
ദോഹ : ഇഞ്ചോടിഞ്ച് ആവേശം കണ്ട ക്വാർട്ടർ ഫൈനലിലെ ഷൂട്ടൗട്ടിൽ ബ്രസീലിനെ 4-2 ന് തോൽപ്പിച്ച് ക്രൊയേഷ്യ ലോകകപ്പ് സെമി ഫൈനലിലെത്തി. മറ്റൊരു ഷൂട്ടൗട്ടിൽ ഹോളണ്ടിനെ 4-3ന് തോൽപ്പിച്ച അർജന്റീനയാണ് സെമിയിൽ ക്രൊയേഷ്യയുടെ എതിരാളികൾ.
നിശ്ചിത സമയത്ത് 0-0ത്തിനും അധികസമയത്ത് 1-1നും സമനിലയായതോടെയാണ് ബ്രസീലും ക്രൊയേഷ്യയും തമ്മിലുള്ള ക്വാർട്ടർ ഫൈനൽ ഷൂട്ടൗട്ടിലേക്ക് നീണ്ടത്.ഷൂട്ടൗട്ടിൽ റോഡ്രിഗോയും മാർക്വിഞ്ഞോസുമെടുത്ത പെനാൽറ്റികൾ പാഴായതാണ് ബ്രസീലിന് തിരിച്ചടിയായത്. കഴിഞ്ഞ ലോകകപ്പിലേതുപോലെ ഇത്തവണയും പ്രീ ക്വാർട്ടറിലും ക്വാർട്ടറിലും ഷൂട്ടൗട്ടിൽ വിജയിച്ചാണ് ക്രൊയേഷ്യ സെമിയിലെത്തുന്നത്.
35-ാം മിനിട്ടിൽ നൗഹൽ മൊളിനയും 73-ാം മിനിട്ടിൽ ഒരു പെനാൽറ്റിയിൽ നിന്ന് മെസിയും നേടിയ ഗോളുകൾക്ക് മുന്നിലെത്തിയിരുന്ന അർജന്റീനയെ 83-ാം മിനിട്ടിലും ഇൻജുറി ടൈമിന്റെ പത്താം മിനിട്ടിലും ഗോൾ നേടിയ വെഗോസ്റ്റിലൂടെ ഹോളണ്ട് സമനിലയിൽ തളച്ച് കളി എക്സട്രാടൈമിലേക്കും ഷൂട്ടൗട്ടിലേക്കും നീട്ടി. ഗോളി മാർട്ടിനെസ് രണ്ട് കിക്ക് തടുത്താണ് അർജന്റീനയെ വിജയിപ്പിച്ചത്.