
മുന്നേറ്റത്തിൽ സാക്ഷാൽ നെയ്‌മറിൽത്തുടങ്ങി ക്രോസ്ബാറിന് കീഴിൽ ഏറ്റവും വിലയേറിയ ഗോൾ കീപ്പർ അലിസൺ വരെ നീളുന്ന ലോകോത്തര താരനിര... ഫിഫ റാങ്കിംഗിലെ ഒന്നാം സ്ഥാനക്കാർ...ലാറ്റിനമേരിക്കയിൽ നിന്ന് ഖത്തറിലേക്ക് ടിക്കറ്റെടുത്ത ആദ്യ ടീം...ഇത്തവണ കിരീടം ഉയർത്താൻ ഏറ്റവും യോഗ്യർ എന്ന് കളിയെഴുത്തുകാരും നിരൂപകരും ആരാധകരുമെല്ലാം ഒരേപോലെ വിശ്വസിച്ച ബ്രസീൽ പക്ഷേ ക്വാർട്ടറിൽ ക്രോട്ടുകളുടെ അടങ്ങാത്ത പോരാട്ട വീര്യത്തിന് മുന്നിൽ കാലിടറി വീണത് കണ്ട് വിശ്വസിക്കാനാകാതെ തരിച്ചിരുന്നു ഫുട്ബാൾ ലോകം.
ഗ്രൂപ്പ് ജിയിലെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് ഗ്രൂപ്പ് ചാമ്പ്യൻമാരായി നോക്കൗട്ട് ഉറപ്പിച്ച ബ്രസീൽ അവസാന മത്സരത്തിൽ കാമറൂണിനോട് 1-0ത്തിന് തോറ്റെങ്കിലും ലോകകപ്പ് ടീമിലെ 26 പേർക്കും കളിക്കാൻ അവസരം കൊടുത്ത് കൈയടി നേടിയാണ് പ്രീക്വാർട്ടറിൽ ദക്ഷിണ കൊറിയയെ നേരിടാനെത്തിയത്. ദക്ഷിണ കൊറിയക്കെതിരെ പതിവ് മികവിലേക്കുയർന്ന ബ്രസീൽ ലാറ്റിനമേരിക്കൻ കേളീശൈലിയുടെ സൗന്ദര്യം മുഴുവൻ ലോകത്തിന് കാട്ടിക്കൊടുത്ത് 4-1ന്റെ മികച്ച ജയവുമായാണ് ക്വാർട്ടറിലേക്ക് മാർച്ച് ചെയ്തത്.
എന്നാൽ ക്വാർട്ടറിൽ നിലവിലെ റണ്ണറപ്പുകളായ ക്രൊയേഷ്യ ബ്രസീലിനെ ലൂക്ക മൊഡ്രിച്ച് എന്ന മിഡ്ഫീൽഡ് ജനറലിന്റെ നേതൃത്വത്തിൽ ബ്രസീലിനെ വരച്ച വരയിൽ നിറുത്തുകയായിരുന്നു. പതിനൊന്നോളം ഷോട്ടുകൾ ടാർജറ്റിലേക്ക് തൊടുത്ത ബ്രസീലിന് മുന്നിൽ വൻമതിൽ തീർത്ത ക്രൊയേഷ്യൻ ഗോളി ഡൊമിനിക്ക് ലിവാക്കോവിച്ച് പിന്നീട് പെനാൽറ്റി ഷൂട്ടൗട്ടിലും ജപ്പനെതിരെ പുറത്തെടുത്ത മികവ് തുടർന്നപ്പോൾ കാനറികൾ ചിറകറ്ര് വീഴുകയായിരുന്നു.
ബ്രസീലിന്റെ പിഴവുകൾ
നെയ്മർ എക്സ്ട്രാ ടൈമിലെ ആദ്യ പകുതിയിലെ അവസാന നിമിഷം നേടിയ മാസ്മരിക ഗോളിലൂടെ ലീഡ് നേടിയിട്ടും പ്രതിരോധം മറന്ന് ആക്രമിക്കാൻ പോയ പിഴവിന് ബ്രസീൽ വലിയ വിലകൊടുക്കേണ്ടി വരികയായിരുന്നു. സ്ഥാനം തെറ്രിയ പ്രതിരോധത്തെ അനായാസം നിഷ്പ്രഭമാക്കി 117-ാം മിനിട്ടിൽ കൗണ്ടർ അറ്റാക്കിനൊടുവിൽ ബ്രൂണോ പെറ്റ്കോവിച്ച് വലകുലുക്കിയതോടെ ക്രൊയേഷ്യയുടെ ആഗ്രഹം പോലെ മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടു. ബ്രസീലിന്റെ പ്രതിരോധ നിരയുടെ പ്രായക്കൂടുതലും ദൗർബല്യവും ക്രൊയേഷ്യ തുറന്നുകാട്ടുകയായിരുന്നു.
നെയ്‌മറേയും കസെമിറോയേയും തിയാഗൊ സിൽവയേയും പോലുള്ള പരിചയ സമ്പന്ന രുണ്ടായിരുന്നെങ്കിലും പെനാൽറ്റി ഷൂട്ടൗട്ടിൽ നിർണായകമായ ആദ്യ കിക്കെടുക്കാൻ ഇരുപത്തിയൊന്ന് വയസ് മാത്രം പ്രായമുള്ള സമ്മർദ്ദങ്ങൾ കൈകാര്യം ചെയ്തിട്ടില്ലാത്ത റോഡ്രിഗോയെ വിട്ടത് ടിറ്റെയ്ക്ക് പറ്റിയ പിഴവാണെന്ന് വിമർശനമുയരുന്നുണ്ട്. ഇത്രയും മികച്ച വൈവിദ്ധ്യമുള്ള ടീമിനെ ഫലപ്രദമായി ഉപയോഗിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ലെന്നും വിലയിരുത്തലുകളുണ്ട്. ക്രൊയേഷ്യയ്ക്കെതിരെ അദ്ദേഹത്തിന്റെ സബ്സ്‌റ്റിറ്റ്യൂഷനുകളും പാളി.
നന്നായി വലതുവിംഗിൽ കളിച്ചിരുന്ന മിലിറ്റാവോയെ പിൻവലിച്ചതും ഒരു മഞ്ഞക്കാർഡുൾപ്പെടെ കണ്ട് നിൽക്കുന്ന ഡാനിലോയെ ഇടതുവിംഗിൽ നിന്ന് വലതുവിംഗിലേക്ക് മാറ്രിയതും തിരിച്ചടിച്ചു. ആ വിംഗിൽ നിന്നായിരുന്നു ക്രൊയേഷ്യയുടെ സമനില ഗോളിന്റെ പിറവി. റഫീഞ്ഞയ്ക്ക് പകരമെത്തിയ ആന്റണിയും ഇംപാക്റ്റ് ഉണ്ടാക്കിയില്ല. ഫാബീഞ്ഞോ ബഞ്ചിലുണ്ടായിട്ടും ഫ്രെഡിനെ ഇറക്കിയതും തിരിച്ചടിച്ചു.
ക്രെയേഷ്യയുടെ വിജയ രഹസ്യം
ബ്രസീലിന്റെ കരുത്തുറ്റ മുന്നേറ്ര നിരയിലേക്ക് പന്തെത്തുന്ന വേരുകൾ കൃത്യമായി മുറിക്കാൻ ക്രൊയേഷ്യയ്ക്കായി.മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീട്ടുകയെന്ന അവരുടെ പദ്ധതി കൃത്യമായി താരങ്ങൾ കളിക്കളത്തിൽ നടപ്പാക്കി വിജയിപ്പിച്ചു. പ്രായം കൂടുംതോറും വീര്യമേറുന്ന ലൂക്ക മൊഡ്രിച്ച് പ്രതിരോധത്തിലേക്കിറങ്ങിയും ആക്രമിച്ചും കളികൃത്യമായി നിയന്ത്രിച്ചു.
ലിവാക്കോവിച്ച് ക്രോസ് ബാറിന് കീഴിൽ വീണ്ടും സൂപ്പർമാനായി.
ഒരു ഗോൾ വഴങ്ങിയിട്ടും ഒട്ടും സമ്മർദ്ദമില്ലാതെ കളിച്ച് തിരിച്ചടിക്കാനും പെനാൽറ്രി ഷൂട്ടൗട്ട് ഒരു പതർച്ചയുമില്ലാതെ കൈകാര്യം ചെയ്യാനുമായി.