
മുടി കൊഴിച്ചിൽ ഒഴിവാക്കാനായി പലരും കെമിക്കലുകൾ ധാരാളം അടങ്ങിയ വില കൂടിയ ക്രീമുകളും ഷാംപൂകളും അടക്കം പരീക്ഷിക്കുന്നത് പതിവാണ്. എന്നാൽ മുടി കൊഴിച്ചിലിന് പിന്നിലെ കൃത്യമായ കാരണം അറിയാതെ ഇത്തരത്തിലുള്ല കെമിക്കലുകൾ ഉപയോഗിക്കുന്നത് ചിലപ്പോൾ മുടി കൊഴിച്ചിലിന്റെ ആക്കം കൂട്ടും. നിത്യ ജീവിതത്തിൽ നാം സ്ഥിരമാക്കുന്ന ചില ശീലങ്ങൾ മുഖേനയും മുടി കൊഴിച്ചിലുണ്ടായേക്കാം. അതിനാൽ ഈ ശീലങ്ങളുടെ നിയന്ത്രണം കൊണ്ട് മുടി കൊഴിച്ചിൽ അധികമായ പണച്ചെലവില്ലാതെ തന്നെ ഒഴിവാക്കാവുന്നതാണ്.
•തൈറോയ്ഡ് പോലുള്ള രോഗങ്ങൾ മുടി കൊഴിച്ചിലിന് കാരണമാകാറുണ്ട്. ചില രോഗങ്ങൾക്കായുള്ള മരുന്ന് കഴിക്കുന്നതും മുടി കൊഴിച്ചിലിന് കാരണമാകുമെന്ന് അറിഞ്ഞിരിക്കുക. ഇത്തരം അവസ്ഥയിൽ രോഗാവസ്ഥയെക്കുറിച്ചും കഴിക്കുന്ന മരുന്നുകളെക്കുറിച്ചും വ്യക്തമായി അറിഞ്ഞിരിക്കാൻ ശ്രമിക്കുക. കൂടാതെ ഡോക്ടറുടെ നിർദേശപ്രകാരമല്ലാതെ മുടി കൊഴിച്ചിലിന് പരിഹാരമായി കുറുക്കു വഴികൾ ഒന്നും പ്രയോഗിക്കാതിരിക്കാനും ശ്രദ്ധിക്കുക
•മുടി കൊഴിച്ചിൽ മാത്രമല്ല പല ആരോഗ്യ പ്രശ്നങ്ങൾക്കും പിന്നിലെ ഒരു കാരണമാണ് പോഷകങ്ങളുടെ കുറവ്. ശരീരത്തിന് ആവശ്യമായ പോഷകങ്ങളായ ബയോട്ടീൻ, അയേൺ, ഒമേഗ ഫാറ്റീ ആസിഡുകൾ എന്നിവയുടെ അഭാവം മുടിയുടെ ആരോഗ്യക്കുറവിലേയ്ക്ക് വഴിവെയ്ക്കും. വൈറ്റമിൻ ഡിയുടെ കുറവും ഇതേ പ്രശ്നത്തിന് കാരണമാകും അതിനാൽ ഇത്തരം പോഷകങ്ങൾ അടങ്ങിയ വിഭവങ്ങൾ നിത്യവും ഭക്ഷണത്തോടൊപ്പം ഉറപ്പാക്കുക.
•കൃത്യമായ അറിവില്ലാതെ മുടിയിൽ നടത്തുന്ന പരീക്ഷണങ്ങളും തെറ്റുകളും പലപ്പോഴും മുടിയുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. പരിധിയിൽ കൂടുതൽ ചൂടേൽപ്പിക്കുന്നതും ചുരുട്ടുന്നതും അധികമായി നീട്ടി വളർത്തുന്നതുമെല്ലാം മുടിയുടെ വേരുകളെ ദുർബലമാക്കും. പോണി ടെയിൽ പോലെ പ്രത്യേക രീതിയിൽ മുടി കെട്ടുന്നത് വഴി മുടി വേരുകൾക്ക് ആയാസം വർദ്ധിക്കുകയും മുടിക്കൊഴിച്ചിലിനും കാരണമാകുകയും ചെയ്യും. ചീർപ്പ് ഉപയോഗിച്ച് മുടി ചീകിയൊതുക്കുന്നതിലും ചീർപ്പ് തിരഞ്ഞെടുക്കുന്നതിൽ വരെ സൂക്ഷ്മത കൈവരിക്കേണ്ടതാണ്.
•ഷാംപൂ, കണ്ടീഷണർ എന്നിവയുടെ ബ്രാൻഡുകൾ ഇടയ്ക്കിടയ്ക്ക് മാറ്റി പരീക്ഷിക്കുന്നതും മുടിയുടെ അവസ്ഥ മനസിലാക്കാതെ ഇവ ഇടയ്ക്കിടെ ഉപയോഗിക്കുന്നതും ഒഴിവാക്കേണ്ട ശീലമാണ്. എണ്ണ പുരട്ടാതിരിക്കുന്നത് മുടിയെ ദുർബലമാക്കാൻ കാരണമാകും. അതോടൊപ്പം തന്നെ എണ്ണ അധികമായി ഉപയോഗിച്ചാലും ഉപയോഗശേഷം കഴുകികളയാതിരിക്കുന്നതും ചൂടിനും വിയർപ്പിനും പൊടിപടലങ്ങൾക്കും കാരണമാകും. മുടി കുളി കഴിഞ്ഞ് ടവലിൽ പൊതിഞ്ഞുകെട്ടുന്നതും മുടി ഉറങ്ങുന്ന സമയത്ത് കോട്ടൺ തലയണ കവറിൽ തട്ടുന്നതും മുടി കൊഴിച്ചിലിന് കാരണമാകും.