
ദോഹ :ഇഞ്ചോടിഞ്ച് ആവേശം കണ്ട ക്വാർട്ടർ ഫൈനലിലെ ഷൂട്ടൗട്ടിൽ ബ്രസീലിനെ 4-2 ന് തോൽപ്പിച്ച് ക്രൊയേഷ്യ സെമിഫൈനലിലെത്തി. റോഡ്രിഗോയും മാർക്വിഞ്ഞോസുമെടുത്ത പെനാൽറ്റികൾ പാഴായതാണ് ബ്രസീലിന് തിരിച്ചടിയായത്.
നിശ്ചിത സമയത്ത് ഗോൾ രഹിത സമനിലയിലായതിനാൽ അധികസമയത്തക്ക് നീണ്ട മത്സരത്തിൽ 105-ാം മിനിട്ടിൽ ഡ്രിബിളിംഗ് മാന്ത്രികത പുറത്തെടുത്ത് നെയ്മർ ബ്രസീലിനെ മുന്നിലെത്തിച്ചെങ്കിലും 116-ാം മിനിട്ടിൽ പെറ്റ്കോവിച്ച് നേടിയ ഗോളി കളി ഷൂട്ടൗട്ടിലേക്ക് നീട്ടുകയായിരുന്നു.നെയ്മർ രാജ്യത്തിനായുള്ള ഗോൾ വേട്ടയിൽ പെലെയുടെ റെക്കാഡിനാെപ്പമെത്തി.
ഗോളടിവീരന്മാരായ ബ്രസീലിനെ അനങ്ങാനാവാതെ പൂട്ടിയാണ് ക്രൊയേഷ്യ ഖത്തർ ലോകകപ്പിലെ ആദ്യ ക്വാർട്ടർ ഫൈനൽ അധിക സമയത്തേക്ക് നീട്ടിയത്. എഡ്യൂക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ ഇരുപകുതികളിലും ഗോളടിക്കാനുള്ള ബ്രസീലിയൻ ശ്രമങ്ങളെ സമർത്ഥമായി മറികടക്കുകയായിരുന്നു കഴിഞ്ഞ ലോകകപ്പിലെ റണ്ണർ അപ്പുകൾ.
പ്രീക്വാർട്ടറിൽ ദക്ഷിണ കൊറിയക്കെതിരെ ഇറങ്ങിയ അതേ ഇലവനെ തന്നെയാണ് ബ്രസീൽ പരിശീലകൻ ടിറ്റെ കളത്തിലിറക്കിയത്. മറുവശത്ത് ക്രൊയേഷ്യ ജപ്പാനെതിരെ ഇറങ്ങിയ ഇലവനിൽ രണ്ട് മാറ്റങ്ങൾ വരുത്തി. ലെഫ്റ്റ് വിംഗറായി സോസ തിരിച്ചെത്തിയപ്പോൾ ബരിസിച്ചിന് സ്ഥാനം നഷ്ടമായി. മുന്നേറ്റത്തിൽ പെറ്റ്കോവിച്ചിന് പകരം പസാലിച്ചിനും ക്രൊയേഷ്യൻ കോച്ച് ഡാലിച്ച് അവസരം നൽകി.
റിച്ചാർലിസണെ പ്രധാന സ്ട്രൈക്കറാക്കി തൊട്ടുപിന്നിൽ നെയ്മറും വിംഗുകളിൽ വിനീഷ്യസും റാഫീഞ്ഞയും അണിനിരന്ന് 4-2-3-1 ശൈലിയിലാണ് ബ്രസീൽ കളത്തിലിറങ്ങിയത്. സെന്റർ സ്ട്രൈക്കറായി ക്രമാറിച്ചും വിങ്ങുകളിൽ പസാലിച്ചിനേയും പെരിസിച്ചിനേയും ഇറക്കി 4-3-3 ശൈലിയിലായിരുന്നു ക്രൊയേഷ്യയെ ഡാലിച്ച് വിന്യസിച്ചത്.
ബ്രസീലിനെ ഞെട്ടിക്കുന്ന പ്രകടനമാണ് ആദ്യ പകുതിയിൽ പ്ലേമേക്കർ ലൂക്ക മൊഡ്രിച്ചിന്റെ നേൃത്വത്തിൽ ക്രൊയേഷ്യ പുറത്തെടുത്തത്. മത്സരത്തിൽ ഇരുടീമും അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും വലകുലുക്കാനായില്ല. ബ്രസീൽ മൂന്ന് ഷോട്ടുകൾ ടാർജറ്റിലേക്ക് തൊടുത്തു. പാസിംഗിലും പൊസഷനിലും ഇരുടീമും ഏറെക്കുറെ ഒപ്പത്തിനൊപ്പമായിരുന്നു. ഇന്നലെ എഡ്യൂക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ ഇരുപകുതികളിലും ഗോളടിക്കാനുള്ള ബ്രസീലിയൻ ശ്രമങ്ങളെ സമർത്ഥമായി മറികടന്നാണ് കഴിഞ്ഞ ലോകകപ്പിലെ റണ്ണർ അപ്പുകളായ ക്രൊയേഷ്യ മത്സരം എക്സട്രാ ടൈമിലേക്ക് നീട്ടിയത്.
പ്രീ ക്വാർട്ടറിൽ ആദ്യ 36 മിനിട്ടുകൾക്കകം നാലുഗോളുകൾ നേടിയിരുന്ന ബ്രസീലിനെ അമ്പരപ്പിക്കുന്ന പ്രകടനമാണ് ഇന്നലെ ആദ്യ പകുതിയിൽ ക്രൊയേഷ്യ പുറത്തെടുത്തത്. ക്രൊയേഷ്യയുടെ ശക്തമായ പ്രതിരോധത്തിന് മുന്നിൽ പതിവ് താളത്തിലേക്ക് ഉയരാൻ നെയ്മറും വിനീഷ്യസും റിച്ചാർലിസണുമൊക്കെ പരിശ്രമിച്ചിട്ടും ബ്രസീലിന് കഴിഞ്ഞില്ല. ആദ്യ പകുതി അവസാനിക്കുമ്പോഴേക്കും ബാൾ പൊസഷനിൽ ബ്രസീലിനുണ്ടായിരുന്ന മുൻതൂക്കവും കൊയേഷ്യ കയ്യടക്കിയിരുന്നു.
വഴിയടയ്ക്കുന്ന പ്രതിരോധത്തെ തകർക്കാൻ ബ്രസീൽ രണ്ടാം പകുതിയിൽ യുവതാരം ആന്റണിയെ പരീക്ഷിച്ചു. പിന്നാലെ വിനീഷ്യസിനെ മാറ്റി റോഡ്രിഗോയെ ഇറക്കിയതും ചലനങ്ങൾ സൃഷ്ടിച്ചില്ല. ക്രൊയേഷ്യൻ ഗോളി ലിവാകോവിച്ചിന്റെ മിന്നുന്ന സേവുകളും ബ്രസീലിന് വിലങ്ങുതടിയായി മാറി.
12-ാം മിനിട്ടിൽ ക്രൊയേഷ്യയ്ക്ക് ലീഡ് നേടാനുള്ള സുവർണാവസരം ലഭിച്ചെങ്കിലും പെരിസിച്ച് നഷ്ടമാക്കി. വലതുവിംഗിലൂടെ ജുരാനോവിച്ച് നടത്തിയ വേഗത്തിലുള്ള നീക്കമാണ് ക്രൊയേഷ്യയ്ക്ക് ഗോൾ പ്രതീക്ഷ നൽകിയത്. ജുരാനോവിച്ചിൽ നിന്ന് കിട്ടിയ പന്ത് സ്വീകരിച്ച് പസാലിച്ച് ബ്രസീലിയൻ ബോക്സിലേക്ക് കൊടുത്ത ക്രോസ് കണക്ട് ചെയ്യാൻ പെരിസിച്ചിന്കഴിയാതെ പോവുകയായിരുന്നു. തൊട്ടുപിന്നാലെ അലിസൺന്റെ പിഴവിൽ നിന്ന് കിട്ടിയ പന്തിൽ മൊഡ്രിച്ച് നടത്തിയ നീക്കവും ലക്ഷ്യം കണ്ടില്ല. താളം കണ്ടെത്തിയ ബ്രസീലും ക്രൊയേഷ്യൻ ബോക്സിലേക്ക് ആക്രമണങ്ങൾ നയിച്ചു. 25-ാം മിനിട്ടിൽ ജുരാനോവിച്ചിനെ ഫൗൾ ചെയ്തതിന് ബ്രസീലിന്റെ ഡാനിലോയും 31-ാം മിനിട്ടിൽ നെയ്മറെ വീഴ്ത്തിയതിന് ക്രൊയേഷ്യയുടെ ബ്രോസോവിച്ചും മഞ്ഞക്കാർഡ് കണ്ടു.
42-ാം മിനിട്ടിൽ വിനീഷ്യസിനെ പെനാൽറ്റി ബോക്സിന് തൊട്ടുവെളിയിൽ വച്ച് ബ്രസോവിച്ച് വീഴ്ത്തിയതിന് ബ്രസീലിന് അനുകൂലമായി ഫ്രീകിക്ക് ലഭിച്ചു. എന്നാൽ നെയ്മറെടുത്ത ഫ്രീകിക്ക് ക്രൊയേഷ്യൻ പ്രതിരോധത്തിൽ ചെറുതായി തട്ടിയെങ്കിലും ഗോളി ലിവാകോവിച്ച് കൃത്യമായി കൈകളിലൊതുക്കുകയായിരുന്നു.