
കയ്യാങ്കളിയുടെ വക്കിലെത്തിയ ക്വാർട്ടർ ഫൈനൽ ഷൂട്ടൗട്ടിൽ ഹോളണ്ടിനെതോൽപ്പിച്ച് അർജന്റീന സെമിയിൽ
രണ്ട് ഗോളിന് ലീഡ് ചെയ്ത ശേഷം അർജന്റീന സമനില വഴങ്ങി, ഷൂട്ടൗട്ടിൽ രണ്ട് കിക്കുകൾ സേവ് ചെയ്ത് എമിലിയാനോ രക്ഷകനായി
അർജന്റീനയും ക്രൊയേഷ്യയും തമ്മിലുള്ള സെമിഫൈനൽ ചൊവ്വാഴ്ച രാത്രി 12.30ന്
നിശ്ചിത സമയം 2-2
അധിക സമയം 2-2
ഷൂട്ടൗട്ട് 4-2
ദോഹ: കളിയും കയ്യാങ്കളിയും ഗോളടിയും തിരിച്ചടിയും മഞ്ഞക്കാർഡുകളും ബഹളവും ഷൂട്ടൗട്ടും ഒക്കെച്ചേർന്ന് ഒരു തട്ടുപൊളിപ്പൻ ത്രില്ലർ സിനിമ പോലെ ആരാധകരെ ത്രസിപ്പിച്ച ക്വാർട്ടർ ഫൈനലിനാെടുവിൽ നാടകീയ വിജയം നേടി ലയണൽ മെസിയുടെ അർജന്റീന ലോകകപ്പ് സെമിഫൈനലിൽ ഇടം പിടിച്ചു.
കഴിഞ്ഞ രാത്രി ലുസൈൽ സ്റ്റേഡിയത്തിൽ ഹോളണ്ടിനെതിരെ ആദ്യ പകുതിയിൽ മൊളീന നേടിയ ഗോളിനും 83-ാം മിനിട്ടിൽ മെസിയുടെ പെനാൽറ്റി വഴി രണ്ടുഗോളുകൾക്കും ലീഡു ചെയ്തുനിന്ന അർജന്റീനയെ പകരക്കാരനായി ഇറങ്ങിയ വൗട്ട് വെഗോസ്റ്റ് 11 മിനിട്ട് നീണ്ട ഇൻജുറി ടൈമിന്റെ അവസാന സെക്കൻഡിൽ നേടിയ രണ്ടാം ഗോളിന് സമനിലയിൽ പിടിച്ചതോടെയാണ് കളി അമികസമയത്തേക്കും ഷൂട്ടൗട്ടിലേക്കും നീണ്ടത്. ഇതിനിടയിൽ കളത്തിലുണ്ടായിരുന്നവരും സൈഡ് ബെഞ്ചിലിരുന്നവരും തമ്മിൽതല്ല് തുടങ്ങിയതോടെ തലങ്ങും വിലങ്ങും മഞ്ഞക്കാർഡ് വീശിയ റഫറിയുടെ താണ്ഡവവും കണ്ടു.
ഷൂട്ടൗട്ടിൽ ഹോളണ്ടിന്റെ ആദ്യ രണ്ട് കിക്കുകളും തടുത്തിട്ട ഗോളി എമിലിയാനോ മാർട്ടിനെസ് അർജന്റീനയ്ക്ക് ആവേശം പകർന്നു. അർജന്റീനയ്ക്കായി ആദ്യ മൂന്ന് കിക്കുകളെടുത്ത മെസി,പരേഡേസ്,മൊണ്ടിയേൽ എന്നിവർ പന്ത് വലയിലെത്തിച്ചപ്പോൾ നാലാം കിക്കെടുത്ത എൻസോയ്ക്ക് മാത്രമാണ് പിഴച്ചത്. എന്നാൽ അഞ്ചാം കിക്കെടുത്ത ലൗതാരോ മാർട്ടിനെസ് വലകുലുക്കിയതോടെ അർജന്റീന വിജയാരവം മുഴക്കി.
മറ്റൊരു ലാറ്റിനമേരിക്കൻ ശക്തിയായ ബ്രസീലിനെ ഷൂട്ടൗട്ടിൽ കീഴടക്കിയെത്തിയ കഴിഞ്ഞ ലോകകപ്പിലെ റണ്ണർഅപ്പ് ക്രൊയേഷ്യയെയാണ് സെമിയിൽ മെസിയും സംഘവും നേരിടേണ്ടത്. ലുസൈൽ സ്റ്റേഡിയത്തിൽ ചൊവ്വാഴ്ച രാത്രി പന്ത്രണ്ടരയ്ക്കാണ് മത്സരം തുടങ്ങുന്നത്.
ഗോളുകൾ ഇങ്ങനെ
1-0
35-ാം മിനിട്ട്
നഹുവ മൊളീന
മദ്ധ്യനിരയിൽ നിന്ന് വന്ന പന്ത് മെസി തോളിൽ സ്വീകരിച്ച് മുന്നോട്ടോടിക്കയറി സൂചിയിൽ നൂൽകോർക്കുന്ന കൃത്യതയോടെ ബോക്സിനുള്ളിൽ നിന്ന മൊളീനയ്ക്ക് നൽകുന്നു. തടുക്കാൻ നിന്ന ഡേൽ ബ്ളിൻഡിനെ കബളിപ്പിച്ച് മൊളീന ഉതിർത്ത ഷോട്ട് ഗോളി നോപ്പർട്ടിനെയും കടന്ന് വലയിൽ.
2-0
73-ാം മിനിട്ട്
മെസി
ബോക്നിനുള്ളിൽ കടന്നുകയറിയ അക്യുനയെ ഡച്ച് ഡിഫൻഡർ ഡംഫ്രീസ് കാൽവച്ച് വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി തെറ്റായ ദിശയിലേക്ക് ചാടിയ നോർപ്പർട്ടിനെ നിഷ്പ്രഭനാക്കി മെസി വലയിലേക്ക് ഉരുട്ടിക്കയറ്റിവിട്ടു.
2-1
83-ാം മിനിട്ട്
വൗട്ട് വെഗോസ്റ്റ്
ബെർഗോയ്സ് വളച്ചടിച്ചുനൽകിയ ഒരു ക്രോസ് തലകൊണ്ട് കുത്തി വലയിലേക്കിടുകയായിരുന്നു വാഗോസ്റ്റ് .
2-2
90+11-ാം മിനിട്ട്
വൗട്ട് വെഗോസ്റ്റ്
കൂപ്പ്മൈനേഴ്സ് വലയ്ക്കരികിലേക്ക് തട്ടിവിട്ട പന്ത് ചെറിയ ഒരു ടച്ചിലൂടെ വെഗോസ്റ്റ് ഗോളാക്കി.
ഷൂട്ടൗട്ടിലെ കളി
ഹോളണ്ടിന്റെ ആദ്യ കിക്കെടുക്കാനെത്തിയ നായകൻ വിർജിൽ വാൻഡിക്കിന്റെ ഷോട്ട് ഒരു മുഴുനീള ഡൈവിലൂടെ എമിലിയാനോ തട്ടിക്കളയുന്നു.
മെസി അർജന്റീനയുടെ ആദ്യ കിക്ക് നിഷ്പ്രയാസം വലയ്ക്കുള്ളിൽ നിക്ഷേപിച്ചു.
ബെർഗോയ്സ് എടുത്ത ഹോളണ്ടിന്റെ അടുത്ത കിക്കും എമിലിയാനോ മറ്റൊരു ഡൈവിലൂടെ തട്ടിക്കളഞ്ഞു.
പരേഡേസിന്റെ ചാട്ടുളികിക്ക് വലയിലേക്ക് കയറിയതോടെ അർജന്റീന 2-0ത്തിന് മുന്നിൽ.
കൂപ്പ്മൈനേഴ്സിന്റെ കിക്ക് ഭാഗ്യത്തിന് വലയിൽ കയറിയതോടെ ഹോളണ്ടിന് ആശ്വാസം.
മോണ്ടിയേൽ അർജന്റീനയ്ക്കായി വീണ്ടും വലകുലുക്കി. മറുവശത്ത് വെഗോസ്റ്റും സ്കോർ ചെയ്തു.
അർജന്റീനയുടെ നാലാം കിക്ക് എൻസോ പാഴാക്കി. ലൂക്ക് ഡിയോംഗ് ഹോളണ്ടിന്റെ അഞ്ചാം കിക്ക് ഗോളാക്കിയപ്പോൾ സ്കോർ 3-3.
അർജന്റീനയുടെ അവസാന കിക്ക് ലൗതാരോ മാർട്ടിനെസ് വലയിലെത്തിച്ചതോടെ 4-3ന് മെസിപ്പടയ്ക്ക് വിജയം.
എമിലിയാനോയെ ചേർത്തുപിടിച്ച് മെസി
സഹതാരങ്ങൾ അവസാന കിക്ക് വലയിലാക്കിയ ലൗതാരോയുടെ അടുത്തേക്ക് ഓടിആഘോഷം തുടങ്ങിയപ്പോൾ മെസി നേരേ പോയത് ഗോളി എമിലിയാനോ മാർട്ടിനസിനടുത്തേക്കാണ്. ഗോളിയെ ചേർത്തുപിടിച്ചായിരുന്നു മെസിയുടെ ആഘോഷം.
അടിയുടെ തുടക്കം
76-ാം മിനിട്ടിൽ ലിസാൻഡ്രോ മാർട്ടിനെസ് ഒരു ഫൗളിന് ശേഷം പന്ത് ഹോളണ്ടിന്റെ സൈഡ് ബെഞ്ചിലേക്ക് അടിച്ചു. ഹോളണ്ട് താരങ്ങളും ലിസാൻഡ്രോയും തമ്മിൽ പിടിവലിയായി. ഇതോടെ അവിടെയിരുന്ന ഹോളണ്ട്താരങ്ങളും കളത്തിലേക്ക് ഇറങ്ങി.കയ്യാങ്കളിയിലേക്ക് നീങ്ങിയതോടെ റഫറി ലിസാൻഡ്രോയ്ക്ക് മഞ്ഞക്കാർഡ് നൽകി. ഇതോടെ രണ്ടു ടീമംഗങ്ങളും തമ്മിലുള്ള ഉരസലുകൾ തുടർക്കഥയായി.
കോപാകുലനായി മെസി
സാധാരണ തന്നെ എത്ര പ്രകോപിപ്പിച്ചാലും സൗമ്യത കൈവിടാത്ത മെസി ക്വാർട്ടറിൽ പലതവണ രോഷാകുലനായി. മത്സരത്തിന് മുന്നേ വാക്പയറ്റ് തുടങ്ങിയിരുന്ന ഡച്ചുകാരുടെ മുന്നിൽ കളി ജയിച്ചശേഷം ആഘോഷപ്രകടനത്തിനും മെസിയെത്തി. റഫറിയോടും ഉടക്കി.
5
ലോകകപ്പിൽ ഏറ്റവും കൂടുതൽ ഷൂട്ടൗട്ടുകളിൽ വിജയിക്കുന്ന ടീമായി അർജന്റീന. നേരിട്ട ആറാമത്തെ ഷൂട്ടൗട്ടിൽ അർജന്റീനയുടെ അഞ്ചാം വിജയമായിരുന്നു ഇത്.
4
ഇത് നാലാം തവണയാണ് അർജന്റീന ക്വാർട്ടറിൽ വിജയം കാണുന്നത്. മുമ്പ് മൂന്ന് തവണയും(1986,1990,2014) അർജന്റീന സെമിയിൽ തോൽക്കാതെ ഫൈനലിലെത്തിയിരുന്നു.
2
ഇത് രണ്ടാം തവണയാണ് ഷൂട്ടൗട്ടിൽ ഹോളണ്ട് അർജന്റീനയോട് തോൽക്കുന്നത്.2014ലെ സെമിയിലായിരുന്നു ആദ്യ തോൽവി. ഇതിന് പ്കരം വീട്ടുമെന്ന് വീമ്പുപറഞ്ഞാണ് ഡച്ച് കോച്ച് വാൻഗാൽ എത്തിയത്.