തിരുവനന്തപുരം: തിരുവനന്തപുരം ആസ്ഥാനമായ പ്രമുഖ ഡെയറി സംരംഭമായ മുരള്യ ഡെയറി പ്രോഡക്‌ട്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഹെൽത്തി ഉത്‌പന്നങ്ങൾ വിപണിയിലെത്തി. പഴവർഗങ്ങൾ ഉപയോഗിച്ചുള്ള സ്‌റ്റിർഡ് ഫ്രൂട്ട് യോഗർട്ട്, ലസ്സി എന്നിവയാണ് മികച്ച ഉപഭോക്തൃശ്രദ്ധ നേടുന്നത്.

സ്‌ട്രോബറി, ബ്ളാക്ക്കറന്റ് ഫ്ളേവറുകളിൽ ഫ്രൂട്ട് യോഗർട്ട് ലഭ്യമാണ്. കേരളത്തിന്റെ തനത് ഫാഷൻഫ്രൂട്ട് ഫ്ളേവറിലും പ്ളെയിൻ ഫ്ളേവറിലും ലസ്സി ലഭിക്കും. പ്രോബയോട്ടിക് തൈര്, സംഭാരം, നെയ്യ് എന്നീ മുരള്യ ഉത്‌പന്നങ്ങളും വിപണിയിലുണ്ട്.

യു.എ.ഇ ആസ്ഥാനമായ എസ്.എഫ്.സി ഗ്രൂപ്പിന്റെ സംരംഭമായ മുരള്യ ഉന്നത ഗുണമേന്മയും നിലവാരവും ശുചിത്വവുമുള്ള പാൽ, തൈര് എന്നിവ അവതരിപ്പിച്ച് 2017ലാണ് വിപണിയിലെത്തിയത്. അന്താരാഷ്‌ട്ര ഗുണനിലവാരമാണ് മുരള്യ ഉത്‌പന്നങ്ങളുടെ മുഖ്യ സവിശേഷതയെന്ന് കമ്പനി ചൂണ്ടിക്കാട്ടുന്നു. 500 ഏക്കറോളമുള്ള മുരള്യയുടെ ഫാമിൽ ഉത്പാദിപ്പിക്കുന്ന പച്ചപ്പുല്ലാണ് പശുക്കളുടെ മുഖ്യ തീറ്റ. തുടർന്ന് ഓട്ടോമാറ്റിക് കറവയന്ത്രം ഉപയോഗിച്ച് കറന്നെടുക്കുന്ന പാൽ ശീതീകരണ യൂണിറ്റിൽ പാസ്‌റ്ററൈസേഷൻ, ഹോമോജനൈസേഷൻ പ്രക്രിയകൾക്ക് വിധേയമാക്കി സൂക്ഷ്‌മാണുക്കളെ കുറയ്ക്കുന്നു.

തിരുവനന്തപുരം കിള്ളിയിൽ പ്രവർത്തിക്കുന്ന പ്ളാന്റിൽ അത്യാധുനിക ജർമ്മൻ സാങ്കേതികയന്ത്രങ്ങളാണ് ഉപയോഗിക്കുന്നത്. പാലിന്റെ സംഭരണം മുതൽ പാക്കേജിംഗ് വരെ കരസ്പർശമേൽക്കാതെ ശുചിത്വം ഉറപ്പാക്കുന്നു. കേരളത്തിൽ ആദ്യമായി പാസ്‌റ്ററൈസ് ചെയ്‌ത ഫ്രഷ് പാൽ 'പെറ്റ്" ബോട്ടിലിൽ വിപണിയിലെത്തിച്ചത് മുരള്യയാണ്. സ്വന്തം ഫാക്‌ടറിയിൽ 'ഹോട്ട് ബ്ളോ" ചെയ്‌തുണ്ടാക്കുന്ന കുപ്പികളിലാണ് പാൽ ലഭ്യമാക്കുന്നത്.