golden-jackal

കോട്ടയം: മുണ്ടക്കയത്ത് പഞ്ചായത്ത് അംഗത്തെ കുറുനരി ആക്രമിച്ചു. കോട്ടയം മുണ്ടക്കയം ഒന്നാം വേലനിലം വാ‌ർഡ് അംഗം ജോമി തോമസിനെയാണ് കുറുനരി ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ജോമിയെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

ഇന്ന് പുലർച്ചെയായിരുന്നു സംഭവം. റബ്ബർ വെട്ടാൻ വീടിന് പുറത്തേക്ക് ഇറങ്ങിയതായിരുന്നു ജോമി. ഈ സമയം വീടിന്റെ വരാന്തയിൽ വച്ച് അദ്ദേഹത്തെ കുറുനരി ആക്രമിക്കുകയായിരുന്നു. ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് ജോമിയെ രക്ഷിച്ചത്. നാട്ടുകാരെയും കുറുനരി ആക്രമിച്ചു. ഇതോടെ നാട്ടുകാർ കുറുനരിയെ തല്ലിക്കൊല്ലുകയായിരുന്നു. ഇതിന് പേവിഷബാധയുണ്ടോയെന്ന് സംശയമുണ്ട്.

ജോമിയുടെ ശരീരത്തിൽ മുപ്പതോളം മുറിവുകളാണുള്ളത്. ആദ്യം കാലിനാണ് കടിയേറ്റത്. തടയാൻ ശ്രമിക്കുന്നതിനിടെ മറ്റ് ഭാഗങ്ങളിലും കടിയേൽക്കുകയായിരുന്നു.