
റിയാദ്: സൗദിയിൽ കനത്ത മഴ മുന്നറിയിപ്പുമായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും അടുത്ത ആഴ്ചയുടെ അവസാനം വരെ മഴ ലഭിക്കുമെന്നാണ് അറിയിപ്പ്. മഴയ്ക്ക് പുറമേ കാറ്റിനും ഇടിമിന്നലിനും ആലിപ്പഴം വീഴ്ചയ്ക്കും സാദ്ധ്യതയുള്ളതിനാൽ റോഡുകളിലെ ദൂരക്കാഴ്ച അടക്കം കുറഞ്ഞ് അപകട സാഹചര്യമുണ്ടാകുമെന്ന് അധികൃതർ വ്യക്തമാക്കി.
കൂടാതെ മഴ വെള്ലം കെട്ടി നിൽക്കുന്ന പ്രദേശങ്ങളിൽ നിന്നും പൊതുജനം അപകടം ഒഴിവാക്കാനായി അകലം പാലിക്കണമെന്നും വിവിധ വാർത്താ മാദ്ധ്യമങ്ങൾ വഴി അധികൃതർ സമയാസമയം നൽകുന്ന അറിയിപ്പുകൾക്ക് കൃത്യമായ ശ്രദ്ധ ചെലുത്തണമെന്നും സൗദിയുടെ ഔദ്യോഗിക വാർത്താ ഏജൻസി പുറത്തിറക്കിയ പ്രസ്താവനയിലൂടെ അറിയിച്ചു.
ഹായിൽ, അൽ ഖസീം എന്നിവടങ്ങളിലടക്കം രാജ്യത്തെ ഒട്ടുമിക്ക ഗവർണറേറ്റുകളിലും വെള്ളിയാഴ്ചയും ശനിയാഴ്ചയും മഴയ്ക്ക് സാദ്ധ്യതയുണ്ട്. റിയാദ് മേഖലയിലെ സുല്‍ഫി, ശര്‍ഖ, മജ്‍മഅ, റമഃ, അല്‍ ദവാദിമി, അഫിഫ്, അല്‍ മുസാഹിമിയ, അല്‍ ഖുവൈയ, അല്‍ ഖര്‍ജ് ഗവര്‍ണറേറ്റുകൾ, കിഴക്കന്‍ പ്രവിശ്യയില്‍ ജുബൈല്‍, നൈറിയ, ഖത്തീഫ്, ദമ്മാം, ദഹ്റാന്‍, അല്‍ ഖോബാര്‍, അബ്ഖൈഖ്, അല്‍ അഹ്‍സ എന്നിവിടങ്ങളിലും മഴ പെയ്യും.