mv-govindan

തിരുവനന്തപുരം: ലീഗിനെ പ്രശംസിച്ചതിൽ വിശദീകരണവുമായി സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. മുസ്ലിം ലീഗ് ജനാധിപത്യ പാർട്ടിയാണെന്ന് അഭിപ്രായപ്പെട്ട എം വി ഗോവിന്ദൻ വർഗീയതക്കെതിരെ കൂട്ടായ്മ വേണമെന്നും അല്ലാതെ രാഷ്ട്രീയ കൂട്ടുകെട്ടല്ല വേണ്ടതെന്നും കൂട്ടിച്ചേർത്തു. എൽ ഡി എഫിലേയ്ക്ക് ആരെയും ക്ഷണിച്ചിട്ടില്ല. മുസ്ലിം ലീഗ് എടുക്കുന്ന നിലപാട് ഇന്നത്തെ കേരള രാഷ്ട്രീയ സാഹചര്യത്തിൽ യു ഡി എഫ് എടുക്കുന്ന നിലപാടുകളിൽ നിന്ന് വ്യത്യസ്തമാണ്. ആ കാര്യമാണ് താൻ ചുണ്ടിക്കാട്ടിയതെന്നും അദ്ദേഹം പറഞ്ഞു.

സമീപകാലത്ത് മുസ്ലിം ലീഗ് എടുത്ത പ്രധാനപ്പെട്ട ചില നിലപാടുകൾ മതനിരപേക്ഷതയ്ക്ക് അനുകൂലമാണ്. ഗവ‌ർണറുടെ കാവിവത്കരണ നിലപാടിലും വിഴിഞ്ഞം സമരത്തെ വർഗീയവത്കരിക്കുന്ന നിലപാടിനെ കുറിച്ചായാലും മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്നതാണ് ലീഗ് സ്വീകരിച്ച നിലപാടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം എം വി ഗോവിന്ദന്റെ ആദ്യ അഭിപ്രായത്തിന് മറുപടിയായി മുസ്ലീം ലീഗ് രംഗത്ത് വന്നിരുന്നു. ലീഗ് യു ഡി എഫിന്റെ അവിഭാജ്യ ഘടകമാണെന്ന് പാണക്കാട് സാദിഖലി തങ്ങൾ പറഞ്ഞു. ലീഗ് വർഗീയ പാർട്ടിയല്ലെന്നത് യാഥാർത്ഥ്യമാണെന്നും എം വി ഗോവിന്ദൻ പറഞ്ഞത് ക്ഷണമായി കാണുന്നില്ലെന്നും സാദിഖലി തങ്ങൾ പ്രതികരിച്ചു.

എം വി ഗോവിന്ദന്റെ പ്രസ്താവനയ്ക്ക് മറ്റ് വ്യാഖ്യാനം നൽകേണ്ടെന്ന് പാ‌ർട്ടി ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞു. ഏകീകൃത സിവിൽകോഡിൽ കോൺഗ്രസ് ശ്രദ്ധിക്കണം. വഹാബിന്റെ രാജ്യസഭയിലെ വിമർശനം പോസിറ്റീവായി കണ്ടാൽ മതിയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കൂടാതെ ഈ വിഷയത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവും രംഗത്ത് വന്നിരുന്നു. ലീഗിനെ യു ഡി എഫിൽ നിന്ന് അടർത്താനുള്ള വെള്ളം വാങ്ങിവച്ചേക്കാനും, മുന്നണിയിൽ അപസ്വരങ്ങളില്ലെന്നും സതീശൻ അറിയിച്ചിരുന്നു.