ഇന്ദ്രൻസിനെ നായകനാക്കി നവാഗതനായ എ ബി ബിനിൽ കഥയും തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് വാമനൻ. ഈ മാസം പതിനാറിനാണ് സിനിമ റിലീസ് ചെയ്യുന്നത്. ചിത്രത്തെക്കുറിച്ച് മനസുതുറന്നിരിക്കുകയാണ് ഇന്ദ്രൻസിപ്പോൾ.

തന്റെ മറ്റ് ചിത്രങ്ങളിലെ കഥാപാത്രങ്ങളിൽ നിന്ന് വാമനനിലെ കഥാപാത്രത്തിന് വ്യത്യാസമുണ്ടെന്ന് ഇന്ദ്രൻസ് പറയുന്നു. ഹോട്ടൽ ജീവനക്കാരന്റെ വേഷത്തെയാണ് അവതരിപ്പിക്കുന്നത്. കുടുംബത്തെ അത്രയും സ്‌നേഹിക്കുന്നയാളാണ്. ഹൊറർ ടൈപ്പ് മൂവിയാണെന്ന സൂചനകളും അദ്ദേഹം വ്യക്തമാക്കി. പുതിയ സംവിധായകരിൽ നിന്നാണ് വ്യത്യസ്തമായ വേഷങ്ങൾ കിട്ടിയതെന്നും ഇന്ദ്രൻസ് വ്യക്തമാക്കി.
സ്മാർട്ട് ഫോൺ ഉപയോഗിച്ചുതുടങ്ങിയിട്ടില്ലെന്നും ഇന്ദ്രൻസ് വ്യക്തമാക്കി. 'പഠിച്ചെടുക്കാൻ പാടാണ്. അഭിനയം തന്നെ ഒരുപാട് പഠിക്കാൻ കിടക്കുന്നു. ജീവിതം അവസാനിക്കാത്തിടത്തോളം അതൊന്നും അവസാനിക്കില്ല. സ്മാർട്ട് ഫോൺ വാങ്ങിയാൽ വാട്സാപ്പിലൊക്കെ രാത്രി ഗുഡ് നൈറ്റും, രാവിലെ ഗുഡ് മോണിംഗുമൊക്കെ എല്ലാവരും പറയും. നമ്മൾ തിരിച്ച് മറുപടി കൊടുത്തില്ലെങ്കിൽ അവർക്ക് വിഷമമാകും. '- അദ്ദേഹം പറഞ്ഞു.