
കൊച്ചി: തനിക്കെതിരെ കുന്നത്തുനാട് എംഎൽഎ പി.വി ശ്രീനിജൻ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തത് വ്യക്തമായ ഗൂഢാലോചനയെന്ന് പ്രതികരണവുമായി ട്വന്റി 20 കോ ഓർഡിനേറ്റർ സാബു എം. ജേക്കബ്. തിരുവാണിയൂർ പഞ്ചായത്തിൽ ഡിസംബർ ആറിന് പതിനായിരത്തോളം പേർ പങ്കെടുത്ത ട്വന്റി 20 പരിപാടിയെ തുടർന്ന് കുന്നത്തുനാട്ടിലെ ഒരു പഞ്ചായത്ത് കൂടി തങ്ങൾക്ക് നഷ്‌ടമാകും എന്ന ഭയപ്പാടിൽ നൽകിയ കേസാണിതെന്നും സാബു ജേക്കബ് ആരോപിച്ചു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ജയിച്ചതോടെ ട്വന്റി 20യെ ഇല്ലാതാക്കാനായി ശ്രീനിജൻ തന്റെ കമ്പനികളെ ആക്രമിച്ചതായും അങ്ങനെ തന്നെ ഇല്ലാതാക്കാൻ ശ്രമിച്ചെന്നും സാബു എം.ജേക്കബ് പറഞ്ഞു.
എംഎൽഎയ്ക്കൊപ്പം വേദി പങ്കിടണമോ എന്നത് വ്യക്തിസ്വാതന്ത്ര്യമാണെന്നും മുഖ്യധാരാ പാർട്ടികളുടെ നേതാക്കളുടെ ഒരു പരിപാടിയിലും വേദി പങ്കിടണ്ട എന്നതാണ് പാർട്ടി തീരുമാനമെന്നും സാബു ജേക്കബ് വ്യക്തമാക്കി. അതിനാലാണ് ഐക്കരനാട് പഞ്ചായത്ത് പ്രസിഡന്റ് ഡീന ദീപക്ക് അടക്കം വേദിയിൽ നിന്നും മാറി സദസിലിരുന്നത്. അതിനെതിരെ പട്ടികജാതി പീഡന നിരോധന നിയമപ്രകാരം കേസെടുക്കുന്നത് അധികാരം വച്ച് എന്ത് വൃത്തികേടും കാണിക്കുന്നതാണെന്ന് സാബു എം.ജേക്കബ് ആരോപിച്ചു.
വേദിയിൽ വച്ച് അപമാനിച്ചെന്നും പലതവണ വിവേചനപരമായി പെരുമാറിയെന്നും കാണിച്ച് പി.വി ശ്രീനിജൻ എംഎൽഎ നൽകിയ പരാതിയിൽ പുത്തൻകുരിശ് പൊലീസാണ് കേസെടുത്തത്. സാബു എം.ജേക്കബാണ് പ്രധാനപ്രതി. ഐക്കരനാട് പഞ്ചായത്ത് പ്രസിഡന്റ് ഡീന ദീപക്കാണ് രണ്ടാംപ്രതി.