
കൊല്ലം: എത്ര കണ്ടാലും മതിവരാത്ത അത്ഭുതം തന്നെയാണ് ആന. കേരളത്തിൽ ആനപ്രേമികൾക്ക് പഞ്ഞമില്ലാത്തതും അതുകൊണ്ടുതന്നെ. തലയെടുപ്പും ഗാംഭീര്യവും കൊണ്ട് ആളെ മയക്കുന്ന ഗജവീരന്മാർ നിരവധിയാണല്ലോ. പാപ്പാന്റെ കണ്ണൊന്നു തെറ്റിയാൽ കുറുമ്പ് കാണിക്കുന്ന കറുമ്പന്മാരും ധാരാളം. അത്തരത്തിലൊരു രംഗം അടുത്തിടെ പന്മന സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ നടക്കുകയുണ്ടായി. അമ്പലത്തിലെ ആനയായ ശരവണനാണ് കുറുമ്പ് കാട്ടിയത്. ഫോട്ടോ ഷൂട്ടിനായി എത്തിയ വധൂവരന്മാർക്ക് നേരെയായിരുന്നു ശരവണന്റെ കുസൃതി.
ഫോട്ടോ ഷൂട്ട് പൂർത്തിയാക്കി മടങ്ങവെ വധുവിന്റെയും വരന്റെയും നേർക്ക് ശരവണൻ ഓലമടൽ എടുത്ത് എറിയുകയായിരുന്നു. വരനായ ജയശങ്കറിന്റെ തോളിൽ ഉരസിയാണ് അത് കടന്നുപോയത്. ആദ്യമൊന്ന് പരിഭ്രമിച്ചെങ്കിലും ശരവണനെ കുഞ്ഞുനാൾ മുതൽ അറിയാവുന്ന ഗ്രീഷ്‌മയ‌്ക്ക് ഭയമൊന്നും തോന്നിയില്ല. ഗ്രീഷ്‌മയുടെ അച്ഛൻ റിട്ടയേർഡ് ക്യാപ്‌ടൻ രാധാകൃഷ്‌ണൻ ഉൾപ്പെട്ട ക്ഷേത്രം ഉപദേശക സമിതി വർഷങ്ങൾക്ക് മുമ്പ് പന്മനക്ഷേത്രത്തിൽ നടക്കിരുത്തിയതാണ് ശരവണനെ. അന്നുമുതൽ ഗ്രീഷ്‌മയ‌്ക്കും കളിക്കൂട്ടുകാരനായിരുന്നു ഈ കുറുമ്പൻ. പലപ്പോഴും വീട്ടിൽ എത്താറുള്ള ശരവണന് ഗ്രീഷ്‌മ തന്നെയാണ് ഭക്ഷണം കൊടുക്കാറുള്ളതും.
ഇക്കഴിഞ്ഞ ഡിസംബർ അഞ്ചാം തീയതിയായിരുന്നു ഗ്രീഷ്‌മയുടെയും ദുബായിൽ സോഫ്‌റ്റ്‌വേയർ എഞ്ചിനീയർ ആയ ജയശങ്കറിന്റെയും വിവാഹം. കൊല്ലത്തെ പ്രാക്കുളത്തുള്ള നാച്ചോ വെഡ്ഡിംഗ്‌സിനായിരുന്നു വീഡിയോഗ്രാഫിയുടെ ചുമതല. സാധാരണ ശരവണനെ കാണാൻ പോകുമ്പോൾ അവന് കൊടുക്കാൻ കൈയിൽ എന്തെങ്കിലും കരുതാറുണ്ടെന്നും ഇത്തവണ അത് മറന്നതുകൊണ്ടായിരിക്കാം കുറുമ്പ് കാട്ടിയതെന്നുമാണ് രാധാകൃഷ്‌ണൻ പറയുന്നത്.
2007ൽ 18 ലക്ഷം രൂപയ‌്ക്കാണ് നാട്ടുകാർ ചേർന്ന് ശരവണനെ പന്മന ക്ഷേത്രത്തിൽ നടയ‌്ക്കിരുത്തിയത്. തീർത്തും ശാന്ത സ്വഭാവിയായ ശരവണന്റെ അടുത്ത് കൊച്ചുകുട്ടികൾക്കും ഭയമില്ലാതെ പോകാം. വൈക്കത്ത് അഷ്‌ടമിക്ക് ഭഗവാന്റെ തങ്കത്തിടമ്പ് ഏറ്റിയതും ശരവണനായിരുന്നു. അയ്യന്റെ തിടമ്പേറ്റാൻ ശബരിമലയിലും പലതവണയെത്തി.

ലക്ഷണമൊത്ത ഗജവീരൻ
1999ൽ അഞ്ച് വയസുള്ളപ്പോൾ അസാമിൽ നിന്നാണ് ശരവണനെ കേരളത്തിലേക്ക് കൊണ്ടുവരുന്നത്. സൂര്യദേവൻ എന്നായിരുന്നു ആദ്യത്തെ പേര്. പിന്നീട് കൊട്ടാരക്കരയിലെത്തിയ ഇവൻ പുത്തൂർ മണികണ്‌ഠനായി മാറി. അവിടെ നിന്നും വവ്വാക്കാവിലെത്തി വവ്വാക്കാവ് മണികണ്‌ഠനായി തീർന്നു. 2007ൽ പന്മന സുബ്രഹ്മണ്യന് മുന്നിൽ നടക്കിരുന്നതോടെയാണ് പന്മന ശരവണൻ എന്ന് പേര് കിട്ടിയത്.
10 അടിയോളം ഉയരമുണ്ട് ഈ കരിവീരന്. കരിവീട്ടിയുടെ നിറമുള്ള ശരവണൻ എല്ലാ ലക്ഷണവുമൊത്ത ഗജവീരൻ തന്നെയാണ്. കോലം കയറ്റിയാൽ ഇറക്കുന്നത് വരെ തല ഉയർത്തിപ്പിടിച്ചു നിൽക്കുക എന്നതാണ് ശരവണന്റെ ശീലം.