oats

ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്ന മിക്കവാറും പേരും നേരിടുന്ന പ്രശ്നമാണ് കൃത്യമായി ഡയറ്റ് പാലിക്കുകയെന്നത്. വ്യായാമം മുടങ്ങാതെ ചെയ്യുമെങ്കിലും പലർക്കും ഡയറ്റ് പ്ളാൻ അധികനാൾ തുടർന്നുകൊണ്ടുപോകാൻ സാധിക്കാറില്ല. എണ്ണയിൽ വറുത്തതും മധുരമുള്ളതും മറ്റും ഒഴിവാക്കി ഡയറ്റ് കൺട്രോൾ ചെയ്യുന്നത് മിക്കവർക്കും പെട്ടെന്ന് മടുക്കും. ആരോഗ്യപ്രദമായ ഭക്ഷണം വ്യത്യസ്ത രുചിയിൽ പരീക്ഷിച്ച് മടുപ്പ് ഒഴിവാക്കുകയാണ് ഇതിനുള്ള പ്രധാന പരിഹാരം. അത്തരത്തിൽ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഹെൽത്തിയായ രുചികരമായ ഒരു ബ്രേക്ക് ഫാസ്റ്റ് പരീക്ഷിച്ച് നോക്കിയാലോ? 'ഓ‌ട്‌സ് വെജി ദോശ'യാണ് ആ സ്‌പെഷ്യൽ വിഭവം.

ആവശ്യമായ ചേരുവകൾ

ഒരു കപ്പ് ഓട്‌സ്

ഒന്നര കപ്പ് വെള്ളം

ഒരു തക്കാളി അരിഞ്ഞത്

പകുതി സവാള അരിഞ്ഞത്

ജീരകം

മുളകുപൊടി

ഉപ്പ്

തയ്യാറാക്കുന്ന വിധം

ഒരു കപ്പ് ഓട്‌സ് ഒരു പാത്രത്തിൽ എടുത്ത് ഒന്നര കപ്പ് വെള്ളമൊഴിച്ചുവച്ച് അരമണിക്കൂർ മാറ്റിവച്ച് കുതിർത്തെടുക്കണം. ഇത് മിക്‌സി ജാറിലേയ്ക്ക് മാറ്റി ഒരു തക്കാളി അരിഞ്ഞത്, പകുതി സവാള അരിഞ്ഞത്, അര സ്‌പൂൺ ജീരകം, അര സ്‌പൂൺ മുളകുപൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി അരച്ചെടുക്കണം. ഇത് ദോശപോലെ പരത്തി ഉണ്ടാക്കിയെടുക്കാം. അടിവശം നല്ലപോലെ മൊരിഞ്ഞതിനുശേഷം മാത്രം മറിച്ചിടാൻ ശ്രദ്ധിക്കണം. ഇത് ചമ്മന്തിയോ മറ്റ് കറികളോ ഉപയോഗിച്ച് കഴിക്കാം.