മൂന്നു പതിറ്റാണ്ടു നീണ്ട തയാറെടുപ്പുകൾക്ക് ഒടുവിൽ ഭൂമിയിലെ ഏറ്റവും വലിയ റേഡിയോ ഒബ്സർവേറ്ററിയുടെ നിർമാണം ആരംഭിച്ചിരിക്കുകയാണ്. ആഫ്രിക്കയിലും ഓസ്‌ട്രേലിയയിലുമായി നിർമിക്കുന്ന സ്‌ക്വയർ കിലോമീറ്റർ അറേ അഥവാ എസ്‌കെഎ വിദൂര പ്രപഞ്ചത്തിൽ നിന്നുള്ള റേഡിയോ സിഗ്നലുകൾ കണ്ടെത്താൻ സഹായിക്കും. ഗാലക്സികൾ നിർമിക്കപ്പെട്ടത് എങ്ങനെ. ഇരുണ്ട ദ്രവ്യത്തിന്റെ സവിശേഷതകൾ എന്തെല്ലാമാണ് എന്നതു പോലുള്ള ജ്യോതിശാസ്ത്രജ്ഞർ നേരിടുന്ന പല ചോദ്യങ്ങൾക്കും ഉത്തരം കണ്ടെത്താൻ ഈ പടുകൂറ്റൻ റേഡിയോ ഒബ്സർവേറ്ററിക്ക് സാധിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഏകദേശം മുപ്പത് വർഷത്തിലേറെ നീണ്ട പഠനങ്ങൾക്കൊടുവിലാണ് ഈ റേഡിയോ ഒബ്സർവേറ്ററിയുടെ നിർമാണം ആരംഭിച്ചിരിക്കുന്നത്. ഇതിന്റെ പൂർത്തീകരണത്തിന് ഇനിയും വർഷങ്ങൾ വേണ്ടിവന്നേക്കും.
