
തിരുവനന്തപുരം: മുസ്ലിം ലീഗ് വിഷയത്തിൽ എം വി ഗോവിന്ദൻ, മുഖ്യമന്ത്രി പിണറായി വിജയനെ തിരുത്തിയിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ലീഗിനെ യു ഡി എഫിൽ നിന്ന് അടർത്താനുള്ള വെള്ളം വാങ്ങിവച്ചേക്കാനും, മുന്നണിയിൽ അപസ്വരങ്ങളില്ലെന്നും സതീശൻ പറഞ്ഞു. തൃശൂരിൽ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം എം വി ഗോവിന്ദന്റെ അഭിപ്രായത്തെ തുടർന്ന് മുസ്ലീം ലീഗ് പ്രതികരണവുമായി രംഗത്ത് വന്നിട്ടുണ്ട്. ലീഗ് യു ഡി എഫിന്റെ അവിഭാജ്യ ഘടകമാണെന്ന് പാണക്കാട് സാദിഖലി തങ്ങൾ പറഞ്ഞു. ലീഗ് വർഗീയ പാർട്ടിയല്ലെന്നത് യാഥാർത്ഥ്യമാണെന്നും എം വി ഗോവിന്ദൻ പറഞ്ഞത് ക്ഷണമായി കാണുന്നില്ലെന്നും സാദിഖലി തങ്ങൾ പ്രതികരിച്ചു.
ലീഗ് വർഗീയ കക്ഷിയല്ലെന്നും മികച്ച ജനാധിപത്യ പാർട്ടിയെന്നും എം വി ഗോവിന്ദൻ ഇന്നലെ പറഞ്ഞത് എൽ ഡി എഫിലേയ്ക്കുള്ള ക്ഷണമാണെന്ന് പ്രചരണങ്ങൾ ഉയർന്നിരുന്നു. എന്നാൽ കരുതലോടെയാണ് ഇക്കാര്യത്തിൽ ലീഗ് പ്രതികരണം. എം വി ഗോവിന്ദന്റെ പ്രസ്താവനയ്ക്ക് മറ്റ് വ്യാഖാനം നൽകേണ്ടന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഏകീകൃത സിവിൽകോഡിൽ കോൺഗ്രസ് ശ്രദ്ധിക്കണം. വഹാബിന്റെ രാജ്യസഭയിലെ വിമർശനം പോസിറ്റീവായി കണ്ടാൽ മതിയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.