parleg

വ്യത്യസ്തമായ ഭക്ഷണം രുചിക്കാൻ ആഗ്രഹമില്ലാത്തവരായി ആരാണുള്ളത്. സ്ഥിരം കഴിക്കുന്ന ഭക്ഷണ വിഭവങ്ങളിൽ നിന്നും വ്യത്യസ്തമായ രുചിഭേദങ്ങൾ അടുക്കളയിൽ തന്നെ പാകം ചെയ്ത് അല്ലെങ്കിൽ ഏതെങ്കിലും റെസ്റ്റോറന്റിൽ പോയി ആസ്വദിക്കുന്നത് വല്ലാത്തൊരു സംതൃപ്തിയാണ് തരുന്നത് എന്ന കാര്യത്തിൽ സംശയമില്ല. ഇത്തരത്തിലുള്ള വ്യത്യസ്തമായ വിഭവങ്ങൾ ഇപ്പോൾ സൈബർ ലോകത്തും സ്ഥിരം വൈറലായി മാറുന്ന ഒരു കാഴ്ചയാണ് .

നിരവധി ഫുഡ് വ്ളോഗർമാർ ഭക്ഷണത്തിൽ വ്യത്യസ്തത അവതരിപ്പിക്കുമ്പോൾ ഒരു പടി കൂടെ കടന്ന് ഒരിക്കലും തമ്മിൽ ചേരാത്ത വിഭവങ്ങൾ തമ്മിൽ ഇടകലർത്തി പരീക്ഷണം നടത്തുന്ന വീഡിയോകളും ഇന്റർനെറ്റിൽ സുലഭമാണ്. അത്തരത്തിൽ കുർക്കുറേ മിൽക്ക് ഷേക്ക്, ന്യൂട്ടെല്ല ബിരിയാണി, മാഗി മിൽക്ക് ഷേക്ക്, ഫാന്റ ഓംലറ്റ്, ഗുലാബ് ജാമുൻ സമൂസ എന്നിങ്ങനെ പേര് കേട്ടാൽ തന്നെ ഭക്ഷണ പ്രേമികളെ പോലും രണ്ടാമതൊന്ന് ചിന്തിപ്പിക്കുന്ന വിഭവങ്ങൾ ഇന്റർനെറ്റിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

പാർലേ-ജി ബിസ്ക്കറ്റുകൾ ചായയിൽ കുതിർത്ത് കഴിക്കാൻ ഇഷ്ടപ്പെടാത്തവരായി ആരാണുള്ലത്. എന്നാൽ ഇപ്പോൾ പാർലേ-ജി ബിസ്ക്കറ്റ് വെച്ചുള്ള വഴി വിട്ടൊരു ഭക്ഷണ പരീക്ഷണമാണ് ഭക്ഷണപ്രേമികൾക്കിടയിലും സോഷ്യൽ മീഡിയയിലും ചർച്ചയായിരിക്കുന്നത്. പാർലേ-ജി ബിസ്ക്കറ്റ് ഉപയോഗിച്ച് ഹൽവ തയ്യാറാക്കുന്ന വീഡിയോ ആണ് ഇത്രയും സംസാര വിഷയമായി മാറിയിരിക്കുന്നത്. പാലിൽ നെയ്യൊഴിച്ച് ചൂടാക്കിയ ശേഷം അതിൽ പാർലേ-ജി ബിസ്ക്കറ്റുകൾ ചേർത്ത് ചൂടാക്കി പൊടിച്ച് മറ്റു ചേരുവകളുമായി ഹൽവ തയ്യാറാക്കുന്ന വീഡിയോ ‌ട്വിറ്റർ വഴിയാണ് പ്രചരിക്കുന്നത്.

Parle G biscuit ka halwa kha lo friendzzzz🤣🤣🤣 Good morning G🙈 pic.twitter.com/ZRuCQDNiCJ

— Mohammed Futurewala (@MFuturewala) December 8, 2022

വീഡിയോ പുറത്തിറങ്ങിയതിന് പിന്നാലെ പാർലേ-ജിയോട് ഇങ്ങനെ ചെയ്തത് ശരിയായില്ല എന്നാണ് പലരുടെയും അഭിപ്രായം. ഹൽവ, ഹൽവയായും പാർലേജി ബിസ്ക്കറ്റുകൾ, ബിസ്ക്കറ്റുകളായും ഇരിക്കുന്നത് തന്നെയാണ് നല്ലതെന്നും എന്തിനാണ് ഇങ്ങനെ കൂട്ടിക്കലർത്തി നശിപ്പിക്കുന്നത് എന്ന് ചോദിക്കുന്നവരുമുണ്ട്.