
ന്യൂഡൽഹി: സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് റെയിൽവേ മന്ത്രാലയം ആവശ്യപ്പെട്ട വിവരങ്ങൾ കെ റെയിൽ കോർപ്പറേഷൻ നൽകിയിട്ടില്ലെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. സിൽവർ ലൈനിന്റെ ഡി പി ആർ മന്ത്രാലയത്തിന്റെ പരിഗണനയിലാണെന്നും അദ്ദേഹം വ്യക്തമാക്കി. എളമരം കരീം എംപിയുടെ ചോദ്യത്തിനായിരുന്നു മന്ത്രിയുടെ പ്രതികരണം.
അതേസമയം, നേമം കോച്ചിംഗ് ടെർമിനൽ മരവിപ്പിച്ചിരിക്കുകയാണെന്നും റെയിൽവേ മന്ത്രാലയം അറിയിച്ചു. പദ്ധതി താത്ക്കാലികമായി മരവിപ്പിച്ചിരിക്കുകയാണെന്നും തിരുവനന്തപുരത്ത് ടെർമിനൽ വേണോ എന്ന് ദക്ഷിണ റെയിൽവേ വിശദമായ പഠനം നടത്തുകയാണെന്നും മന്ത്രി പാർലമെന്റിൽ പറഞ്ഞു.
ദക്ഷിണ റെയിൽവേയുടെ പഠന റിപ്പോർട്ട് കിട്ടിയ ശേഷമായിരിക്കും വിഷയത്തിൽ തുടർ നടപടി സ്വീകരിക്കുക. കേന്ദ്ര റെയിൽവേ മന്ത്രിയുമായി നേരത്തെ കേരളത്തിലെ ബി ജെ പി നേതാക്കൾ കൂടിക്കാഴ്ച നടത്തിയിരുന്നു. പദ്ധതി പൂർത്തിയാക്കുമെന്ന് മന്ത്രിയിൽ നിന്ന് ഉറപ്പു കിട്ടിയതായി നേതാക്കൾ അറിയിച്ചിരുന്നു.