
ഭർത്താവിന് ബിയർ വാങ്ങാൻ പോയ യുവതി മടങ്ങിയെത്തിയത് കോടികളുടെ ഭാഗ്യവുമായി. യു എസിലെ മേരിലാൻഡ് ബാൾട്ടിമോർ സ്വദേശിനിയായ ഇസബെൽ സാന്റോവലിനാണ് (35) ഭാഗ്യദേവതയുടെ കടാക്ഷം ലഭിച്ചത്. സ്ഥിരമായി ലോട്ടറി എടുക്കുമായിരുന്നു ഇസബെൽ. എന്നാൽ ഭാഗ്യം തുണയ്ക്കാതെ വന്നതോടെ ലോട്ടറി എടുക്കുന്ന ശീലത്തോട് വിടപറഞ്ഞിരുന്നു.
രണ്ട് ദിവസം മുൻപ് ഭർത്താവിന് ബിയർ വാങ്ങി മടങ്ങുമ്പോഴാണ് ഒരു തവണ കൂടി ഭാഗ്യം പരീക്ഷിക്കാൻ തോന്നുന്നത്. മടിച്ചുമടിച്ചാണെങ്കിലും ലോട്ടറി എടുക്കുകയും ചെയ്തു. ഇത്തവണ ഇസബെല്ലിന് നിരാശയാകേണ്ടി വന്നില്ല. 25,0000 ഡോളറിന്റെ ( രണ്ട് കോടിയിലേറെ ഇന്ത്യൻ രൂപ) ഒന്നാംസമ്മാനമാണ് അവർക്ക് ലഭിച്ചത്. ഇസബെല്ലിന് ടിക്കറ്റ് വിറ്റ ഏജന്റിനും വലിയൊരു തുക കമ്മീഷനായി ലഭിക്കും.
വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് താനെടുത്ത ടിക്കറ്റിന് ഒന്നാം സമ്മാനം അടിച്ചതായി ഇസബെൽ മനസിലാക്കുന്നത്. എന്നാൽ വിശ്വാസം വരാതെ ഭർത്താവിനെയും കൂട്ടി ലോട്ടറി ഓഫീസിലെത്തി സ്ഥിരീകരിച്ചതോടെയാണ് ഭാഗ്യം തേടിയെത്തിയത് ഇസബെൽ ഉറപ്പിക്കുന്നത്.
സമ്മാനത്തുകയുടെ ഒരുഭാഗം അമ്മയെ സഹായിക്കാൻ ഉപയോഗിക്കണമെന്നാണ് ഇസബെല്ലിന്റെ ആഗ്രഹം. കുറച്ച് തുക വീട്ടിലെ ആവശ്യങ്ങൾക്കായി ഉപയോഗിക്കണമെന്നും കുറച്ച് തുക യാത്രകൾ പോകാനായി ചെലവഴിക്കണമെന്നും അഞ്ച് കുട്ടികളുടെ അമ്മ കൂടിയായ ഇസബെൽ പറയുന്നു.