അതിനെതിരെ രംഗത്തെത്തുകയും ചെയ്തു. തങ്ങളുടെ കുടുംബത്തിൽ പ്രശ്നങ്ങലൊന്നുമില്ലെന്നും അംഗങ്ങൾക്ക് അവർ ആഗ്രഹിക്കുന്നതെന്തും ചെയ്യാൻ സ്വാതന്ത്ര്യവും അവകാശവുമുണ്ടെന്നും നയനേബ ജഡേജ വിവാദങ്ങളോട് പ്രതികരിച്ചു. രവീന്ദ്ര ജഡേജ പ്രചരണത്തിന് വേണ്ടി ഇറങ്ങിയിരുന്നു.

വളരെ നാളുകളായി പൊതു പ്രവർത്തന മേഖലയിൽ പ്രവർത്തിക്കുന്ന റിവാബയുടെ രാഷ്ട്രീയ പ്രവേശനത്തിന് മുമ്പ് വലിയ വിവാദങ്ങളാണ് ഉയർന്നത്.

ബി.ജെപിയിലുള്ള വിശ്വാസത്തിന്റെ ഫലം

തിരഞ്ഞെടുപ്പ് വിജയം ഗുജറാത്ത് മോ‌ഡലിലുള്ള ജനങ്ങളുടെ വിശ്വാസത്തിന്റെ തെളിവാണെന്നും അവർ ബി.ജെ.പിക്കൊപ്പമാണെന്നും റിവാബ പ്രതികരിച്ചു. തന്നെ സ്ഥാനാർത്ഥിയാക്കിയവർക്കും തനിക്കു വേണ്ടി പ്രയത്നിച്ചവർക്കും നന്ദി പറയുന്നു. അവർക്ക് അവകാശപ്പെട്ടതാണ് ഈ വിജയം.