messi

നെതർലാൻഡ്‌സിനെതിരായുള്ള ഫിഫ ലോകകപ്പ് ക്വാർട്ടർ ഫൈനൽ മത്സരത്തിനിടെ ഫു‌ട്‌ബോൾ ഇതിഹാസം ഡീഗോ മറഡോണയുടെ സാന്നിദ്ധ്യം അർജന്റീന ടീമിന് അനുഭവപ്പെട്ടതായി ലയണൽ മെസി. നെതർലാൻഡ്‌സിനെ 4-3ന് കീഴടക്കി അർജന്റീന സെമിയിൽ എത്തിനിൽക്കുകയാണ്.

'സ്വർഗത്തിലിരുന്നു ഡീഗോ ഞങ്ങളെ കാണുകയാണ്. അദ്ദേഹം ഞങ്ങളെ മുന്നോട്ട് തള്ളിവിടുന്നു. അവസാനം വരെയും ഇങ്ങനെത്തന്നെ തുടരണമെന്ന് ആഗ്രഹിക്കുകയാണ്' എന്നായിരുന്നു മത്സരശേഷമുള്ള മെസിയുടെ വാക്കുകൾ.

ഇഞ്ചോടിഞ്ച് ആവേശപോരാട്ടം കണ്ട ക്വാർട്ടർ ഫൈനലിലെ ഷൂട്ടൗട്ടിൽ ബ്രസീലി​നെ 4-2 ന് തോൽപ്പി​ച്ച് ക്രൊയേഷ്യയും ലോകകപ്പ് സെമി ഫൈനലി​ലെത്തി നിൽക്കുകയാണ്​. ഷൂട്ടൗട്ടിലൂടെ ഹോളണ്ടിനെ തോൽപ്പിച്ച അർജന്റീനയാണ് സെമിയിൽ ക്രൊയേഷ്യയുടെ എതിരാളികൾ.

35-ാം മിനിട്ടിൽ നൗഹൽ മൊളിനയും 73-ാം മിനിട്ടിൽ ഒരു പെനാൽറ്റിയിൽ നിന്ന് മെസിയും നേടിയ ഗോളുകൾക്ക് മുന്നിലെത്തിയിരുന്ന അർജന്റീനയെ 83-ാം മിനിട്ടിലും ഇൻജുറി ടൈമിന്റെ പത്താം മിനിട്ടിലും ഗോൾ നേടിയ വെഗോസ്റ്റിലൂടെ ഹോളണ്ട് സമനിലയിൽ തളച്ച് കളി എക്സട്രാടൈമിലേക്കും ഷൂട്ടൗട്ടിലേക്കും നീട്ടി. ഗോളി മാർട്ടിനെസ് രണ്ട് കിക്ക് തടുത്താണ് അർജന്റീനയെ വിജയിപ്പിച്ചത്.