fire

വർക്കല: ബൈക്കിൽ കയറ്റാത്തതിന്റെ വൈരാഗ്യത്തിൽ 15 ദിവസം മുമ്പ് വാങ്ങിയ പുതിയ ബൈക്ക് യുവാവ് തീവച്ചു നശിപ്പിച്ചതായി പരാതി. വർക്കല പുല്ലാന്നികോട് സ്വദേശിയായ വിനീതിന്റെ ബൈക്കാണ് ഇന്നലെ രാത്രി കത്തിനശിച്ച നിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച പുലർച്ചെ രണ്ടോടെ വൻ ശബ്ദംകേട്ട് വിനീതിന്റെ വീട്ടുകാരും അയൽവാസികളും ഉണർന്നപ്പോഴാണ് വിനീതിന്റെ വീടിന്റെ മുൻവശത്ത് പാർക്ക് ചെയ്തിരുന്ന ബൈക്ക് കത്തുന്നത് കണ്ടത്.

വെള്ളമൊഴിച്ച് തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും വണ്ടി പൂർണമായും നശിക്കുകയായിരുന്നു. വീടിന്റെ മേൽക്കൂര തകര ഷീറ്റായിരുന്നതിനാൽ തീപടർന്നില്ല. സമീപവാസിയായ വിനീതിന്റെ സുഹൃത്താണ് സംഭവത്തിന് പിന്നിലെന്നാണ് ആരോപണം. കഴിഞ്ഞദിവസം രാത്രി പുതിയ ബൈക്കിൽ സുഹൃത്തിനെ അയാളുടെ സഹോദരിയുടെ വീട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ടത് താൻ നിഷേധിച്ചു. ഇതിന്റെ വൈരാഗ്യത്തിൽ സുഹൃത്ത് വണ്ടി കത്തിച്ചുകളയുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായി വിനീത് പൊലീസിനോട് പറഞ്ഞു.

വീടിന് സമീപത്തുള്ള റോഡിൽ വിനീത് സുഹൃത്തുമായി രാത്രി 10വരെ സംസാരിക്കുന്നത് കണ്ടതായി പരിസരവാസികൾ പറയുന്നു. സംഭവത്തിനുശേഷം ഒളിവിൽപ്പോയ വിനീതിന്റെ സുഹൃത്തിനുവേണ്ടി വർക്കല പൊലീസ് അന്വേഷണം ഊർജിതമാക്കി. ഏകദേശം 1.20 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. സംഭവസ്ഥലത്ത് പരിശോധന നടത്തിയ പൊലീസ് സയന്റിഫിക് വിഭാഗം തെളിവുകൾ ശേഖരിച്ചു.