k-muraleedharan

ഒരുമിച്ചു നിന്നാൽ മൂന്നര വർഷം കഴിഞ്ഞ് കേരളത്തിൽ അധികാരത്തിൽ എത്താൻ യുഡിഎഫിന് കഴിയുമെന്ന് കെ മുരളീധരൻ എം.പി. ഭരണം പിടിക്കാൻ കഴിയുമെന്നതിന്റെ ലക്ഷണങ്ങൾ കാണുന്നുണ്ടെന്നും മുരളീധരൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. കോൺഗ്രസിൽ എല്ലാ കാലത്തും ആശയപരമായ സംഘർഷം ഉണ്ടായിരുന്നു. അവശേഷിക്കുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാൻ നാളെ രാഷ്ട്രീയകാര്യ സമിതിയോഗം ചേരുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കോൺഗ്രസിനെ ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ലീഗിനെ സിപിഐഎം മുന്നണിയിൽ നിന്ന് അടർത്തിമാറ്റാൻ ശ്രമിക്കുന്നതെന്ന് കെ മുരളീധരൻ ആരോപിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ ലീഗ് പരാമർശം വളരെ ഗൗരവത്തോടെയാണ് കാണേണ്ടത്. മുസ്ലിം ലീഗ് വർഗീയപ്പാർട്ടിയാണെന്ന് ആറ് മാസം മുൻപ് വരെ സിപിഎം പറഞ്ഞിരുന്നുവെന്ന് മുരളീധരൻ ഓർമ്മിപ്പിച്ചു.

രാജ്യസഭയിൽ ഏക സിവിൽ കോഡ് ചർച്ചയിൽ ആരൊക്കെ സംസാരിച്ചുവെന്നത് വ്യക്തമാണ്. ആമുഖ ഘട്ടത്തിൽ തന്നെ മൂന്ന് കോൺഗ്രസ് അംഗങ്ങൾ അതിനെ വിമർശിച്ചു. വഹാബിന്റെ ഭാഗത്ത് നിന്ന് അങ്ങിനെയൊരു പരാമർശം വരാനുണ്ടായ സാഹചര്യം തനിക്കറിയില്ലെന്ന് കെ മുരളീധരൻ പറഞ്ഞു.

ഗവർണർമാരുടെ ഊരുചുറ്റൽ സ്ഥിരം പരിപാടിയാണ്. കേരള ഗവർണർ വർഷത്തിൽ 150 ദിവസം സംസ്ഥാനത്തില്ല. ഗോവ ഗവർണർ കേരളത്തിൽ തന്നെയാണ്. എന്താണ് ഗവർണർമാരുടെ ജോലി. ഇത് മുൻകാലങ്ങളിലില്ലാത്ത ചീത്ത കീഴ്‌വഴക്കമാണെന്നും മുരളീധരൻ കുറ്റപ്പെടുത്തി.