ആയിഷയും തുനിവുമായി ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ

ഇന്ത്യൻ സിനിമാ ലോകത്തെ ആറു താര രാജാക്കന്മാരുടെ ചിത്രങ്ങളുടെ റിലീസിന് ഒരുങ്ങി ജനുവരി. എല്ലാ ഭാഷയിലെയും സൂപ്പർ സ്റ്റാറുകളുടെ ചിത്രങ്ങൾ റിലീസ് ചെയ്യുന്നതിന്റെ ആവേശത്തിലാണ് ആരാധകർ. മലയാളത്തിന്റെ താരരാജാവ് മമ്മൂട്ടിയുടെ ക്രിസ്റ്റഫർ, തെലുങ്ക് ചിത്രം ഏജന്റ് എന്നീ ചിത്രങ്ങൾ ജനുവരിയിൽ എത്തും. ഇടവേളയ്ക്കുശേഷം മമ്മൂട്ടിയും സംവിധായകൻ ബി. ഉണ്ണിക്കൃഷ്ണനും ഒരുമിക്കുന്ന ക്രിസ്റ്റഫറിൽ സ്നേഹ, അമല പോൾ, ഐശ്വര്യ ലക്ഷ്‌മി എന്നിവരാണ് നായികമാർ. മൂന്നുവർഷത്തിനുശേഷം മമ്മൂട്ടി തെലുങ്കിൽ അഭിനയിക്കുന്ന ഏജന്റ് സുരേന്ദർ റെഡ്ഡിയാണ് രചനയും സംവിധാനവും നിർവഹിക്കുന്നത്. യുവതാരം അഖിൽ അക്കിനേനിയാണ് നായകൻ. തമിഴകത്ത് വിജയ്‌യുടെയും അജിത്തിന്റെയും ചിത്രങ്ങൾ പൊങ്കൽ റിലീസായി ജനുവരി 12ന് ഏറ്റുമുട്ടും. വംശി പൈഡിപ്പള്ളി സംവിധാനം ചെയ്യുന്ന വാരിസ് എന്ന വിജയ് ചിത്രത്തിൽ രശ്മിക മന്ദാനയാണ് നായിക. തമിഴിന് പുറമെ തെലുങ്കിലും ഹിന്ദിയിലും ഒരേസമയം റിലീസ് ചെയ്യും. അജിത് നായകനാവുന്ന തുനിവ് എന്ന ചിത്രത്തിൽ മഞ്ജു വാര്യർ ആണ് നായിക. എച്ച്. വിനോദ് ആണ് സംവിധാനം . ബോളിവുഡിലെ കിംഗ് ഖാൻ ഷാരൂഖ് ഖാനെ നായകനാക്കി സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന പത്താൻ ജനുവരി 25ന് റിലീസ് ചെയ്യും. ഷാരൂഖ് ഖാനും ദീപിക പദുകോണുംഉൾപ്പെടുന്ന ചിത്രത്തിലെ ഗാനരംഗം വൻവിവാദമായിട്ടുണ്ട്.ജോൺ എബ്രഹാമും പ്രധാന വേഷത്തിൽ എത്തുന്നു. യാഷ് രാജ് ഫിലിംസ് ആണ് നിർമ്മാണം. തെലുങ്ക് സൂപ്പർ സ്റ്റാർ നന്ദമുരി ബാലകൃഷ്ണയെ നായകനാക്കി ഗോപിചന്ദ് മലിനേനി സംവിധാനം ചെയ്യുന്ന വീരസിംഹ റെഡ്ഡി ജനുവരി 12ന് തിയേറ്ററുകളിൽ എത്തും. ശ്രുതി ഹാസനാണ് നായിക. ദുനിയ വിജയ്, വരലക്ഷ‌്‌മി ശരത് കുമാർ എന്നിവരാണ് മറ്റ് താരങ്ങൾ. ഇതുവരെ കാണാത്ത മാസ് ഗെറ്റപ്പിലാണ് ചിത്രത്തിൽ നന്ദമുരി ബാലകൃഷ്ണ എത്തുന്നതിനാൽ ആരാധകർ വൻപ്രതീക്ഷ പുലർത്തുന്നു.തെലുങ്കിലെ മറ്റൊരു സൂപ്പർ സ്റ്റാർ ചിരഞ്ജീവിയുടെ വാൾട്ടയർ വീരയ്യ ജനുവരി 13ന് റിലീസ് ചെയ്യും. കെ.എസ്. രവീന്ദ്ര സംവിധാനം ചെയ്യുന്ന ചിത്രം മാസ് ആക്‌ഷൻ എന്റർടെയ്‌നറാണ്. ശ്രുതി ഹാസനാണ് നായിക. മൈത്രി മൂവി മേക്കേഴ്‌സിന്റെ ബാനറിലാണ് നിർമാണം. മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ആയിഷ എന്ന മലയാള- അറബിക് ചിത്രം നവാഗതനായ ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്നു. പൂർണമായും ഗൾഫിൽ ചിത്രീകരിച്ച കുടുംബ ചിത്രമാണ് ആയിഷ.